18 June Friday
‘ടൗട്ടെ’ ഇന്ന്‌ ചുഴലിക്കാറ്റാകും

പെരുമഴ, കടലാക്രമണം , വ്യാപകനാശം ; സംസ്ഥാന വ്യാപകമായി ആയിരത്തോളം ദുരിതാശ്വാസ 
ക്യാമ്പ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021

ചെല്ലാനത്തെ വീടുകളിൽനിന്ന് ജനങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റുന്നു


തിരുവനന്തപുരം
അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദത്തിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത്‌ കനത്ത മഴയിലും കടൽക്ഷോഭത്തിലും വ്യാപകനാശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ,  മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ കടലാക്രമണം വലിയ നാശം വിതച്ചു. ആയിരത്തോളം വീട്ടിൽ വെള്ളം കയറി. നിരവധി വീടും റോഡുകളും തകർന്നു.

കടലാക്രമണത്തെ തുടർന്ന് വെള്ളം കയറിയ ചെല്ലാനത്തെ വീട്ടിൽനിന്ന്  സുരക്ഷിത സ്ഥലത്തേക്ക് 
മാറുന്നവർ

കടലാക്രമണത്തെ തുടർന്ന് വെള്ളം കയറിയ ചെല്ലാനത്തെ വീട്ടിൽനിന്ന് സുരക്ഷിത സ്ഥലത്തേക്ക് 
മാറുന്നവർ


 

കൊല്ലം ആലപ്പാട്‌ പഞ്ചായത്തിൽ മൂന്നു വീട്‌ തകർന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തിരുവനന്തപുരത്ത്‌ പൊഴിയൂർ, അഞ്ചുതെങ്ങ്‌, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിലായി ഇരുനൂറോളം വീട്ടിൽ വെള്ളം കയറി. എറണാകുളത്ത്‌ ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം അതിരൂക്ഷമായി.

ഉൾക്കടൽ പ്രക്ഷുബ്ധമായതിനാൽ മൂന്ന്‌ ശ്രീലങ്കൻ ബാർജടക്കം ആറ്‌ കപ്പൽ കൊല്ലം തുറമുഖത്ത്‌ നങ്കൂരമിട്ടു. സംസ്ഥാന വ്യാപകമായി ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു.

‘ടൗട്ടെ’ ഇന്ന്‌ ചുഴലിക്കാറ്റാകും
തെക്ക്‌ കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി. ശനിയാഴ്‌ചയോടെ ‘ടൗട്ടെ’ ചുഴലിക്കാറ്റാകുമെന്നാണ്‌ പ്രവചനം. അതിതീവ്ര ന്യൂനമർദം നിലവിൽ കണ്ണൂർതീരത്തുനിന്ന്‌ 310 കിലോമീറ്റർ അകലെയാണ്‌. ചുഴലിക്കാറ്റാകുമ്പോൾ 100 കിലോ മീറ്റർവരെ വേഗമുണ്ടാകും. തുടർന്ന്‌ വടക്ക്, വടക്ക്‌–- -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ചൊവ്വാഴ്‌ച പുലർച്ചയോടെ ഗുജറാത്ത്‌ തീരത്തിനടുത്ത്‌ എത്തുമെന്നുമാണ്‌ പ്രതീക്ഷ.

സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കേരളതീരത്തോട് വളരെ അടുത്തായതിനാൽ ഞായറാഴ്‌ചവരെ സംസ്ഥാനത്ത്‌ അതിതീവ്ര മഴയ്‌ക്കും ശക്തമായ കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും ഇടിമിന്നലിനും സാധ്യതയുണ്ട്‌.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top