03 December Friday
തിരുവനന്തപുരം വിമാനത്താവളം

ഇരുട്ടിൽ ഉറപ്പിച്ച വഞ്ചന; അവിശുദ്ധകച്ചവടത്തിന്റെ താക്കോൽ‌ കൈമാറ്റം നടന്നത്‌ ബുധൻ അർധരാത്രി

ജി രാജേഷ്‌ കുമാർUpdated: Friday Oct 15, 2021


തിരുവനന്തപുരം > കേര‌ളത്തിന്റെ പൊതുതാൽപ്പര്യം അവഗണിച്ചാണ്‌ കേന്ദ്രസർക്കാർ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക്‌ അടിയറവച്ചത്‌. ബുധൻ അർധരാത്രി ഈ അവിശുദ്ധകച്ചവടത്തിന്റെ താക്കോൽ‌ കൈമാറ്റവും നടന്നു.

സംസ്ഥാനത്തിന്‌ മുഖ്യപങ്കാളിത്തമുള്ള പ്രത്യേകോദ്ദേശ്യ സ്ഥാപനത്തിന്‌ (എസ്‌പിവി) നടത്തിപ്പ്‌ നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.  ലേലത്തിൽ സ്വകാര്യ കമ്പനി നൽകുന്ന അതേതുക നൽകാനും തയ്യാറായിരുന്നു. 2003മുതൽ കേന്ദ്രം നടത്തിപ്പ്‌ കൈമാറ്റത്തെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്‌. അന്നുമുതൽ കൈമാറുമ്പോൾ വിമാനത്താവള വികസനത്തിന്‌ നൽകിയ സംഭാവന പരിഗണിച്ച്‌ സംസ്ഥാനത്തിന്‌ പ്രഥമപരിഗണന നൽകാമെന്ന ഉറപ്പും ലഭിച്ചിരുന്നു. കൊച്ചി, കണ്ണൂർ വിമാനത്താവളം ലാഭകരമായി നടത്തുന്നതിന്റെ അനുഭവജ്ഞാനവും കേരളത്തിന്‌ മുൻതൂക്കം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ്‌  ഒരു അനുഭവജ്ഞാനവുമില്ലാത്ത കമ്പനിക്ക്‌ എല്ലാം വിറ്റുതുലച്ചത്‌.

വിമാനത്താവളത്തിന്റെ ഭൂവിസ്‌തൃതി 636.57 ഏക്കറാണ്‌. ഇതിൽ 258.06 ഏക്കർ തിരുവിതാംകൂർ ഭരണാധികാരികൾ നൽകിയതാണ്‌. തുടർവികസനത്തിന്‌ സംസ്ഥാനസർക്കാർ 32.56 ഏക്കർ നൽകി. ഒപ്പം 250 കോടി രൂപ മതിപ്പുവിലയിൽ 18 ഏക്കർ ഏറ്റെടുക്കാനുള്ള നടപടിയും ആരംഭിച്ചു. ഭൂമിവില എസ്‌പിവിയിൽ സംസ്ഥാനത്തിന്റെ ഓഹരിയായി കണക്കാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ്‌ ഈ ഇരുട്ടത്തെ കച്ചവടം.

യാത്രക്കാരെ വെറുപ്പിച്ചകറ്റി; അദാനിക്ക്‌ പരവതാനി
യൂസർഫീസ്‌ അടക്കമുള്ളവ കൊണ്ടുവന്ന്‌ ജനങ്ങളെ പരമാവധി വെറുപ്പിച്ചകറ്റിയാണ്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക്‌ കൈമാറാനുള്ള പദ്ധതി കേന്ദ്രം ഒരുക്കിയത്‌. വിദേശ യാത്രികർക്ക്‌ 1250ഉം ആഭ്യന്തരത്തിന്‌ 600 രൂപയുമാണ്‌ യൂസർ ഫീസ്‌.  2011 മുതൽ ഇതുണ്ട്‌. 200 കോടിയുടെ വികസനത്തിന്റെ പേരിലായിരുന്നു ഈ കൊള്ള. മൂന്നിരട്ടി പിരിച്ചിട്ടും നിർത്തിയില്ല. എ ന്നാൽ, ആഭ്യന്തര ടെർമിനലിന്റെ വികസനത്തിന്‌ ഒരു രൂപ പോലും ചെലവഴിച്ചതുമില്ല.

വികസനമില്ലായ്‌മയും കൊള്ളയും യാത്രക്കാരെ തിരുവനന്തപുരത്ത്‌ നിന്നകറ്റി. കരിപ്പൂർ, കൊച്ചി, കണ്ണൂർ അടക്കമുള്ളിടത്ത്‌ യൂസർ ഫീസില്ലാത്തതിനാൽ പലരും യാത്ര അങ്ങോട്ടേക്ക്‌ മാറ്റി.  ആവശ്യത്തിന്‌ ആഭ്യന്തര സർവീസ്‌ ഉറപ്പാക്കാതെ നഷ്ടം ഉയർത്താൻ എയർപോർട്ട്‌ അതോറിറ്റി നന്നായി പരിശ്രമിക്കുകയും ചെയ്‌തു. കൊച്ചി–-ചെന്നൈ ശരാശരി 3000 രൂപയാണ്‌ ടിക്കറ്റ്‌. എന്നാൽ, തിരുവനന്തപുരം–-ചെന്നൈ 4500 രൂപയാകും. ഇതോടെ കുടുംബയാത്രക്കാർക്ക്‌ കൊച്ചി മതിയെന്നായി. ഈ കെടുകാര്യസ്ഥത സ്വകാര്യവൽക്കരണത്തിനുള്ള സാഹചര്യം സൃഷ്ടിച്ചു.

അദാനി എത്തുന്നതോടെ ജീവനക്കാരാണ്‌ കൂടുതൽ കഷ്‌ടത്തിലാകുന്നത്‌. കേന്ദ്ര സർക്കാരുമായുള്ള കരാറിൽ 336 ജീവനക്കാരുടെ മൂന്നുവർഷത്തെ ശമ്പളം എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ നൽകണം എന്നാണ്‌. അതുകഴിഞ്ഞാൽ ഇവരെ നിലനിർത്തേണ്ട ബാധ്യത സ്വകാര്യ ഗ്രൂപ്പിനില്ല. ശേഷം ഇവരെ എന്തുചെയ്യുമെന്ന്‌ അതോറിറ്റി വ്യക്തമാക്കിയിട്ടുമില്ല. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്‌. തിരുവനന്തപുരം വിമാനത്താവള ആക്ഷൻ കൗൺസിലിന്റെ ഹർജിയുമുണ്ട്‌. ഇത് നിലനിൽക്കെയാണ് ഈ കച്ചവടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top