16 December Monday

മൂന്നുമാസം വേണ്ട; മൂന്നുനാളില്‍ ബണ്ടുകെട്ടി മടവീഴ്ച ചെറുക്കാന്‍ കൈനകരിയില്‍ തീവ്രശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2019

കൈനകരിയില്‍ താല്‍ക്കാലിക ബണ്ട് നിര്‍മ്മാണത്തിനു മന്ത്രി തോമസ്‌ ഐസക്ക് തുടക്കം കുറിയ്ക്കുന്നു.

ആലപ്പുഴ> കനത്തമഴയില്‍ മടവീണ ബണ്ടുകള്‍ മൂന്നുനാള്‍ കൊണ്ട് പരമ്പരാഗത നിര്‍മ്മാണ രീതിയില്‍ പുനര്‍ നിര്‍മ്മിയ്ക്കാനുള്ള തീവ്രയത്നത്തിനു കൈനകരിയില്‍ തുടക്കമായി. കൈനകരിയിൽ മടവീണ കനകാശേരി, ആറുപങ്ക് എന്നിവിടങ്ങളിൽ മണൽച്ചാക്കുപയോഗിച്ച് താൽക്കാലിക ബണ്ട് നിർമിച്ച് വെള്ളം വറ്റിയ്ക്കാനാണ് ശ്രമം. സാധാരണ  രീതിയിൽ തെങ്ങിൻ കുറ്റികൾ അടിച്ചിറക്കി ചെളികുത്തി ബണ്ട് നിർമിക്കുന്നതിന് കൂടുതല്‍ സമയം വേണം. ഇതിനുപകരം ഇവിടെ 25 അടി വീതിയിൽ മണൽ ചാക്കുകൾ നിരത്തി താൽക്കാലിക ബണ്ട് നിർമിച്ച് വെള്ളം പമ്പ് ചെയ്യും. വെള്ളം കുറയുമ്പോൾ സാവകാശം സ്ഥിരം ബണ്ട് നിർമിക്കും.

മന്ത്രി തോമസ് ഐസക് കർഷകരുടെയും ബണ്ട് നിർമാണ കരാറുകാരുടെയും പാടശേഖരസമിതിക്കാരുടെയും യോഗം വിളിച്ചു കൈക്കൊണ്ട തീരുമാനപ്രകാരമാണ് ബണ്ട് നിര്‍മ്മാണം. മന്ത്രി തന്നെയാണ് മണല്‍ ചാക്ക് കൈമാറി നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്.

"കൈനകരിയിലെ മട കെട്ടാന്‍ മൂന്നു മാസമോ ? ഇല്ല , ഇന്നേക്ക് 3 ദിവസങ്ങള്‍ക്കുള്ളില്‍ ‍ മട കുത്തി , മറ്റൊരു മൂന്നു ദിവസത്തിനുള്ളില്‍ കൈനകരിയിലെ മൂന്നു പാടത്തെ ബണ്ടിന്‍ ചരിവുകളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കും. മറ്റൊരാഴ്ച കൊണ്ട് ബണ്ടിന്റെ പണി പൂര്‍ത്തീകരിക്കും , പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കും . ഇത് പറഞ്ഞിട്ടു ആരും വിശ്വസിക്കുന്നില്ല. സാധാരണ ഗതിയില്‍ രണ്ടും മൂന്നും മാസങ്ങള്‍ വേണ്ടി വരുന്ന പ്രവൃത്തി രണ്ടാഴ്ച കൊണ്ട് തീര്‍ക്കാന്‍ ഞങ്ങള്‍ ഇറങ്ങുകയായി . ഇത് വിജയിച്ചാല്‍ ഈ മാതൃകയില്‍ മറ്റ് പാടശേഖരങ്ങളിലെ മട വീണ ബണ്ട് കൂടി പുനരുദ്ധരിക്കും" - മന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മൂന്ന് ടീമായാണ് പണി. ''ഒന്നാമത്തെ ടീം മതിമോഹനും ശിഷ്യന്മാരും ആണ് . നാലാള്‍ താഴ്ചയുള്ള കയത്തില്‍ മുങ്ങിത്താണ് നാല്‍പ്പതടി വീതിയിലും നാല്‍പ്പതടി നീളത്തിലും മണല്‍ ചാക്കുകള്‍ അടുക്കി വിടവുകളില്‍ പൂഴി നിറയ്ക്കുന്ന പണി അവരാണ് ചെയ്യുന്നത്.''-ഐസക്ക് എഴുതുന്നു. ''നാല്‍പ്പത് പേരാണ് ഈ പണിയെടുക്കുന്നത്. ഓരോ ഷിഫ്റ്റിലും ഇരുപതു പേര്‍ വീതം.പത്തുപേരാണ് ഒരേ സമയം മുങ്ങാം കുഴിയിടുക . അരമണിക്കൂര്‍ പണിയെടുത്താല്‍ അരമണിക്കൂര്‍ റസ്റ്റ് ആണ് . കര്ശന ചിട്ടക്കാരന്‍ ആണ് മതിമോഹന്‍ . പണിയെടുക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ല , അത്ര നിര്‍ബന്ധമാണെകില്‍ മുറുക്കാം . പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞാണ് വെള്ളത്തില്‍ ഇറങ്ങിയത്. നാളെ കാലത്ത് പണി തുടങ്ങിയാല്‍ രാത്രിയും പണി തുടരും . രാവും പകലും തമ്മില്‍ വെള്ളത്തിനടിയില്‍ വലിയ വ്യത്യാസം ഒന്നുമില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം

