24 August Saturday

കൈവെട്ട‌് കേസിന് ഒൻപതുവർഷം; പ്രധാനപ്രതികൾ ഇപ്പോഴും പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

പ്രഫ.ടി ജെ ജോസഫ്

കോട്ടയം > തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന‌് വ്യാഴാഴ്‌ച ഒൻപതുവർഷം തികയും. ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന കേസിലെ ഒന്നാം പ്രതിയും  നാലാം പ്രതിയും  ഇനിയും അറസ്‌റ്റിലായിട്ടില്ല. 2010ജൂലൈ നാലിനായിരുന്നു പോപ്പുലർ ഫ്രണ്ട്‌ സംഘം അധ്യാപകനെ ആക്രമിച്ച് വലതുകൈ വെട്ടിമാറ്റിയത‌്.  ഒന്നാം പ്രതി സാവാദ്‌, നാലാം പ്രതി സജിൽ എന്നിവരെ എൻഐഎക്ക‌് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

അധ്യാപകൻ  തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.  മൂവാറ്റുപുഴ പൊലീസ്‌ അന്വേഷിച്ച കേസ്‌ 2011 മാർച്ച്‌ ഒൻപതിനാണ്‌ എൻഐഎ ഏറ്റെടുത്തത്‌.  വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന്‌  വിധിപറഞ്ഞു. 31 പ്രതികളിൽ  13 പേരെ ശിക്ഷിച്ചു. 18 പേരെ  വിട്ടയച്ചു. എൻഐഎ അന്വേഷണത്തിലുണ്ടായ അനാസ്ഥയും ഇഴച്ചിലുമാണ‌് പ്രതികളെ പിടികൂടാൻ കഴിയാത്തതിന‌് പിന്നിൽ.

കേരളത്തിൽ ഐ എൻ എ അന്വേഷിച്ച ആദ്യസംഭവമായ കോഴിക്കോട്‌ ഇരട്ട സ്‌ഫോടനക്കേസിലും എൻഐഎ വെള്ളംകുടിച്ചു.  പ്രധാന പ്രതികളെപിടികൂടിയത‌് 13 വർഷത്തിനു ശേഷമാണ‌്.  2006 മാർച്ച്‌ ആറിനാണ‌് കോഴിക്കോട്‌ കെഎസ്ടിആർസി ബസ്‌ സ്‌റ്റാൻഡിലും മൊഫ്യൂസൽ ബസ്‌ സ്‌റ്റാൻഡിലും  സ്‌ഫോടനമുണ്ടായത്‌. തടിയന്റവിടെ നസീറായിരുന്നു ഒന്നാം പ്രതി. 2011ൽ നാല്‌ പ്രതികളുടെ വിചാരണ പൂർത്തിയാക്കിയ കോടതി ജീവപര്യന്തംതടവിന‌് വിധിച്ചു. എന്നാൽ  രണ്ടാം പ്രതി  തലശേരി ചെറുപറമ്പത്ത്‌ ഉരക്കള്ളിൽ മുഹമ്മദ്‌ അസ്‌ഹർ( 37)  പിടിയിലായത് ഈ  വർഷം ജനുവരി 24നാണ‌്.   2007ൽ സൗദിയിലേക്കു കടന്ന എട്ടാംപ്രതി തളിപ്പറമ്പ്‌ കൊയ്യം പി പി യൂസഫ്‌ പിടിയിലായത്‌ ഈവർഷം ഫെബ്രുവരി രണ്ടിനാണ‌്.
കാശ്മീർ റിക്രൂട്ട്‌മെന്റ് കേസിൽ തടിയന്റവിട നസീർ അടക്കം 13 പേർക്ക്‌ കൊച്ചി എൻഐഎ കോടതി 2013 ഒക്ടോബർ നാലിന്‌ ശിക്ഷ വിധിച്ചു.

പ്രതികളായ പാക്‌ പൗരൻ വാലിയെയും കണ്ണൂർ സ്വദേശി സാബിറിനെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു. 2006 മുതൽ 2008 വരെയുള്ള കാലയളവിലാണ്‌ ലഷ്‌കൻ ഇ തൊയ്‌ബയുടെ സഹായത്തോടെ കേരളത്തിൽ നിന്നും ഹൈദരാബാദിൽനിന്നും  യുവാക്കളെ കാശ്‌മീരിലെ ഭീകരപ്രവർത്തനത്തിന്‌ റിക്രൂട്ട്‌ ചെയ്‌തത്‌.  2008 ഒക്ടോബറിൽ കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് മലയാളികൾ കൊല്ലപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പാക്കിസ്ഥാനിൽ നിന്നു പരിശീലനം ലഭിച്ച നാല് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തൽ. 2012 ഫെബ്രുവരിയിലാണ് എൻഐഎ കോടതി വിചാരണ ആരംഭിച്ചത്. 2013 ഏപ്രിൽ നാലിന്‌ കണ്ണൂരിലെ നാറാത്തിൽ പോപ്പുലർ ഫ്രണ്ട്‌, എസ്‌ഡിപിഐ പ്രവർത്തകർ ഭീകര പരിശീലന ക്യാമ്പ്‌ നടത്തിയ കേസിൽ 22 പ്രതികളിൽ ഒരാൾ ഇനിയും പിടിയിലാകാനുണ്ട്‌.


പ്രധാന വാർത്തകൾ
 Top