02 July Thursday

താഴത്തങ്ങാടി കൊലപാതകം; ബിലാലിനെ ആലപ്പുഴയിലെത്തിച്ച്‌ തെളിവെടുക്കും

സ്വന്തം ലേഖകൻUpdated: Saturday Jun 6, 2020
കോട്ടയം > കോട്ടയം താഴത്തങ്ങാടിയിൽ‌ വീട്ടമ്മയെ തലയ്‌‌ക്കടിച്ചുകൊന്ന കേസിൽ പ്രതിയെ ‌പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി.   കൊലപാതകവും ആക്രമണവും നടത്തിയ ചിറ്റയിൽ മുഹമ്മദ്‌ ബിലാൽ(23)നെയാണ്‌ കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കോട്ടയം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽനിന്നും വാങ്ങിയത്‌.   
 
താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ(60)യാണ്‌ തിങ്കളാഴ്‌ച രാവിലെ സ്വന്തം വീട്ടിനുള്ളിൽ തലയ്‌ക്കടിയേറ്റ്‌ മരിച്ചത്‌. ഭർത്താവ്‌ മുഹമ്മദ്‌ സാലി പരിക്കേറ്റ്‌ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. കോട്ടയത്തുനിന്ന്‌ പ്രതി കൊണ്ടുപോയ കുടുംബത്തിന്റെ കാർ ആലപ്പുഴയിൽ ഒളിപ്പിച്ച്‌ ഉപേക്ഷിച്ചനിലയിലായിരുന്നു. 
 
ദമ്പതികളുടെ വീട്ടിൽനിന്നും കാണാതെപോയ മൂന്ന്‌ മൊബൈലുകൾ, താക്കോൽക്കൂട്ടം, കത്തി  എന്നിവയുൾപ്പെടെയുള്ളവയും കൊണ്ടാണ്‌ പ്രതി കാറുമായി കുമരകംവഴി ആലപ്പുഴയിലേക്ക്‌ പോയത്‌. കുമരകംമുതൽ ആലപ്പുഴവരെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതും നിർണായകമാണ്‌. പോകുംവഴി തണ്ണീർമുക്കം ബണ്ടിലേക്ക്‌ തൊണ്ടിമുതൽ എറിഞ്ഞതായി പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. ഇവ കണ്ടെത്താൻ പ്രതിയെ ശനിയാഴ്‌ച കൊണ്ടുപോകും. കൊലപാതകശേഷം ആലപ്പുഴയിലാണ്‌ ഒരുദിവസം താമസിച്ചത്‌. പിറ്റേദിവസം ഇടപ്പള്ളിയിൽ കുന്നുംപുറത്ത്‌ ഹോട്ടലിൽ ജോലിതേടി. അവിടെ തൊഴിലാളികൾക്ക്‌ താമസിക്കാൻ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിൽ താമസിച്ചു. അവിടെയും ആവശ്യമെങ്കിൽ ആക്രമണം നടന്ന വീട്ടിലും പ്രതിയെ എത്തിച്ച്‌ ഒന്നുകൂടി തെളിവെടുക്കും.
 
കോട്ടയം ജില്ലാ പൊലീസ്‌ ചീഫ്‌ ജി ജയ്‌ദേവ്‌, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഗിരീഷ് പി സാരഥി, കോട്ടയം ഡിവൈഎസ്‌പി ആർ ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം ജെ അരുൺ, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top