25 March Saturday

നൂൽച്ചന്തത്തിന്റെ വിശ്വവിദ്യാലയം

സ്വന്തം ലേഖകൻUpdated: Wednesday Feb 8, 2023

കോഴിക്കോട് നടുവട്ടം തസറയിൽ ആരംഭിച്ച ‘സൂത്ര' ടെക്‌സ്റ്റയിൽ ആർട്‌ അന്താരാഷ്ട്ര ശിൽപ്പശാലയിൽനിന്ന്

കോഴിക്കോട്‌> നൂലിഴകളും നിറങ്ങളും ഭൂമിയിലെ പലയിടങ്ങളിൽനിന്നായി എത്തിയ മനുഷ്യരുടെ കലയും ചിന്തകളും ചേർന്ന ലോകമാവുകയാണ്‌ തസറ. കോഴിക്കോട്‌ നടുവട്ടത്തെ ‘തസറ’ കലാപഠനകേന്ദ്രത്തിൽ ആരംഭിച്ച  ഒരു മാസം നീളുന്ന ‘സൂത്ര’ അന്താരാഷ്‌ട്ര ശിൽപ്പശാല നെയ്‌ത്തും അതിലെ നിറങ്ങളും രൂപകൽപ്പനകളും പൈതൃക അറിവുകളും പരിചയപ്പെടുത്തുകയും പങ്കുവയ്‌ക്കുകയുമാണ്‌. 11 രാജ്യങ്ങളിലെ കലാപ്രവർത്തകരും പ്രൊഫഷണലുകളും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 16 പേരാണ്‌ സഹവാസക്യാമ്പിലെ അതിഥികൾ.  
 
 നെയ്‌ത്തുകലയും ടെക്‌സ്‌റ്റയിൽ രൂപകൽപ്പനയും അഭിനിവേശമായി ജീവിതത്തോട്‌ ചേർത്തുനിർത്തുന്നവരുടെ ഒത്തുചേരലാണിത്‌. മാർച്ച്‌ രണ്ടുവരെ നീളുന്ന ശിൽപ്പശാലയിൽ ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ചാണ്‌ പലരും എത്തുന്നത്‌.  വെയിൽസിലെ ന്യൂട്രീഷ്യനിസ്‌റ്റായ ഷേർളിക്കും ഇംഗ്ലണ്ടിൽനിന്നുള്ള ചിത്രകാര ദമ്പതികളായ ഡബി അക്കമിനും ഗാരി പവറിനും ‘സൂത്ര’ ലോകത്തിലേക്ക്‌ തുറക്കുന്ന വാതിലുകളാണ്‌. ‘‘ഇവിടെ നിന്ന്‌ മടങ്ങുമ്പോൾ ഞങ്ങൾ മറ്റൊരു മനുഷ്യരാവും. ഒരു മാസത്തെ ഈ ഒത്തുചേരൽ നിത്യജീവിതത്തിലെ എല്ലാ ശ്വാസംമുട്ടലുകൾക്കുമുള്ള മരുന്നാണ്’’- അവർ പറയുന്നു. 
 
നടുവട്ടത്തെ തസറ പ്രകൃതിസുന്ദരമായ ഒരേക്കർ ക്യാമ്പസാണ്‌. പരിസ്ഥിതി സൗഹൃദമായ നിർമിതികളും അതേക്കാൾ സുന്ദരമായ കലയും ചിന്തയും സമ്മേളിക്കുന്ന ഇടം. 32 വർഷമായി തസറ സൂത്രയ്‌ക്ക്‌ വേദിയാവുന്നു. കോവിഡ്‌ കാലത്ത്‌ രണ്ടുവർഷം മുടങ്ങിയ സൂത്രയുടെ മുപ്പതാം പതിപ്പാണിത്‌. അടച്ചിരിപ്പുകാലത്തിനിപ്പുറം പുനരാരംഭിച്ച ശിൽപ്പശാലയിൽ ഒരാളുടെ അഭാവം നിഴലിക്കുന്നുണ്ട്‌. സൂത്രയുടെ ആത്മാവായിരുന്ന ശാന്തയില്ലാത്ത ആദ്യ ശിൽപ്പശാലയാണിത്‌. നെയ്‌ത്തുകലയുടെ സൗന്ദര്യം കൊച്ചി മുസ്‌രിസ്‌  ബിനാലെയിലേക്ക്‌ പകർത്തിയ ശാന്ത രണ്ടുമാസംമുമ്പാണ്‌ മരണമടഞ്ഞത്‌. സഹോദരങ്ങളായ വി വസുദേവനും ബാലകൃഷ്‌ണനുമാണ്‌ ഇപ്പോൾ തസറയുടെ നടത്തിപ്പുകാർ. 
 
നെയ്‌ത്തുകലയുടെ സമകാലീന രീതിശാസ്‌ത്രങ്ങളും ഡയിങ്ങിലെയും പ്രിന്റിങ്ങിലെയും സാങ്കേതികവിദ്യകളായ ഷിബോറി, ബാത്തിക്‌, അജ്‌റക്‌, ഡാബൂ തുടങ്ങിയവ ഉൾപ്പെട്ടതാണ്‌ ശിൽപ്പശാലയിലെ പഠനം.  പ്രകൃതിദത്തമായി നിറം നൽകുന്ന വിദ്യകളും സ്‌ക്രീൻ പ്രിന്റിങ്ങും പരിചയപ്പെടുത്തുന്നുമുണ്ട്‌. താമസവും ഭക്ഷണവുമെല്ലാം തസറയിൽ. വൈകുന്നേരങ്ങളിൽ കലാവതരണങ്ങൾക്കും ആശയസംവാദങ്ങൾക്കും ഇടമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top