19 January Sunday

ഗുജറാത്ത് മോഡല്‍ പൊള്ളയെന്ന് അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു; അദ്ദേഹത്തിന്റെ നൊബേല്‍ നേട്ടത്തെ സംഘപരിവാര്‍ എങ്ങിനെയായിരിക്കും സ്വാഗതം ചെയ്യുക: ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019

അഭിജിത് ബാനര്‍ജി സംഘികള്‍ ഇല്ലാതാക്കാന്‍ നോക്കുന്ന ജെ എന്‍ യു വിന്റെ 80 കളിലെ ഉല്‍പ്പന്നമാണെന്നും ഇന്ത്യയിലെ ഭരണാധികാരികള്‍ അഭിജിത്തിന്റെ നേട്ടത്തെ എങ്ങിനെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത് എന്നാണ് താന്‍ കൗതുകപൂര്‍വ്വം കാത്തിരിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക്ക്.ഗുജറാത്ത് മോഡല്‍ വികസനം പൊള്ളയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ഐസക്ക് വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
 

ഇത്തവണത്തെ  നൊബേല്‍ സമ്മാനം അഭിജിത് ബാനര്‍ജി, എസ്‌തേര്‍ ഡുഫ്‌ലു , മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. അമര്‍ത്യ സെന്നിന് ശേഷം വീണ്ടും ഒരു ഇന്ത്യക്കാരന്‍ സാമ്പത്തീക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടുമ്പോള്‍ നാം ഇന്ത്യാക്കാര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്.

ഇന്ത്യയിലെ ഭരണാധികാരികള്‍ ഇതിനെ എങ്ങിനെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത് എന്നാണ് ഞാന്‍ കൌതുകപൂര്‍വ്വം കാത്തിരിക്കുന്നത്.പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ് വന്നിട്ടുണ്ട്, അത്രയും നന്ന്.

ഇന്ത്യയിലെ ഭരണാധികാരികളുടെ പ്രതികരണം കൌതുകത്തോടെ കാത്തിരിക്കുന്നത് താഴെ പറയുന്ന കാരണങ്ങളാല്‍ ആണ്

1. അഭിജിത് ബാനര്‍ജി സംഘികള്‍ ഇല്ലാതാക്കാന്‍ നോക്കുന്ന ജെ എന്‍ യു വിന്റെ 80 കളിലെ ഉല്‍പ്പന്നമാണ്. ദല്‍ഹി സ്‌കൂളില്‍ പഠിക്കാന്‍ പോകാതെ അദ്ദേഹം ജെ എന്‍ യു തെരഞ്ഞെടുക്കുകയായിരുന്നു.

2. 81 -83 കാലത്തെ ജെ എന്‍ യു സമരമുഖരിതമായിരുന്നു. കുട്ടികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നതിനെ ചെറുക്കാന്‍ അഭിജിത് ബാനര്‍ജിയും കൂടി. അങ്ങിനെ തിഹാര്‍ ജയിലിലുമെത്തി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നാന്നൂറോളം വരുന്ന കുട്ടികള്‍ക്ക് ജാമ്യം ലഭിച്ചത്.

ഒന്നു വ്യക്തമാക്കട്ടെ, ഒരു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയിലും അദ്ദേഹം അംഗമായിരുന്നില്ല. തികഞ്ഞ ലിബറല്‍ വക്താവ് ആയിരുന്നു. ഇന്നത്തെ ഭരണാധികാരികള്‍ക്ക് ലിബറലുകളെ പുശ്ചമാണല്ലോ.

3. ബി ജെ പി യുടെ പല നയങ്ങളെയും അദ്ദേഹം തുറന്നു വിമര്‍ശിച്ചിട്ടുണ്ട്. ദി വൈറില്‍ വന്ന അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധമാണ്. അതില്‍ അദ്ദേഹം തുറന്നു പറഞ്ഞു ' നോട്ട് നിരോധനത്തിന്റെ യുക്തി എന്തെന്ന് തനിക്ക് മനസിലായിട്ടില്ല ' ജി എസ് ടി നടപ്പാക്കിയ രീതിയെ അദ്ദേഹം അതിദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ വികസനം പൊള്ളയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

4. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ഇന്‍കം ട്രാന്‍സ്ഫര്‍ സ്‌കീം ഉണ്ടാക്കുന്നതില്‍ പിക്കറ്റിയോടൊപ്പം അദ്ദേഹവും സഹകരിച്ചു. ഇതൊക്കെ രാഷ്ട്രീയം.

