19 February Tuesday
സ‌്കൂളിൽ ആഹ്ലാദം തിരിച്ചെത്തി

അറിവിന്റെ സുഗന്ധം പകരാൻ കുട്ടിക്കൈകളിൽ പുതിയ പുസ‌്തകങ്ങൾ

സി എൻ റെജിUpdated: Thursday Sep 6, 2018

ദുരിതബാധിതരായ വിദ്യാർഥികൾക്ക്‌ സർക്കാർ നൽകിയ പഠനോപകരണങ്ങൾക്കൊപ്പം തനിക്ക്‌ കിട്ടിയ ബാഗ്‌ കൂട്ടുകാരെ കാണിക്കുന്ന ലീപ്‌തന. നോർത്ത്‌ പറവൂർ ജിഎൽപിഎസിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ > എ ആർ അരുൺരാജ്‌

കൊച്ചി>പ്രളയം സമ്മാനിച്ച ആശങ്കയകന്ന പറവൂർ ഗവ. എൽപിജി സ‌്കൂളിലെ 130 കുട്ടികളും ആഹ്ലാദ തിമിർപ്പിലാണ‌്. പുസ‌്തകവും യൂണിഫോമും എല്ലാം പ്രളയജലമെടുത്തപ്പോൾ പഠനം പോലും അസ‌്തമിച്ചുവെന്ന‌് കരുതിയ കുരുന്നുകളാണിവർ. സമൂഹത്തിന്റെയും സർക്കാരിന്റെയും കരുതലിൽ വിദ്യാലയം വീണ്ടും സജീവമായി.  പ്രളയം സമ്മാനിച്ച പുതിയ പാഠങ്ങൾക്കൊപ്പം അക്ഷര ലോകത്തേക്ക‌് വീണ്ടും കുതിക്കാൻ അവർക്ക‌് പുസ‌്തകങ്ങളുമായി. പേനയും പെൻസിലും ബാഗും ലഭിച്ചു. പാഠങ്ങൾ പകർന്ന‌് നൽകാൻ ഒരേ മനസോടെ അധ്യാപകരും തയ്യാർ. പ്രളയം ബാധിച്ച സംസ്ഥാനത്തെ സ‌്കൂളുകളിൽ ഉല്ലാസവും സമാധാനവും വീണ്ടുമെത്തിയതിന്റെ നേർസാക്ഷ്യമാണ‌് പറവൂരിലെ സർക്കാർ വിദ്യാലയം.

‘‘സ‌്കൂളിൽ മറന്ന‌് വച്ചതിനാലാൽ പെൻസിൽ ബോക‌്സും വാട്ടർ ബോട്ടിലും മാത്രമാണ‌് ബാക്കിയുണ്ടായിരുന്നത‌്. വീട്ടിൽ വെള്ളം കയറിയതിനാൽ ബാഗും പുസ‌്തകളും നശിച്ചു. യൂണിഫോമും പോയി. കഴുത്തറ്റം വെള്ളമായപ്പോൾ ഡെസ‌്കിനു മുകളിൽ കയറി. പിന്നെയും വെള്ളം
കൂടിക്കൂടി വന്നു. ആലുവയിൽ വെള്ളം കയറിയതിനാൽ ബന്ധുവീടുകളിലേക്കും പോകാനായില്ല. പിന്നെ ക്യാമ്പിലായിരുന്നു. സ‌്കൂളിൽ വന്ന‌് നോക്കുമ്പോൾ വാട്ടർ ബോട്ടിൽ ഒഴുകി നടക്കുന്നു. ഗവ. എൽപിജിഎസിലെ നാലാംക്ലാസുകാരൻ നിഥിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല.

