27 September Sunday

വനിതാ വികസന കോര്‍പറേഷന് 100 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അധികമായി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

തിരുവനന്തപുരം>  വനിതകള്‍ക്ക് കൂടുതല്‍ വായ്‌പ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. പിന്നോക്ക ധനകാര്യ കോര്‍പറേഷനില്‍ നിന്നും കൂടുതല്‍ തുക ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഗ്യാരന്റി നല്‍കുന്നത്. ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്.

 എൽഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 350.56 കോടി രൂപയുടെ അധിക ഗ്യാരന്റി കോര്‍പറേഷന് അനുവദിച്ചു നല്‍കി. കൂടാതെ പട്ടിക വര്‍ഗ വിഭാഗത്തിലെ വനിതകള്‍ക്ക് ലോണ്‍ കൊടുത്തു തുടങ്ങിയതും ഈ സര്‍ക്കാരിന്റെ കാലത്താണ്. ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റിയിലൂടെ കോര്‍പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാനും കൂടുതല്‍ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍വായ്പാ ചാനലൈസിംഗ് ഏജന്‍സിയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയംസംരംഭക വായ്പകള്‍ കാലങ്ങളായി വനിത വികസന കോര്‍പറേഷന്‍ നല്‍കിവരുന്നു.


 സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ വന്ന ശേഷം ആറ് ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ വനിത വികസന കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top