16 January Saturday

സാങ്കേതിക സര്‍വകലാശാല: പുനര്‍മൂല്യനിര്‍ണയത്തിലെ അപാകത; 82 അധ്യാപകരോട് വിശദീകരണം തേടും

സ്വന്തം ലേഖകന്‍Updated: Monday Nov 16, 2020

തിരുവനന്തപുരം> സാങ്കേതിക സര്‍വകലാശാലയുടെ  ഏഴാം സെമസ്റ്റര്‍ ബി ടെക് പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയത്തിലെ പിഴവുകളുമായി ബന്ധപ്പെട്ട്  82 അധ്യാപകരോട് വിശദീകരണം തേടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവുമായും ബന്ധപ്പെട്ട് പരീക്ഷാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

ഏഴാം സെമസ്റ്ററില്‍  2,08,226 ഉത്തരക്കടലാസുകളുടെ ആദ്യ മൂല്യനിര്‍ണയത്തിനുശേഷം 24,854 ഉത്തരക്കടലാസുകളാണ് പുനര്‍മൂല്യനിര്‍ണയം നടത്തിയത്. ഇതില്‍ ആദ്യം പരാജയപ്പെട്ട 24 ശതമാനം വിജയിക്കുകയും 34.4 ശതമാനം ഉയര്‍ന്ന ഗ്രേഡുകള്‍ നേടുകയും ചെയ്തു. രണ്ട് മൂല്യനിര്‍ണയങ്ങളിലായി 15 മാര്‍ക്കിന്റെ വ്യത്യാസമുണ്ടെങ്കില്‍ പരീക്ഷാഫീസ് തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ.  

2617 പേര്‍ പരീക്ഷാ ഫീസ് തിരികെ ലഭിക്കാന്‍  അര്‍ഹതനേടി. 627 ഉത്തരക്കടലാസുകളില്‍ 25 മാര്‍ക്കിലേറെ  വ്യത്യാസമുണ്ട്. 30 മാര്‍ക്കിലധികം വ്യത്യാസമുള്ള 250 ഉം, 40 ലേറെ വ്യത്യാസമുള്ള 30 ഉത്തരക്കടലാസുകളുമുണ്ട്. പുനര്‍മൂല്യനിര്‍ണയം നടത്തിയ 15 ശതമാനത്തിലേറെ ഉത്തരക്കടലാസുകളില്‍ പതിനഞ്ച് മാര്‍ക്കിലേറെ വ്യത്യാസം രേഖപ്പെടുത്തിയ 57 അധ്യാപകര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കുന്നത്.

ആദ്യ രണ്ട് മൂല്യ നിര്‍ണയങ്ങളിലും പരാജയപ്പെടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ നിബന്ധനകളോടെയുള്ള ഒരു റിവ്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ മൂന്നാം മൂല്യനിര്‍ണയം നടത്തിയ 25 ഉത്തരക്കടലാസുകളില്‍ 18 വിദ്യാര്‍ഥികള്‍ വിജയിച്ചു. ആദ്യ മൂല്യനിര്‍ണയങ്ങളിലെ മാര്‍ക്കും റിവ്യൂ മാര്‍ക്കുമായി 10 ല്‍ കൂടുതല്‍ വ്യത്യാസം രേഖപ്പെടുത്തിയ 25 അധ്യാപകരോടും  വിശദീകരണം തേടും.

മേല്‍നോട്ട സമിതി രൂപീകരിക്കും; മിന്നല്‍ സ്‌ക്വാഡും വരും

പരീക്ഷകളുടെ കൃത്യതയാര്‍ന്ന നടത്തിപ്പിനായി പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അധ്യാപകരുടെ ജില്ലാതല മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷ സമിതി മിന്നല്‍ സന്ദര്‍ശനം നടത്തും.  

മൂന്നുവര്‍ഷമെങ്കിലും അധ്യാപക പരിചയം ഉള്ളവരെയേ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുവാനുള്ള സമിതിയില്‍ ഉള്‍പെടുത്തൂ. ഇതര യൂണിവേഴ്‌സിറ്റികളിലെയും ദേശീയ സാങ്കേതിക സ്ഥാപനങ്ങളിലെയും പ്രഗത്ഭരായ അദ്ധ്യാപകരുടെ സേവനവും ചോദ്യപേപ്പറുകള്‍ തയ്യാറാക്കാന്‍ തേടും. എല്ലാ സെമസ്റ്ററുകളിലും 20 ശതമാനം ചോദ്യങ്ങളെങ്കിലും ഇത്തരത്തില്‍ തയ്യാറാക്കും. കേന്ദ്രീകൃത മൂല്യനിര്‍ണയം നടക്കുന്ന കാലയളവില്‍ കോളേജുകളില്‍ അധ്യയനം ഒഴിവാക്കും.

ചോദ്യപേപ്പറുകള്‍ക്കൊപ്പം വിശദവും കൃത്യതയാര്‍ന്നതുമായ മൂല്യനിര്‍ണയ പദ്ധതിയും, മൂല്യനിര്‍ണയത്തിന് മുന്‍പ്  അധ്യാപകരുടെ യോഗവും നിര്‍ബന്ധമാക്കും.

പരീക്ഷാ നടത്തിപ്പ് പരിഷ്‌കരിക്കും

ശിക്ഷാ നടപടികളുമായി ബന്ധപ്പെട്ട അധ്യപകരുടെ പരാതികളില്‍ തീരുമാനമെടുക്കുവാന്‍  പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തിലുള്ള അപ്പലേറ്റ് കമ്മിറ്റി രൂപീകരിക്കും. മൂല്യനിര്‍ണയത്തിലെ പിഴവുകള്‍ക്ക് അധ്യാപകര്‍ക്ക് ലഭിക്കുന്ന ശിക്ഷകളും, പരീക്ഷാ ക്രമക്കേടുകളും  കോളേജിന്റെ പ്രവര്‍ത്തന മികവുകള്‍ നിശ്ചയിക്കുവാനുള്ള അക്കാഡമിക് ഓഡിറ്റിങ്ങിന്റെ ഘടകമാക്കും.  പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചു പരീക്ഷാ നടത്തിപ്പും പരീക്ഷമാനുവലും അഫിലിയേഷന്‍  മാനുവലും പരിഷ്‌ക്കരിക്കും.

കോപ്പിയടി: സൈബര്‍ പൊലീസില്‍ പരാതി നല്‍കും


തിരുവനന്തപുരം> സപ്ലിമെന്ററി പരീക്ഷയില്‍ നാല് കോളേജുകളില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് കോപ്പിയടി കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചു.

ചില കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി നടത്തുന്നില്ലെന്ന   പരാതിയില്‍ വിദ്യാര്‍ഥികളുമായും പ്രിന്‍സിപ്പല്‍മാരുമായും ഓണ്‍ലൈന്‍ ഹിയറിങ് നടത്തും. അധ്യാപക ഇതര ജീവനക്കാരെ സ്റ്റാറ്റൂട്ട് പ്രകാരം ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഒരു തവണകൂടി ഓപ്ഷന്‍ വഴി നിയമിക്കുവാനും സിന്റിക്കേറ്റ് തീരുമാനിച്ചു.

വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീ അധ്യക്ഷയായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top