17 January Friday

സാമ്പത്തിക പ്രതിസന്ധിയുണ്ട്, വികസന സ്തംഭനമില്ല; സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്ന ചെന്നിത്തലയുടെ രാഷ്ട്രീയം കേരളം തിരിച്ചറിയും: ഐസക്

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

തിരുവനന്തപുരം> സംസ്ഥാനം ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന്റെ അടിസ്ഥാന കാരണം കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നതും അവര്‍ തരേണ്ടിയിരുന്നതുമായിട്ടുള്ള 13,500 കോടിരൂപ ഇതുവരെ തരാന്‍ തയ്യാറാകാത്തതാണ്.

 ഈ കേന്ദ്ര നയത്തിനെതിരായി പ്രതിഷേധിക്കുന്നതിന് പകരം സന്ദര്‍ഭം ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. അവര്‍ തന്നിരിക്കുന്ന ധവളപത്രത്തില്‍ തന്നെ അദ്ദേഹം പറയുന്നതിനുള്ള മറുപടികളുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പിടിവിട്ട് പോകുകയല്ല കൂടുതല്‍ ദൃഢീകരണം വരികയാണെന്ന് അതില്‍ പറഞ്ഞിരിക്കുന്ന സൂചികകളില്‍നിന്ന് വ്യക്തമാണ്. സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടായിട്ടില്ല. യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് വച്ച് നോക്കുമ്പോള്‍ സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിച്ചിട്ടുണ്ട്. അത് മുഴുവന്‍ ധൂര്‍ത്തല്ല

ധനക്കമ്മി സംബന്ധിച്ച കണക്ക്; 2016- 17ല്‍ 4.29 , 2017-18ല്‍ 3.91, 2018-19 ല്‍ 3.06 എന്നിങ്ങനെയാണ്. ഈ വര്‍ഷമത് മൂന്നായിരിക്കും.  ഈ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്ന് വര്‍ഷക്കാലത്ത്  16ശതമാനം വച്ച് സര്‍ക്കാരിന്റെ ചെലവ് വര്‍ധിച്ചു.

 യുഡിഎഫ് 2500 കോടി ക്ഷേമപെന്‍ഷന്‍ നല്‍കിയെങ്കില്‍ ഇപ്പോള്‍ എണ്ണായിരം കോടിയാണ് സര്‍ക്കാര്‍ ക്ഷേമപെഷന്‍ നല്‍കുന്നത്. നടപ്പ് ധനകാര്യ വര്‍ഷത്തില്‍, അനുവദിച്ച വായ്പയില്‍ നിന്നും 6500 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു.

കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട നികുതി വിഹിതത്തില്‍ 5600 കോടി കുറവെ കിട്ടുകയുള്ളു എന്നാണറിയിച്ചിരിക്കുന്നത്. വരുന്ന മൂന്ന് മാസം ഈ തുകയില്‍  കുറവ് വരുത്തും. ഒക്‌ടോബര്‍ മാസത്തില്‍ കിട്ടേണ്ട  1600 കോടി നഷ്ടപരിഹാരം ഇതുവരെ തന്നിട്ടില്ല. ഡിസംബര്‍ അവസാനിക്കുമ്പോഴേക്കും 3200 കോടി  കേരളത്തിന് കിട്ടണം, അതും തരുന്നില്ല.

എന്ത് രാഷ്ട്രീയമാണ് രമേശ് ചെന്നിത്തല കൈകാര്യം ചെയ്യുന്നതെന്നും ഐസക് ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനെ ഒറ്റപ്പെടുത്താനായി ചെന്നിത്തല നടത്തുന്ന രാഷ്ട്രീയം കേരളം തിരിച്ചറിയും. ഇല്ലാത്ത കാര്യങ്ങള്‍ വ്യാഖ്യാനിച്ചുണ്ടാക്കണ്ട. ജിഎസ്ടി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് വരാത്തതാണ് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്നും ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top