03 February Friday
കലങ്ങിമറിഞ്ഞ്‌ കോൺഗ്രസ്‌

ഹൈക്കമാൻഡിന്‌ കടുത്ത ആശങ്ക ; അടി തടയാൻ താരിഖ്‌ അൻവർ നാളെ കേരളത്തിൽ

എം പ്രശാന്ത്‌Updated: Wednesday Nov 23, 2022


ന്യൂഡൽഹി
ശശി തരൂരിനെ കേന്ദ്രീകരിച്ച്‌ കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുപോര്‌ വീണ്ടും മൂർച്ഛിച്ചതോടെ സംസ്ഥാനത്തിന്റെ ചുമതലക്കാരനായ എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ വെള്ളിയാഴ്‌ച കേരളത്തിലെത്തും. സ്ഥിതിഗതികളുടെ ഗൗരവസ്വഭാവം പരിഗണിച്ച്‌ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം ഹൈക്കമാൻഡിന്‌ റിപ്പോർട്ട്‌ സമർപ്പിക്കും. പരസ്യപ്രസ്‌താവനകൾ ഒഴിവാക്കാൻ സംസ്ഥാന നേതാക്കൾക്ക്‌ ഹൈക്കമാൻഡ്‌ നിർദേശം നൽകിയിട്ടുണ്ട്‌.  

മുൻ നിശ്ചയിച്ച പരിപാടിക്കാണ്‌ താരിഖ്‌ അൻവർ എത്തുന്നതെങ്കിലും നേതാക്കളുമായി വിശദമായ ചർച്ചയ്‌ക്ക്‌ അവസരമൊരുക്കുന്നതിനായി രണ്ടുദിവസം കേരളത്തിൽ തങ്ങും. ഗ്രൂപ്പുപോരിന്റെ രൂക്ഷത എത്രയെന്ന്‌ മനസ്സിലാക്കി നേതൃത്വത്തെ ധരിപ്പിക്കാനാകും താരിഖിന്റെ ശ്രമം.

ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന്‌ നേതൃത്വത്തിലേക്ക്‌ വരാനുള്ള ശശി തരൂരിന്റെ നീക്കങ്ങളിൽ ഹൈക്കമാൻഡിന്‌ അതൃപ്‌തിയുണ്ട്‌. എഐസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചതുമുതൽ തരൂർ ഹൈക്കമാൻഡിന്റെ നോട്ടപ്പുള്ളിയാണ്‌. കേരളത്തിൽ നേതാക്കളുടെ പരസ്യമായ പോർവിളി ദിവസങ്ങളായി തുടർന്നിട്ടും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ മൗനം തുടരുകയാണ്‌.

തരൂരിനെതിരായി നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ താരിഖ്‌ അൻവർ മാധ്യമങ്ങളോട്‌ പറഞ്ഞു. തരൂർ മുതിർന്ന നേതാവാണ്‌. അദ്ദേഹം വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുമെന്ന്‌ കരുതുന്നില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറയുന്നതാണ്‌ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്‌. അച്ചടക്കലംഘനത്തിലേക്ക്‌ ആരും കടക്കരുത്‌. തരൂർ അച്ചടക്കം ലംഘിക്കുമെന്ന്‌ കരുതുന്നില്ല–- താരിഖ്‌ പറഞ്ഞു.

