03 March Wednesday
20 മാസത്തിനിടെ അദാനി വാങ്ങിയത് ഏഴ്‌ വിമാനത്താവളം

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ വിറ്റു ; വിൽപ്പന കേരളത്തിന്റെ അപ്പീൽ നിലനിൽക്കെ

സാജൻ എവുജിൻUpdated: Wednesday Jan 20, 2021


ന്യൂഡൽഹി
തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിൽ നിലനിൽക്കെ കേന്ദ്രം തിരക്കിട്ട്‌ വിമാനത്താവളം അദാനി എന്റർപ്രൈസസിന്‌ വിറ്റു. സംസ്ഥാന സർക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും എതിർപ്പ്‌ മറികടന്നാണ്‌ കൈമാറ്റം.  തിരുവനന്തപുരം, ജയ്‌പുർ, ഗുവാഹത്തി വിമാനത്താവളങ്ങൾ  50 വർഷത്തേക്ക്‌  നടത്താനുള്ള കരാർ എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(എഎഐ)യുമായി  ഒപ്പിട്ടുവെന്ന്‌  അദാനി എന്റർപ്രൈസസ്‌ ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിൽ അറിയിച്ചതോടെയാണ്‌ ഇക്കാര്യം പുറത്തറിഞ്ഞത്‌. മൂന്ന്‌ മാസത്തിനകം വിമാനത്താവളങ്ങൾ അദാനി ഏറ്റെടുക്കണമെന്നാണ്‌ വ്യവസ്ഥ.

വിമാനത്താവളം സ്വകാര്യവൽക്കരിക്കില്ലെന്നും അങ്ങനെ വേണ്ടിവന്നാൽ സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കമ്പനിയെ ഏൽപ്പിക്കുമെന്നും കേന്ദ്രം മുമ്പ്‌ വാക്ക്‌ നൽകിയിരുന്നു. 2005ൽ 27 ഏക്കർ സംസ്ഥാന സർക്കാർ വിട്ടുനൽകിയത്‌ ഭൂമിയുടെ വില ഓഹരിപങ്കാളിത്തമായി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണെന്ന്‌ സുപ്രീംകോടതിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ലേലനടപടികൾ ശരിയായല്ല നടന്നത്‌. സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കമ്പനിയെ ഒഴിവാക്കാൻ നീക്കമുണ്ടായെന്നും ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ പറഞ്ഞു. ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട്‌ തെറ്റാണെന്ന്‌ പറയുന്നത്‌ ന്യായീകരിക്കാൻ കഴിയില്ലെന്ന്‌ വിശദീകരിച്ചാണ്‌ ഹൈക്കോടതി വിമാനത്താവള കൈമാറ്റം അംഗീകരിച്ചത്‌.

വൻതോതിൽ മൂലധനനിക്ഷേപവും ഉയർന്ന വരുമാനവുമുള്ള  വിമാനത്താവളങ്ങൾ  ഒറ്റയടിക്ക്‌ ഒരേ കമ്പനിക്ക്‌ നൽകുന്നതിൽ ധനമന്ത്രാലയവും നിതി ആയോഗും എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. വ്യോമയാനമേഖലയിൽ അദാനി ഗ്രൂപ്പിന്‌ പരിചയമില്ലെന്നും നിതി ആയോഗ്‌ ചൂണ്ടിക്കാട്ടി. എന്നാൽ, ഉന്നതങ്ങളിലെ തീരുമാനമുണ്ടെന്ന പേരിൽ എതിർപ്പുകൾ എഎഐ തള്ളി. അദാനി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്‌ ലിമിറ്റഡ്‌, അദാനി ജയ്‌പുർ ഇന്റർനാഷണൽ എയർപോർട്ട്‌ ലിമിറ്റഡ്‌, അദാനി ഗുവാഹത്തി ഇന്റർനാഷണൽ എയർപോർട്ട്‌ ലിമിറ്റഡ് എന്നീ അനുബന്ധ കമ്പനികളാണ്‌  കരാർ ഒപ്പിട്ടത്‌. വിവാദമായ ലേലത്തിനുശേഷം വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിനു കൈമാറാൻ കഴിഞ്ഞ ആഗസ്‌തിൽ മന്ത്രിസഭ അനുമതി നൽകി.

നേരത്തേ അഹമ്മദാബാദ്‌, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങളും അദാനിക്ക്‌ കൈമാറി. ജിവികെ ഗ്രൂപ്പിൽനിന്ന്‌ ഓഹരികൾ വാങ്ങി മുംബൈ വിമാനത്താവളത്തിന്റെ നിയന്ത്രണവും  അദാനി ഗ്രൂപ്പ്‌ പിടിച്ചെടുത്തു. 20 മാസത്തിനിടെ ഏഴ്‌ വിമാനത്താവളമാണ്‌ അദാനിയുടെ കൈവശമായത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top