രണ്ടാമത്തെ ടീം ദേശീയ ജലപാത ടെര്‍മിനലില്‍ ചക്കില്‍ മണ്ണ് നിറക്കുന്നവരാണ്. ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ള കൈനകരിക്കാരാണ് ഈ പണി ഏറ്റെടുത്തിട്ടുള്ളത്. ഇത് തൊഴിലുറപ്പിന്റെ ഭാഗമാക്കാന്‍ കഴിയുമോ എന്നു നോക്കുന്നുണ്ട് . ബാഗുകള്‍ തുന്നുന്നത് വിദഗ്ധ തൊഴില്‍ ആണ് . അതുമാത്രം ചെയ്യുന്ന ഏഴെട്ടുപേരുണ്ട് . രണ്ടു തയ്യല്‍ മെഷീന്‍ കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് . മൂന്നു ബാര്‍ജ്ജുകള്‍ ഉണ്ട്. ബാഗ് നിറച്ചുകഴിഞ്ഞാല്‍ ബാര്‍ജ്ജില്‍ ആണ് കൈനകരി പാടശേഖരത്തി ലേക്ക് കൊണ്ട് പോകുക.ബാഗുകള്‍ അവിടെ നിലത്തിറക്കി വയ്ക്കാനൊന്നും കഴിയില്ല . ബാര്‍ജ്ജില്‍ നിന്നു നേരെ മുങ്ങാംകുഴിയിടുന്നവര്‍ക്ക് കൊടുക്കുകയാണ്. അപ്പോള്‍ ടെര്‍മിനലില്‍ മറ്റൊരു ബാര്‍ജ്ജില് ബാഗ് നിറയും. ഇതരത്തില്‍ അച്ചിട്ട യന്ത്രം പോലെ ഈ പണി നടക്കും.

മൂന്നാമത്തെ ടീം തോട്ടപ്പള്ളിയില്‍ നിന്നു മണ്ണ് ശേഖരിച്ച് കൊണ്ട് വരുന്നവരാണ് . ആലപ്പുഴ കനാല്‍ ക്ലീനീങ്ങിന് വന്ന ലോങ് ആമറുകളും മറ്റും അങ്ങോട്ട് നിയോഗിച്ചിരിക്കുകയാണ്. ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും  കുട്ടനാട്ടിലെ ബണ്ട് നിര്‍മ്മാണത്തിന് മണ്ണെടുക്കുന്നതിന് തോട്ടപ്പള്ളിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഒരു ദിവസം ഇതുമായി ബന്ധപ്പെട്ട കുരുക്കുകളില്‍ മണ്ണെടുപ്പ് തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. ഈ വിഘ്നങ്ങള്‍ നീങ്ങി, ധീവരസഭയും പൂര്‍ണ്ണ സമ്മതം നല്കിയിട്ടുണ്ട്.

"ശനിയാഴ്ചയാണ് ഞാന്‍ ഇനി ആലപ്പുഴയില്‍ വരിക . അന്ന് വൈകുന്നേരം പമ്പിങ് ആരംഭിക്കാന്‍ കഴിയുമോ? നടത്തിയിരിക്കും എന്നാണ് എല്ലാവരുടെയും വാശി"-ഐസക് ഫേസ് ബുക്ക് പോസ്റ്റില്‍ പ്രത്യാശ പ്രകടിപ്പിയ്ക്കുന്നു.