പുസ‌്തകോം യുണിഫോമുമില്ലാതെ ഇനി സ‌്കൂളിലേക്ക‌് എങ്ങനെ പോകും. നിഥിന്റെ അതേ ആശങ്കയായിരുന്നു പാർഥിപിനും ജോയലിനും അഭിരാമിക്കുമെല്ലാം പറയാനുണ്ടായിരുന്നത‌്. കുട്ടികളുടെ ആശങ്കയും കണ്ണീരും അധ്യാപകരെയും ഏറെ വിഷമിപ്പിച്ചു. ഇതിനിടെയാണ‌് പുതിയ പുസ‌്തകങ്ങൾ സർക്കാർ അച്ചടിച്ച‌് നൽകുമെന്ന‌് പ്രഖ്യാപിച്ചത‌്. സന്നദ്ധ സംഘടനകൾ നോട്ട‌്ബുക്കും പെൻസിലും ബാഗുമെത്തിച്ചു. ബുധനാഴ‌്ച പുതിയ പുസ‌്തകങ്ങൾ കുട്ടികൾക്ക‌് കൈമാറിയപ്പോഴാണ‌് ഹെഡ‌്മിസ‌്ട്രസ‌് മേരി ജാൻസിക്കും സഹ അധ്യാപകർക്കും ആശ്വാസമായത‌്. പ്രളയത്തിൽ സ‌്കൂളിലെ മൂന്ന‌് ക്ലാസ‌് മുറികളിലും പാചകപ്പുരയിലും വെള്ളം കയറി. സ‌്മാർട്ട‌് ക്ലാസ‌് മുറികളാണ‌് എല്ലാം. അവയിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള
ഉപകരണങ്ങൾ വെള്ളം കയറുന്നതിന‌് മുന്നേ സുരക്ഷിത സ്ഥാനത്തേക്ക‌് മാറ്റിയിരുന്നുവെന്ന‌് മേരി ജാൻസി പറഞ്ഞു. പാലക്കാട‌് കരുണ യുപിഎസ‌്, പഞ്ചാബിൽ നിന്നുള്ള സന്നദ്ധ സംഘം എന്നിവരാണ‌് നോട്ട‌് ബുക്കും പെൻസിലും ബാഗുമെത്തിച്ചത‌്. പുസ‌്തകങ്ങൾ ലഭിച്ച കുട്ടികൾ അവ മറിച്ചുനോക്കിയും ഗന്ധം നുകർന്നും പാഠങ്ങൾ കൂട്ടുകാരെ വായിച്ച‌് കേൾപ്പിച്ചും  ഉല്ലാസത്തിലാണ‌്.

എറണാകുളം ജില്ലയിൽ പ്രളയം ബാധിച്ച  130 സ‌്കൂളുകളിലായി 64,000 പുസ‌്തകങ്ങളാണ‌് ബുധനാഴ‌്ച വിതരണം ചെയ‌്തത‌്. 1,13,000 പുസ‌്തകങ്ങളാണ‌് ആവശ്യമായത‌്. ഇതിൽ 50,000 പുസ‌്തകങ്ങൾ കൊല്ലത്ത‌് നിന്നും വ്യഴാഴ‌്ചയെത്തും. ആലുവ മേഖലയിൽ വ്യാഴാഴ‌്ച പുസ‌്തകം വിതരണം ചെയ്യും. വെള്ളിയാഴ‌്ചയോടെ പുസ‌്തക വിതരണം പൂർത്തിയാക്കുമെന്ന‌് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക‌്ടർ സി എ സന്തോഷ‌് പറഞ്ഞു.

സംസ്ഥാനത്താകെ 30 ലക്ഷം പുസ‌്തകങ്ങളാണ‌് പുതിയതായി അച്ചടിച്ച‌് വിതരണം ചെയ്യുന്നത‌്. കാക്കനാട‌് കെബിപിഎസ‌ിൽ അച്ചടി പുരോഗമിക്കുകയാണ‌്. പ്രളയക്കെടുതിയിലായ സ‌്കൂളിലെത്തിക്കാൻ നാലര ലക്ഷം പുസ‌്തകങ്ങൾ വ്യാഴാഴ‌്ച അച്ചടി പൂർത്തിയാകും. പുസ‌്തകങ്ങളില്ലാത്തതിനാൽ അധ്യയനം മുടങ്ങാതിരിക്കാൻ കെബിപിഎസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ‌് പുസ‌്തകം വിതരണം ചെയ്യുന്നത‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top