അദ്ദേഹത്തിന്  നൊബേല്‍ സമ്മാനം നേടിക്കൊടുത്ത സിദ്ധാന്തം എന്ത് ? ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള Randomise Control Trial രീതി ആവിഷ്‌കരിച്ചതിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. ഈ സമീപനത്തിന്റെ ബൈബിള്‍ അദ്ദേഹവും ഭാര്യ സഹസമ്മാന ജേത്രിയുമായ എസ്‌തേര്‍ ഡുഫ്‌ലുവും ചേര്‍ന്നെഴുതിയ Poor Economics - A radical thinking of the way to fight global Poverty എന്ന പുസ്തകമാണ്.

 അതിലളിതമായി പറഞ്ഞാല്‍ ദാരിദ്ര്യം കുറക്കുന്നതിനുള്ള സ്‌കീമുകളും മറ്റും മുകളില്‍ നിന്നു കെട്ടിയിറക്കുകയല്ല വേണ്ടത് . വിവിധ സ്‌കീമുകളോട് ദരിദ്രരുടെ പ്രതികരണം ശാസ്ത്രീയമായി മനസിലാക്കി അവയെ തെരഞ്ഞെടുക്കുകയും വിപുലീകരിക്കുകയുമാണ് വേണ്ടത്.

സാമ്പത്തീകമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ എന്തു വേണം ? ഇതിനുള്ള പരീക്ഷണങ്ങള്‍ ശാസ്ത്രീയമായി പലയിടത്തും നടത്തി ഏറ്റവും നല്ലത് കണ്ടു പിടിക്കണം. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതിന് ലോകമെമ്പാടുമുള്ള നൂറു കണക്കിനു വിദഗ്ധര്‍ ഇവരുമായി സഹകരിക്കുന്നുണ്ട്.

ഇന്ത്യയില്‍ ജയ്പ്പൂരില്‍ നടക്കുന്ന ഇത് സംബന്ധിച്ച ഒരു പരീക്ഷണത്തെ കുറിച്ച് ഗീതാ ഗോപിനാഥ് ഒരു ഡല്‍ഹി യാത്രയില്‍ വിശദീകരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ന് ലോകത്ത് ഒട്ടേറെ വിദഗ്ധരെ പ്രചോദിപ്പിക്കുകയും അവരെയൊക്കെ സഹകരിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്ന അക്കാദമിക്ക് ഇടപെടലുകള്‍ ദുര്‍ലഭമായിരിക്കും.

ഡല്‍ഹിയിലെ വിദ്യാഭ്യാസ പരീക്ഷണങ്ങളില്‍ അവര്‍ ഇത് എങ്ങിനെ ഉപയോഗപ്പെടുത്തി എന്നു അരവിന്ദ് കെജരിവാള്‍ ഇന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഈ സമീപനത്തിന്റെ നിശിത വിമര്‍ശകരും ഉണ്ട്. അത്തരമൊരു വിമര്‍ശനം വായിക്കണം എന്നു താല്‍പ്പര്യമുണ്ടെങ്കില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍ എഡിറ്റര്‍ കൂടിയായ റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസ് എന്ന ത്രൈമാസികത്തില്‍ നിന്നുള്ള ഈ ലേഖനം (http://ras.org.in/randomise_this_on_poor_economics)
വായിക്കാവുന്നതാണ്.

 ഏതായാലും ഈ സിദ്ധാന്തത്തിന്റെ കൂടുതല്‍ വിമര്‍ശനപരമായ പരിശോധനയക്ക് മേല്‍പ്പറഞ്ഞ ലേഖനം സഹായിക്കും. ഉദാഹരണത്തിന് കേരളം എടുക്കുക. ഇന്ത്യാ രാജ്യത്തു ദാരിദ്ര്യം ഏറ്റവും കുറച്ച സംസ്ഥാനമാണ് കേരളം. അതിന്റെ സമീപനങ്ങള്‍ ആവട്ടെ സാമൂഹ്യവും രാഷ്ട്രീയവും ചരിത്രപരവുമായി രൂപം കൊണ്ടവയാണ് എന്നെല്ലാവര്‍ക്കും അറിയാം.

ഈ സാമൂഹ്യ പ്രക്രിയയെ പുതിയ സിദ്ധാന്തം വേണ്ടത്ര പരിഗണിക്കുന്നില്ല എന്നതാണു പ്രധാന വിമര്‍ശനം.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top