കലങ്ങിമറിഞ്ഞ്‌ കോൺഗ്രസ്‌
മലബാർ പര്യടനത്തോടെ ‘തരൂർ പ്രഭാവം’ തീരുമെന്ന്‌ കരുതിയവരെ നിരാശയുടെ പടുകുഴിയിലാക്കി കോട്ടയത്തുനിന്ന്‌  ‘സഡൻ ഗോളുകൾ’.  ഉമ്മൻചാണ്ടിയുടെ അടക്കം മൗനാനുവാദത്തോടെയാണ്‌ കോട്ടയത്ത്‌ ശശി തരൂരിന്‌ പുതിയ പരിപാടികൾ നൽകിയതെന്നാണ്‌ വിവരം. തരൂർവിരുദ്ധ ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടുള്ള നീക്കങ്ങളാണ്‌ ദിവസേന  നടക്കുന്നതെങ്കിലും തടയിടാനുള്ള മറുനീക്കങ്ങളും ശക്തം. ഇപ്പോഴുള്ള ആളൽ കഴിഞ്ഞാൽ തരൂരിന്റെ പത്തി മടക്കാനുള്ള പണികൾ നടത്തുമെന്നാണ്‌ കെ സി വേണുഗോപാൽ, വി ഡി സതീശൻ അനുകൂലികൾ നൽകുന്ന സന്ദേശം.

ആളുകളെ വിലകുറച്ച്‌ കണ്ടാൽ ‘മെസി’യുടെ അനുഭവമുണ്ടാകുമെന്ന കെ മുരളീധരന്റെ ബുധനാഴ്ചത്തെ വെടി വി ഡി സതീശനുള്ളതാണ്‌. മുരളി മാത്രമല്ല, തരൂരും എം കെ രാഘവനും അടക്കം അനവധി നേതാക്കൾ സതീശന്റെ ‘നിലയ്ക്കു നിർത്തു’മെന്ന ഭീഷണിയെയും സുധാകരന്റെ വിലക്കിനെയും വകവയ്ക്കാതെ രംഗത്തുവന്നു. തങ്ങളല്ല വിഭാഗീയത പറയുന്നതെന്നും അങ്ങനെ ആരോപിക്കുന്നവരിലാണ്‌ വിഭാഗീയതയെന്നും തിരിച്ചടിക്കുകയാണ്‌ തരൂർ ക്യാമ്പ്‌. മലബാർ പര്യടനം കഴിഞ്ഞ്‌ ബുധനാഴ്ച വൈകിട്ട്‌ തിരുവനന്തപുരത്തെത്തിയ ശശി തരൂർ മാധ്യമങ്ങളോട്‌ ആവർത്തിച്ചതും അതാണ്‌. അദ്ദേഹത്തിന്റെ മറുപടികളും ശരീരഭാഷയും സൂചിപ്പിക്കുന്നത്‌  സതീശനോ സുധാകരനോ താൻ കീഴ്‌പ്പെടില്ല എന്നുതന്നെയാണ്‌.

മുസ്ലിംലീഗ്‌ അടക്കമുള്ള ചില സംഘടനകളാകട്ടെ നിലവിലുള്ള സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിലുള്ള അസംതൃപ്തിയാണ്‌ തരൂർ അനുകൂല നീക്കത്തിലൂടെ പ്രകടിപ്പിക്കുന്നത്‌. ഇത്‌ കോൺഗ്രസിനെ കുഴപ്പിക്കുന്നു. അവസരം നോക്കി രംഗത്തു വന്ന മുതിർന്ന നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്‌ പാർടി വലിയ അപകടത്തിലാണെന്നാണ്‌. അതും നിലവിലെ നേതൃത്വത്തിനെതിരായ കുത്താണ്‌. കെ സുധാകരന്റെ ആർഎസ്‌എസ്‌ ബന്ധം അവസാനിപ്പിക്കാനോ അതുണ്ടാക്കിയ മുറിവ്‌ എന്തെങ്കിലും തൊലിപ്പുറ ചികിത്സകൊണ്ട്‌ പരിഹരിക്കാനോ കഴിയില്ല എന്നതാണ്‌ കോൺഗ്രസിനെ ഇപ്പോഴും വെട്ടിലാക്കുന്നത്‌. വി ഡി സതീശന്റെ  ഇരട്ടത്താപ്പുകളും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. ഈ വിടവിലൂടെ തരൂർ ഇടിച്ചുകയറുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top