06 July Monday

രാഷ്ട്രപിതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ ആള്‍ക്കല്ലെങ്കില്‍ ബിജെപി ഭരണത്തില്‍ പിന്നെയാര്‍ക്ക്‌ ഭാരതരത്നം ലഭിക്കും: തോമസ്‌ ഐസക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ ആള്‍ക്കല്ലെങ്കില്‍ ബിജെപി ഭരണത്തില്‍ പിന്നെയാര്‍ക്കാണ്‌ ഭാരതരത്നം ലഭിക്കുകയെന്ന്‌ ഡോ.തോമസ്‌ ഐസക്‌. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാൽ സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്‌. ഭീരുത്വത്തിന് ഭാരതരത്നം കൊടുത്ത് ആദരിക്കാനാണ്‌ ബിജെപി പദ്ധതിയിടുന്നത്‌. ഗാന്ധിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയ ആള്‍ക്കല്ലാതെ വേറെയാർക്കാണ്‌ ബിജെപി ഭരണത്തില്‍  ഭാരതരത്നം ലഭിക്കുകയെന്നും തോമസ്‌ ഐസക്ക്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ ചോദിച്ചു.

  ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കലും ഏത്തമിടലുമൊക്കെ തുടര്‍പരിപാടിയായി വെച്ചു നടത്തിയ ആളാണ് സവര്‍ക്കര്‍. രാഷ്ട്രീയാധികാരമുപയോഗിച്ച് ഭീരുവിനെ വീരനാക്കുന്ന കലാപരിപാടിയുടെ അജണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്‌. എത്രതന്നെ വെളുപ്പിക്കാന്‍ ശ്രമിച്ചാലും ചരിത്രമുള്ളടത്തോളം കാലം സവര്‍ക്കറുടെ ഭീരുത്വം ലോകം മറക്കില്ലെന്നും തോമസ്‌ ഐസക്ക്‌  പറഞ്ഞു.  ശിക്ഷയെ എക്കാലവും  സവര്‍ക്കര്‍ക്ക് ഭയമായിരുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യമല്ല, തന്‍റെ സ്വാതന്ത്ര്യമായിരുന്നു എന്നും സവര്‍ക്കര്‍ക്കു മുഖ്യം. ആന്തമാനിലെ ജയിലില്‍ സഹതടവുകാര്‍ നിരാഹാര സമരം നടത്തിയപ്പോള്‍ ബ്രിട്ടീഷുകാരുടെ അപ്രീതിയെ ഭയന്ന് ആ സമരത്തില്‍ നിന്ന് സവർക്കർ മാറിനിന്നിട്ടുണ്ട്. പ്രായാധിക്യമുള്ള തടവുകാര്‍ പോലും ജയിലില്‍ സമരത്തിനിറങ്ങിയപ്പോള്‍ ഒഴി‍ഞ്ഞു നില്‍ക്കുക എന്ന വഴിയാണ് സവർക്കർ സ്വീകരിച്ചത്.

  ബ്രിട്ടീഷുകാരന്‍ ബലം പ്രയോഗിച്ചു നല്‍കിയ ആഹാരം പോലും സ്വീകരിക്കാന്‍ വിസമ്മതിച്ചു മരണം വരിച്ച ധീരന്മാര്‍ക്കിടയിലാണ്, ഒരു കൈ കൊണ്ട് മാപ്പും മറുകൈ കൊണ്ട് സ്വന്തം വീരത്വ സര്‍ട്ടിഫിക്കറ്റുമെഴുതി സവര്‍ക്കര്‍ വേറിട്ടു നിന്നതെന്നും തോമസ്‌ ഐസക്‌ കുറിച്ചു.  നിരന്തരമായി അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ സമര്‍പ്പിച്ചു.  എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാമെന്ന് മുട്ടുകുത്തി സത്യം ചെയ്തപ്പോഴാണ് അവര്‍ കനിഞ്ഞത്. 1924ല്‍ പുറത്തിറങ്ങിയതിനുശേഷം ഹിന്ദു മഹാസഭയുണ്ടാക്കി വര്‍ഗീയ ചേരിതിരിവിന് നിരന്തരമായി ശ്രമിച്ചുവെന്നതല്ലാതെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ കാര്യമായി പങ്കെടുത്തതിന് തെളിവുകളൊന്നുമില്ലെന്നും ഐസക്ക്‌ ഫേസ്‌ബുക്കിൽ കുറിച്ചു. ഇങ്ങനെയൊരു കഥാപാത്രത്തിന് ഭാരതരത്നം കൊടുക്കാന്‍ ആലോചിക്കുന്ന സ്ഥിതിയ്ക്ക്, അടുത്തത് ഗോഡ്സെയ്ക്കല്ലേയെന്നും ഐസക്ക്‌ ചോദിക്കുന്നു.


 
തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം...