മതി മോഹനന്‍

മതി മോഹനന്‍

മടകുത്താൻ മുന്നിൽ മതിമോഹനന്‍

ആലപ്പുഴ
‘ആഴം കൂടുന്നതനുസരിച്ച് വീതികൂട്ടിയാൽ അത് കട്ടയുമായി യോജിച്ച് നിന്നോളും, പിന്നെ ഇളകില്ല’-- 15–-ാം വയസില്‍ മുരിക്കന്റെ കായലില്‍ പണിക്ക്‌ പോയ അനുഭവസമ്പത്ത്‌ തെളിയുന്നുണ്ട്‌ മതിമോഹനന്റെ വാക്കുകളിൽ. സര്‍ക്കാര്‍ സഹായത്തോടെ കൈനകരി കനകാശേരി പാടത്ത് പരമ്പരാഗത രീതിയില്‍ മടകുത്താനൊരുങ്ങുകയാണ് മതിമോഹനന്‍. മന്ത്രി തോമസ് ഐസക് പങ്കെടുത്ത യോ​ഗത്തില്‍ മതിമോഹൻ സംസാരിച്ചപ്പോൾ നാട്ടുകാർക്കും ധൈര്യം.

‘‘ചാക്കില്‍ നിറയ്‌ക്കാൻ കടപ്പുറം മണ്ണാണ് നല്ലത്. വലിയ ചാക്കാണെങ്കിൽ 50 കിലോ മണ്ണ് വേണം. ഇത് മുഴുവൻ നിറക്കരുത്. നാലഞ്ച് കിലോയ്‌ക്കുള്ള സ്ഥലം ബാക്കിയിടണം. ക‌ൃത്യമായി ഉറയ്‌ക്കാനാണിത്. പമ്പിങ് നടത്തി കുറച്ച്‌  വെള്ളം വറ്റിച്ച്‌ പിള്ളച്ചിറയ്‌ക്ക്‌ കുറ്റിയടിക്കണം’’–- മതിമോഹനൻ മടകുത്തുന്നതിനുള്ള പ്രാഥമികമായ കാര്യങ്ങൾ വിവരിച്ചു.

 ‘‘കല്ലൻമുളകൊണ്ടുള്ള കുറ്റിയാണെങ്കിൽ ചെളിക്കകത്ത് നിൽക്കണം. പിള്ളച്ചിറ കുറ്റിക്ക് മല്ലുവച്ച് കെട്ടണം. ഇത് ആദ്യമടിച്ച കുറ്റിക്കും മണ്ണ് ചാക്കിനും പുറത്തായിരിക്കണം. വീണ്ടും പമ്പുപയോ​ഗിച്ച് വെള്ളം വറ്റിക്കണം.  ആദ്യ പിള്ളച്ചിറപിടിച്ച് കട്ടയിടണം. കട്ടയുടെ മുകളിൽ വെള്ളം വരരുത്. അവിടെ കുറ്റിയടിച്ച് കുറുമല്ലുകെട്ടി വീണ്ടും പിള്ളച്ചിറ പിടിക്കണം. പിള്ളച്ചിറയും ഏറ്റവും അടിയിൽ ഉറപ്പിച്ച മണ്ണ് ചാക്കും ബന്ധിപ്പിച്ചിരിക്കണം’–-  മടവീഴാതിരിക്കാനുള്ള കൃത്യമായ മാർഗം മതിമോഹനൻ വിവരിച്ചു.

കനകാശേരി പാടത്ത് 20 ചാക്ക് നീളത്തിലും 40 ചാക്ക് ആഴത്തിലുമാണ് മടകെട്ടുക. 30--40 ലക്ഷം രൂപയാണ്‌ ചെലവ്‌. അഞ്ച്‌ ദിവസംകൊണ്ട്‌ പൂർത്തിയാക്കാനാകും. കഴിഞ്ഞ പ്രളയത്തില്‍ ക‌ൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വിളിച്ചതനുസരിച്ച് ത‌ൃശൂരിലെ ചേര്‍പ്പ് പാടത്ത്‌ മടകെട്ടാനെത്തി. ഉരുള്‍പൊട്ടിയ സ്ഥലമായിരുന്നു അത്. ഏഴ് ദിവസമെടുത്താണ് 80 മീറ്റര്‍ നീളത്തില്‍ മട പൂര്‍ത്തിയാക്കിയത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top