നാലരവർഷത്തിനിടെ കേരളം താലോലിച്ചുണർത്തിയത് 16,167 ഹൃദയങ്ങൾ, അതിലേറെ ജീവിതങ്ങൾ. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പൂർണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ താലോലം പദ്ധതി. ഇതിനായി സർക്കാർ അനുവദിച്ചത് 5,29,17,000 രൂപ. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ഹൃദയ സംബന്ധമായ രോഗം, നാഡീരോഗം, സെറിബ്രൽപാൾസി, ഓട്ടിസം, അസ്ഥി വൈകല്യം, എൻഡോസൾഫാൻ രോഗം, ഡയാലിസിസ് തുടങ്ങിയവയ്ക്കും ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കും ചികിത്സാചെലവ് ലഭിക്കും. വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് ചികിത്സാ ചെലവിന് പരിധിയില്ല.
ആനുകൂല്യത്തിന് പ്രത്യേക അപേക്ഷ വേണ്ട. ആശുപത്രികളിലെ സുരക്ഷാ മിഷൻ കൗൺസിലർമാർ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രി, ആർസിസി, ശ്രീ ചിത്തിര തിരുനാൾ ആശുപത്രി, ഐക്കോൺസ് തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഐസിഎച്ച്, എറണാകുളം മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ്, ചെസ്റ്റ് ഹോസ്പിറ്റൽ, ഐക്കോൺസ് ഷൊർണൂർ, കോഴിക്കോട് മെഡിക്കൽ കോളേജ്, ഐ എം സി എച്ച്., മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ്, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, മലബാർ ക്യാൻസർ സെന്റർ എന്നീ 18 ആശുപത്രികളിൽനിന്നാണ് താലോലം പദ്ധതിയിൽ സൗജന്യ ചികിത്സ ലഭിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..