20 November Wednesday

സ്‌നേഹത്തണലിലേക്ക്‌ അമ്മമാർ; താനൂർ ഗവ. കോളേജ്‌ യൂണിയൻ ഉദ്‌ഘാടനം ചെയ്‌ത്‌ സ്നേഹതീരത്തെ 16 അമ്മമാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

താനൂർ > ആരുമില്ലെന്ന തോന്നലിൽ നിന്ന് നൂറ് കണക്കിന് മക്കളുടെ സ്നേഹത്തിലേക്ക് എത്തിയ സ്നേഹതീരത്തെ അമ്മമാരെ ചേർത്ത്‌ നിർത്തുകയാണ്‌ താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ. കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് സിനിമാ താരങ്ങളും പ്രമുഖരുമാണ് സാധാരണ എത്താറുള്ളത്. എന്നാല് ഇത്തവണ വ്യത്യസ്തമായി ചിന്തിക്കുകയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ്‌ യൂണിയൻ.

സമൂഹത്തിന് കൂടി കരുതലായി താനൂർ ഗവ. കോളേജിലെ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടന വേദി. തവനൂർ സ്നേഹതീരം വൃദ്ധ സദനത്തിലെ 16 അമ്മമാരാണ് ഇത്തവണ താനൂർ വിദ്യാർത്ഥി യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചത്.

വിശിഷ്ടാതിഥി ആയ നിലമ്പൂർ ആയിഷയ്ക്ക്‌ ഒപ്പം സ്നേഹതീരത്തെ മുതിർന്ന അന്തേവാസിയായ ചന്ദ്രിക അമ്മയും ചേർന്നാണ് 2019-‐-20 കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാർത്ഥികൾക്കായി ചന്ദ്രിക അമ്മ ഉദ്ഘാടന വേദിയിൽ ഗാനവും ആലപിച്ചു. ക്ഷണം സ്വീകരിച്ച് എത്തിയ അമ്മമാർക്ക് പുത്തൻ വസ്ത്രങ്ങളും ശാരീരിക പരിമിതി നേരിടുന്ന സഹപാഠിക്ക് വീൽചെയറും ഉദ്ഘാടന വേദിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിയൻ കരുതിയിരുന്നു.

യൂണിയൻ ചെയർപേഴ്സൺ ആസിഫ അധ്യക്ഷയായി. പ്രിൻസിപ്പാൾ ഡോ. മേഴ്സി ജോസഫ്, ഡോ.പി അബ്ദുൽ ഗഫൂർ, പി സിന്ധു, ജെ എസ് ശ്രാവൺ, ഇ ആർ നീതു എന്നിവർ സംസാരിച്ചു. പിന്നണി ഗായകരായ നിഖിൽ കെ മോഹൻ, പ്രീജിത്ത്,നിയ ചാർലി, സംഗീത സംവിധായകൻ ഷിബു സുകുമാരൻ എന്നിവരും അമ്മമാർക്ക് ഒപ്പം താനൂർ കോളേജിലെ പുതിയ മാതൃകയ്ക്ക്‌ സാക്ഷ്യം വഹിക്കാൻ എത്തി.


പ്രധാന വാർത്തകൾ
 Top