04 June Sunday

തെപ്പക്കാട് ആനക്ക്യാമ്പിൽ ആനക്കുട്ടി ചരിഞ്ഞു ; വേദനയോടെ ബൊമ്മനും ബെല്ലിയും

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


കോയമ്പത്തൂർ
ഓസ്കാർ തിളക്കത്തിലും ബൊമ്മനും ബെല്ലിയ്ക്കും നോവായി തെപ്പക്കാട് ആനക്ക്യാമ്പിലെ കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഓസ്കാർ നേടിയ ‘എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലൂടെ ലോകമറിഞ്ഞ ഇരുവർക്കും രണ്ടാഴ്ച മുമ്പ് ലഭിച്ച നാലുമാസം പ്രായമായ ആനക്കുട്ടിയാണ് വെള്ളി പുലർച്ചെ ആരോഗ്യം വഷളായതിനെത്തുടർന്ന് ചരിഞ്ഞത്.

വയറിളക്കം തുടങ്ങി മൂന്നു ദിവസത്തോളമായി. ക്യാമ്പിലെ വെറ്ററിനറി ഡോക്ടർമാർ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മാർച്ച് 16നാണ് നാലുമാസം പ്രായമുള്ള ആനക്കുട്ടിയെ ധർമപുരിയിൽ നിന്ന് മുതുമല കടുവാ സങ്കേതത്തിലെ ആനക്ക്യാമ്പിലേക്ക് എത്തിച്ചത്. പരിചരണത്തിൽ പരിചയ സമ്പന്നരായ ബൊമ്മനെയും ബെല്ലിയെയും ഏൽപിച്ചു. ഓസ്കാർ നേട്ടത്തിന്റെ സന്തോഷത്തിലിരിക്കവെയാണ് വീണ്ടുമൊരു ആനക്കുട്ടിയെ ലഭിച്ചത്. അമ്മയില്ലാത്തതിനാൽ പാലിന് പകരം മനുഷ്യർക്ക് നൽകുന്ന ലാക്ടോജനാണ് നൽകിയത്. ഇത് ദഹിക്കാത്തതാണ് ആരോഗ്യം വഷളാക്കിയതെന്ന് വെറ്ററിനറി ഓഫീസർ പറഞ്ഞു. അമ്മയിൽനിന്ന് വേർപ്പെട്ടതിനാൽ വളരെ ജാഗ്രതയോടെയാണ്‌ ആനക്കുട്ടിയെ പരിചരിച്ചിരുന്നത്. രണ്ടുദിവസം മുമ്പ് ആനക്കുട്ടിക്ക് വയറിളക്കം പിടിപെട്ടു. വളരെ ചെറുപ്പത്തിൽ അമ്മയിൽനിന്ന് വേർപിരിയുന്ന ആനക്കുട്ടികൾക്കിടയിൽ ഇത്തരം മരണങ്ങൾ അസാധാരണമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top