ഭീരുത്വത്തിന് ഭാരതരത്നം കൊടുത്ത് ആദരിക്കാന്‍ ബിജെപിയ്ക്ക് പ്ലാനുണ്ടത്രേ. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ ജയിപ്പിച്ചാല്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന കൊടുക്കുമെന്നാണ് പ്രകടനപത്രികയിലെ ഭീഷണി. അതു വഴി ആ ബഹുമതി ലഭിച്ച എല്ലാ ഇന്ത്യാക്കാരെയും അപഹസിക്കാമല്ലോ. സവര്‍ക്കറെ എങ്ങനെയും ഗാന്ധിജിയ്ക്കു മുകളില്‍ കയറ്റിയിരുത്തിയേ അടങ്ങൂ എന്നാണ് വാശി.  ഗാന്ധിജിയെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് സവര്‍ക്കറെ അറസ്റ്റു ചെയ്തിരുന്നു.   കേവലം സാങ്കേതികകാരണങ്ങളാലാണ് ശിക്ഷയില്‍ നിന്ന് രക്ഷപെട്ടത്. രാഷ്ട്രപിതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ ആള്‍ക്കല്ലെങ്കില്‍ പിന്നെയാര്‍ക്കാണ് ബിജെപി ഭരണത്തില്‍ ഭാരതരത്നം ലഭിക്കേണ്ടത്? അല്‍പം താമസിച്ചു പോയെന്നേയുള്ളൂ. 

രാഷ്ട്രീയാധികാരമുപയോഗിച്ച് ഭീരുവിനെ വീരനാക്കുന്ന കലാപരിപാടിയുടെ അജണ്ട പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് തുടര്‍ എപ്പിസോഡുകളെക്കുറിച്ചും ആലോചനയാവാം.  ഗാന്ധിജിയെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികള്‍ക്കും കൂട്ടഭാരതരത്നം കൊടുത്താലോ?  എന്തൊക്കെ ചെയ്താലും സംഘികളേ,  ചരിത്രമുള്ളടത്തോളം കാലം സവര്‍ക്കറുടെ ഭീരുത്വം ലോകം മറക്കില്ല. നിങ്ങളെത്ര എത്രതന്നെ വെളുപ്പിക്കാന്‍ ശ്രമിച്ചാലും.

 ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കലും ഏത്തമിടലുമൊക്കെ തുടര്‍പരിപാടിയായി വെച്ചു നടത്തിയ ആളാണ് സവര്‍ക്കര്‍. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതുപോലെ, താനൊരു വീരനാണെന്ന് അദ്ദേഹം സ്വയമൊരു സര്‍ട്ടിഫിക്കറ്റുമെഴുതി കഴുത്തില്‍ത്തൂക്കി. അങ്ങനെയാണ് വിനായക് സവര്‍ക്കര്‍ വീര സവര്‍ക്കറായത്. മേപ്പടിയാനെ വീരനെന്നു വിളിച്ചത് ആരാണ്... ടിയാന്‍ തന്നെ.   ഏച്ചുകെട്ടിയ ആ വീരത്വം എന്നും ചരിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. എഴുത്തും വായനയും അറിയുന്നവര്‍ക്ക് ആ സത്യം മനഃപ്പാഠമാണ്. അക്ഷരവൈരികള്‍ക്ക് അദ്ദേഹം വീരനും.

 ഈ വീരന്‍റെ ബലഹീനതയായിരുന്നു, മാപ്പപേക്ഷ. എല്ലാക്കാലത്തും. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാരോടായിരുന്നു മാപ്പപേക്ഷയെങ്കില്‍, ശേഷം നമ്മുടെ സര്‍ക്കാരിനോടായി. ഗാന്ധിജിയെ വധിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായപ്പോഴും സവര്‍ക്കര്‍ ഈ അടവ് പുറത്തെടുത്തു. ബോംബെ ആര്‍തര്‍ റോഡിലുള്ള ജയിലില്‍ കഴിയവെ അന്നത്തെ പോലീസ് കമ്മിഷണര്‍ക്ക് 1948 ഫെബ്രുവരി 22ന് എഴുതിയ കത്തിലെ വാഗ്ദാനം കുപ്രസിദ്ധമാണ്.  കേസില്‍ വിട്ടയച്ചാല്‍ രാഷ്ട്രീയവും മതപരവുമായ എല്ലാ പൊതുവേദികളില്‍ നിന്നും എത്രകാലത്തേയ്ക്കു വേണമെങ്കിലും താനൊഴിഞ്ഞു നില്‍ക്കാമെന്നായിരുന്നു ആ ഏത്തമിടല്‍. (I shall refrain from taking part in any communal or political public activity for any period the government may require in case I am released on that condition). എക്സിബിറ്റ് നമ്പര്‍ D/104 എന്ന നമ്പരില്‍ കോടതിരേഖകളുടെ ഭാഗമാണ് ഈ  വാഗ്ദാനം.

