12 November Tuesday

തൊഴിയൂര്‍ കേസിന് സമാനം; ഫസല്‍കേസ് പുനരന്വേഷിക്കണം: എം വി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

കോഴിക്കോട് > തലശേരിയിലെ ഫസല്‍ വധക്കേസില്‍ സിബിഐ പുന:രന്വേഷണത്തിന്  തയ്യാറാകണമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ തൊഴിയൂരിലെ സുനില്‍ വധക്കേസ് പശ്ചാതലത്തില്‍ സിബിഐ അടിയന്തര നടപടിക്ക് സന്നദ്ധമാകണം. ഫസല്‍ വധക്കേസില്‍പ്പെടുത്തിയ കാരായി രാജനും ചന്ദ്രശേഖരനുമുള്‍പ്പെടെയുള്ള സിപിഐ എം പ്രവര്‍ത്തകരെ വിട്ടയക്കണം-- ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൊഴിയൂരിലെ ആര്‍എസ്എസുകാരനായ സുനില്‍ കൊല്ലപ്പെട്ട കേസിന് സമാനമാണ് ഫസല്‍ കേസും. സുനില്‍ കേസില്‍ നിരപരാധികളായ സിപിഐ എം പ്രവര്‍ത്തകരെ കോടതി വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള പ്രതി അറസ്റ്റിലുമായി. തലശേരിയിലെ പടുവിലായി മോഹനന്‍ വധത്തില്‍ അറസ്റ്റിലായ ആര്‍എസ്എസുകാര്‍ ഫസല്‍ വധത്തിലെ പങ്ക്  വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസുകാരായ പ്രതികളുടെ പങ്ക് സമ്മതിക്കുന്ന വീഡിയോദൃശ്യമടക്കം പറത്തുവന്നതാണ്. ഈ വസ്‌തുതകള്‍ പൊലീസ് സിബിഐക്ക് കൈമാറി. എന്നാല്‍ സിബിഐ തുടര്‍ നടപടി സ്വീകരിക്കുന്നില്ല.

നിരപരാധിയായ കാരായി രാജനും ചന്ദ്രശേഖരനും സ്വന്തം നാട്ടിലും വീട്ടിലും വരാനാകാതെ എട്ടുവര്‍ഷമായി വേട്ടയാടപ്പെടുകയാണ്. ഈ നീതി നിഷേധം അവസാനിപ്പിക്കണം. ആര്‍എസ്സുകാരാണ് ഫസല്‍ വധക്കേസ് പ്രതികളെന്ന സത്യം പുറത്തുവന്നതിനാല്‍ നിരപരാധികളെ വിട്ടയക്കണം. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ തയ്യാറാകണം. പുതിയ സാഹചര്യത്തില്‍ ഫസല്‍കേസില്‍ നിയമപരമായി എന്തുചെയ്യാനാകുമെന്ന് സിപിഐ എം പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top