05 December Thursday
പരാതിക്കാരെ തേടി കാൽലക്ഷത്തിലധികം കോളുകൾ

ഇത്‌ പൊലീസിന്റെ ‘ഉറപ്പ്‌’

ശ്രീരാജ്‌ ഓണക്കൂർUpdated: Monday Nov 4, 2024

കൊച്ചി
മക്കൾ സംരക്ഷിക്കുന്നില്ലെന്നായിരുന്നു എഴുപത്തഞ്ചുകാരി ലീലാമ്മ പൊലീസിന്‌ നൽകിയ പരാതി. ലീലാമ്മയെ തേടി എസ്‌പി ഓഫീസിൽനിന്ന്‌ വിളിയെത്തി, പരാതിയുടെ പുരോഗതി അന്വേഷിച്ചു. മക്കളെ നേരിട്ട്‌ സ്‌റ്റേഷനിൽ വിളിപ്പിച്ച്‌ കാര്യങ്ങൾ പറഞ്ഞ്‌ അവരുടെ കൂടെ ലീലാമ്മയെ അയച്ചു. ‘ഉറപ്പ്‌’ പദ്ധതിയിലൂടെ എറണാകുളം റൂറൽ എസ്‌പി ഓഫീസിൽനിന്ന്‌ പരാതിക്കാരെ തേടി എത്തിയത്‌ 28,000ത്തിലധികം ഫോൺ കോളുകൾ.


ഒമ്പതുമാസമായി എറണാകുളം റൂറൽ ജില്ലയിലെ പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതി നൽകിയവരെ തേടി ഈ വിളി എത്താറുണ്ട്‌. സ്റ്റേഷനിൽ പരാതി കൊടുത്താൽ, പരാതിപുരോഗതി തിരക്കി ഈ വിളി തേടിയെത്തും.


പൊലീസിന്‌ മാർക്കിടാൻ ജനങ്ങൾക്ക്‌ അവസരം നൽകുന്ന ‘ഉറപ്പ്’ പദ്ധതിയിൽ പരാതിയിലും പരാതിക്കാരോടും പൊലീസ് എടുത്ത സമീപനം, പെരുമാറ്റം ഇതൊക്കെ ചോദിച്ചറിയും. പരാതി നൽകിയപ്പോഴുള്ള അനുഭവമടക്കം പത്തിൽ എത്ര മാർക്ക്‌ നൽകാമെന്നും ചോദിക്കും. പരാതിക്കാരോടുള്ള പൊലീസ്‌ ഉദ്യോഗസ്ഥരുടെ സമീപനം മോശമാണെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടിയുമുണ്ടാകും.


റൂറൽ ജില്ലയിലെ 34 സ്റ്റേഷനുകളിലായി ദിവസവും ശരാശരി 140 പരാതി ലഭിക്കുന്നു. ഇവരെയെല്ലാം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സംഘം വിളിച്ച് പരാതിയെക്കുറിച്ച് തിരക്കുന്നു. പരാതി പരിഹരിക്കുന്നതിൽ സ്‌റ്റേഷനുകളുടെ മികവ്‌ എല്ലാ മാസവും വിലയിരുത്തും. വീഴ്‌ചയുണ്ടെങ്കിൽ തിരുത്താൻ നിർദേശിക്കും.  


പരിഹരിക്കാത്ത പരാതികൾ വിശദമായി കേട്ടശേഷം നടപടി ഉറപ്പാക്കും. സാമ്പത്തിക, സൈബർ തട്ടിപ്പുകൾ, കുടുംബപ്രശ്നങ്ങൾ, മക്കൾ നോക്കാത്തത്‌, മദ്യപാനം തുടങ്ങിയ പരാതികളുമായി സ്‌റ്റേഷനിലെത്തുന്നവർക്ക്‌ പദ്ധതി ആശ്വാസമാണ്‌. പരാതിക്കാർക്ക്‌ ആത്മവിശ്വാസം പകരാനും പദ്ധതി ലക്ഷ്യമിടുന്നു എന്ന് എസ്‌പി വൈഭവ്‌ സക്‌സേന പറഞ്ഞു.

300 പേർക്ക്‌ 
ഗുഡ്‌ സർവീസ്‌ എൻട്രി


ഔദ്യോഗികജീവിതത്തിലും കുടുംബജീവിതത്തിലും മികവ്‌ പുലർത്തുന്നവർക്ക്‌ ഗുഡ്‌ സർവീസ്‌ എൻട്രിയും റൂറൽ പൊലീസ്‌ നൽകുന്നു. ഏതു റാങ്കിലുള്ള പൊലീസ്‌ ഉദ്യോഗസ്ഥരുടെ പേരും ഇതിൽ പരിഗണിക്കും. എസ്‌പി അന്വേഷണം നടത്തിയശേഷമായിരിക്കും ഗുഡ്‌ സർവീസ്‌ എൻട്രിക്ക്‌ അർഹരായവരെ തെരഞ്ഞെടുക്കുക. ഇത്തരത്തിൽ മുന്നൂറിലേറെപ്പേർക്ക്‌ ഇതുവരെ ഗുഡ്‌ സർവീസ്‌ എൻട്രി ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top