 ശിക്ഷയെ എക്കാലവും  സവര്‍ക്കര്‍ക്ക് ഭയമായിരുന്നു. ഭീരുത്വത്തിന്‍റെ പുരാരേഖയാണ് ആ മാപ്പപേക്ഷകളോരോന്നും.  രാജ്യത്തിന്‍റെ സ്വാതന്ത്ര്യമല്ല, തന്‍റെ സ്വാതന്ത്ര്യമായിരുന്നു എന്നും സവര്‍ക്കര്‍ക്കു മുഖ്യം. ആന്തമാനിലെ ജയിലില്‍ സഹതടവുകാര്‍ നിരാഹാര സമരം നടത്തിയപ്പോള്‍ ബ്രിട്ടീഷുകാരുടെ അപ്രീതിയെ ഭയന്ന് ആ സമരത്തില്‍ നിന്ന് മാറിനിന്നിട്ടുണ്ട്, മാപ്പപേക്ഷാ കാര്യവാഹക്. പ്രായാധിക്യമുള്ള തടവുകാര്‍ പോലും ജയിലില്‍ സമരത്തിനിറങ്ങിയപ്പോള്‍ ഒഴി‍ഞ്ഞു നില്‍ക്കുക എന്ന വഴിയാണ് ജി സ്വീകരിച്ചത്.

 ഏതാണ്ട് എണ്‍പതിനായിരത്തോളംപേരെ ബ്രിട്ടീഷുകാര്‍ ആന്തമാന്‍ ജയിലില്‍ അടച്ചു എന്നാണ് കണക്ക്. അപൂര്‍വം പേരെ ജീവനോടെ തിരിച്ചുവന്നിട്ടുള്ളൂ. ക്രൂരമായ മരണമാണ് പലര്‍ക്കും ബ്രിട്ടീഷുകാര്‍ വിധിച്ചത്.  1868ല്‍ ഇരുനൂറിലേറെ തടവുകാര്‍ ജയില്‍ ചാടി. എല്ലാവരും പിടിക്കപ്പെട്ടു. അതില്‍ 88 പേരെ കൂട്ടത്തോടെ തൂക്കിക്കൊന്നു. ജയിലില്‍ നിരാഹാരം നടത്തിയവരെ ബലം പ്രയോഗിച്ച് ഭക്ഷണം കയറ്റി കൊന്നിട്ടുണ്ട്. ഭഗത് സിംഗിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന മഹാവീര്‍ സിംഗൊക്കെ ഇങ്ങനെ കൊല്ലപ്പെട്ടവരാണ്. പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തവരുണ്ട്. അവരാരും മാപ്പിന്‍റെ ഗണഗീതം പാടി  നട്ടെല്ലു വളച്ചു പുറത്തിറങ്ങുക എന്ന അടവു സ്വീകരിക്കാന്‍ തയ്യാറായില്ല. ബ്രിട്ടീഷുകാരന്‍ ബലം പ്രയോഗിച്ചു നല്‍കിയ ആഹാരം പോലും സ്വീകരിക്കാന്‍ വിസമ്മതിച്ചു മരണം വരിച്ച ധീരന്മാര്‍ക്കിടയിലാണ്, ഒരു കൈ കൊണ്ട് മാപ്പും മറുകൈ കൊണ്ട് സ്വന്തം വീരത്വ സര്‍ട്ടിഫിക്കറ്റുമെഴുതി സവര്‍ക്കര്‍ വേറിട്ടു നിന്നത്.

ആന്തമാന്‍ ജയിലില്‍ നിന്ന് പൂനെയിലേയ്ക്കാണ് ഇദ്ദേഹത്തെ മാറ്റിയത്.പൂനെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മാപ്പപേക്ഷയായിരുന്നു ആശ്രയം. നിരന്തരമായി അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ സമര്‍പ്പിച്ചു.  എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാമെന്ന് മുട്ടുകുത്തി സത്യം ചെയ്തപ്പോഴാണ് അവര്‍ കനിഞ്ഞത്. 1924ല്‍ പുറത്തിറങ്ങിയതിനുശേഷം സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ കാര്യമായി പങ്കെടുത്തതിന് തെളിവുകളൊന്നുമില്ല. ഹിന്ദു മഹാസഭയുണ്ടാക്കി വര്‍ഗീയ ചേരിതിരിവിന് നിരന്തരമായി ശ്രമിച്ചുവെന്നതല്ലാതെ.

ഇങ്ങനെയൊരു കഥാപാത്രത്തിന് ഭാരതരത്നം കൊടുക്കാന്‍ ആലോചിക്കുന്ന സ്ഥിതിയ്ക്ക്, അടുത്തത് ഗോഡ്സെയ്ക്കല്ലേ...പ്രധാന വാർത്തകൾ
 Top