22 September Sunday

കാത്തിരിക്കേണ്ട.. നാളെയെത്തും പാഠപുസ്തകങ്ങൾ

സ്വന്തം ലേഖികUpdated: Sunday Aug 18, 2019

തിരുവനന്തപുരം > പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക്‌ പകരം പുതിയവ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ തന്നെ വിദ്യാർഥികൾക്ക്‌ പുസ്‌തകങ്ങൾ ലഭിക്കും. തിങ്കളാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിൽ തിരുവനന്തപുരത്തുനിന്ന് 26000 പാഠപുസ്‌തകങ്ങളും കൊല്ലത്തുനിന്ന്‌  36000 പാഠപുസ്‌തകങ്ങളും എത്തിക്കുമെന്ന്‌ ഡിപിഐ ജീവൻ ബാബു പറഞ്ഞു.

ഓരോ ജില്ലയിലും എത്രപുസ്‌തകങ്ങൾ വേണമെന്ന കണക്ക്‌ ക്ലാസുകൾ പുനരാരംഭിച്ച ശേഷമേ ലഭിക്കൂ. അതനുസരിച്ച്‌ പുസ്‌തകങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ  പൂർത്തിയായി. തിരുവനന്തപുരത്തുനിന്ന്‌ പാഠപുസ്‌തകങ്ങൾക്കൊപ്പം കോട്ടൺഹിൽ സ്കൂളിൽ ശേഖരിച്ചിരിക്കുന്ന പഠനോപകരണങ്ങളും സ്കൂളുകളിലേക്ക്‌ എത്തിക്കും.

വിവിധ സ്കൂളുകളിൽ നിന്നായി ജില്ലാകേന്ദ്രങ്ങളിലും അധിക പാഠപുസ്‌തകങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. കോട്ടയത്ത്‌ ഇതിനകം 8000 പുസ്‌തകങ്ങൾ ശേഖരിച്ചു. ഇത്‌ ആവശ്യാനുസരണം പത്തനംതിട്ടയിലെയും തൊടുപുഴയിലെയും സ്കൂളുകളിൽ എത്തിക്കും. മലപ്പുറത്ത്‌ 15000 പുസ്‌തകങ്ങൾ വണ്ടൂർ, പരപ്പനങ്ങാടി പ്രദേശങ്ങളിലെ സ്കൂളുകളിൽ എത്തിച്ചു.
ബാക്കി 19ന്‌ നൽകും. പാലക്കാട്‌ ശേഖരിച്ച 35000 പാഠപുസ്‌തകങ്ങൾ മണ്ണാർക്കാട്‌, പട്ടാമ്പി പ്രദേശങ്ങളിലെ സ്കൂളുകളിലും കോഴിക്കോട്‌ 24000 പുസ്കകങ്ങൾ ആവശ്യമനുസരിച്ച്‌ വയനാട്ടിലേക്കും നൽകും. തൃശൂരിൽ ശേഖരിക്കുന്നവ 20ന്‌ സ്കൂളുകളിൽ എത്തിക്കും. മറ്റു ജില്ലകളിലും സ്കൂളുകളിൽനിന്ന്‌ അധിക പുസ്തകങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. തികയാതെ വരുന്ന പാഠപുസ്‌തകങ്ങൾ കെബിപിസിൽനിന്നും ലഭ്യമാക്കും.


പ്രധാന വാർത്തകൾ
 Top