22 May Sunday

ആര്‍ എസ് ഉണ്ണിയുടെ മകളെ കാണാതായിട്ട് 10 വര്‍ഷം; സമുന്നത നേതാവിന്റെ കുടുംബത്തെ കൈയൊഴിഞ്ഞ്‌ ആര്‍എസ്‌പി

സ്വന്തം ലേഖകൻUpdated: Saturday Jan 8, 2022

ആർ എസ്‌ ഉണ്ണിയുടെ മകൾ രമണിയും കുടുംബവും (ഫയൽ ചിത്രം)

കൊല്ലം > ഫൗണ്ടേഷന്റെ മറവിൽ സ്വത്ത് തട്ടാനുള്ള നീക്കം പുറത്തുവന്നതിനു പിന്നാലെ ആർ എസ് ഉണ്ണിയുടെ ഏകമകളുടെ തിരോധാനവും ചർച്ചയാകുന്നു. ആർ എസ് ഉണ്ണിയുടെ മകൾ ആർ രമണിയെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽനിന്നു കാണാതായി പത്തുവർഷമായിട്ടും അതേക്കുറിച്ച് ഒന്ന്‌ അന്വേഷിക്കാൻ പോലും ആർഎസ്‌പി നേതൃത്വം തയ്യാറായിട്ടില്ലെന്ന്  പ്രവർത്തകർ പറയുന്നു. ഒരു ഘട്ടത്തിലും ആർ എസ്‌ ഉണ്ണിയുടെ കുടുംബത്തിനൊപ്പം നിൽക്കാത്ത ശിഷ്യരും നേതാക്കളും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടല്ല ഫൗണ്ടേഷനുണ്ടാക്കിയതെന്നും ശക്തികുളങ്ങരയിലെ കോടികളുടെ സ്വത്തായിരുന്നു ലക്ഷ്യമെന്നുമാണ്‌ ആരോപണം.

 2012 ജൂണിൽ രമണിയെ കാണാതാവുമ്പോൾ  മൂത്തമകൾ അമൃതയ്ക്ക് പ്രായം 22. ഇളയമകൾ അഞ്ജന വി ജയ്‌ ഇറ്റലിയിൽ പഠിക്കുകയായിരുന്നു. കാണാതായ രമണിക്കുവേണ്ടി എസ്ബിടിയിലെ ഉദ്യോ​ഗസ്ഥനായ ഭർത്താവ് ജി വിജയനും കുടുംബവും പൊലീസുമെല്ലാം അന്വേഷിച്ചു. ദീർഘനാൾ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. എന്നാൽ, ആർഎസ്‌പി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തെത്തുടർന്ന്‌ അമൃതയുടെ വിവാഹം  മുടങ്ങി. ഇതോടെ കടുത്ത മാനസിക സമ്മർദം അനുഭവിച്ചാണ് അച്ഛൻ 2017ൽ മരിച്ചതെന്ന് അഞ്ജന പറയുന്നു. പ്രിയ നേതാവിന്റെ ചെറുമകൾ ഒറ്റപ്പെട്ടപ്പോഴും ആർഎസ്‌പി നേതാക്കളാരും സഹായഹസ്തവുമായി എത്തിയില്ല.

പിന്നീട്‌ അഞ്ജനയുടെ വിവാഹം ശരിയായതോടെയാണ് കൊല്ലത്ത് ശക്തികുളങ്ങരയിലെ വീട് പുതുക്കിപണിയാൻ തീരുമാനിച്ചത്. നിയമപരമായ രേഖകളെല്ലാം ശരിയാക്കി എത്തിയപ്പോഴാണ് ആർ എസ് ഉണ്ണി ഫൗണ്ടേഷൻ വീടും സ്ഥലവും കൈയേറിയത് അറിയുന്നത്. ബന്ധുവും ഫൗണ്ടേഷൻ സെക്രട്ടറിയുമായ കെ പി ഉണ്ണിക്കൃഷ്ണനോട് താക്കോൽ ചോദിച്ചപ്പോൾ, ഇത് പാർടി ഏറ്റെടുത്തെന്ന മറുപടിയാണ് ലഭിച്ചതെന്ന് അഞ്ജന പറഞ്ഞു. സഹായത്തിനായി ഫൗണ്ടേഷൻ ചെയർമാനായ എൻ കെ പ്രേമചന്ദ്രനെ സമീപിച്ചെങ്കിലും ഒന്നുമറിയാത്ത പോലെ പെരുമാറി. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

മാസങ്ങളായി അനുകൂലമായ ഒരു നടപടിയും ഇല്ലാതായപ്പോഴാണ് ഡിസംബർ 31ന് പൂട്ടുപൊളിച്ച് വീട്ടിൽ കയറിയത്. പിന്നാലെ ഭീഷണിയും അസഭ്യം പറച്ചിലും. സഹായം അഭ്യർഥിച്ച്‌ വിളിച്ചപ്പോൾ പ്രേമചന്ദ്രൻ കൈയൊഴിഞ്ഞതായും അഞ്‌ജന വേദനയോടെ പറഞ്ഞു. ആരാധ്യനായ നേതാവിന്റെ  ഒറ്റപ്പെട്ടുപോയ രണ്ടു പേരക്കുട്ടികളുടെ കൂടെനിൽക്കാൻ എംപി തയ്യാറായില്ലെന്നത്‌ പാർടി പ്രവർത്തകരുടെയും വേദനയാവുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top