29 February Saturday

കണ്ണിയാകാന്‍ കശ്മീരിന്റെ പോരാളിയുമെത്തി; തരിഗാമി അണിചേര്‍ന്നത് മലപ്പുറത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

തരിഗാമി കണ്ണിയാകാന്‍ എത്തുന്നു. പി കെ ശ്രീമതി ,മന്ത്രി കെ ടി ജലീല്‍ തുടങ്ങിയവര്‍ സമീപം

മലപ്പുറം> ഇന്ത്യയെ രക്ഷിയ്ക്കാന്‍ മഹാമുന്നേറ്റം ഒരുക്കി കേരളം മനുഷ്യമഹാശൃംഖല തീര്‍ത്തപ്പോള്‍ അതില്‍ കണ്ണിയാകാന്‍ കശ്മീരിന്റെ പോരാളിയും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ജമ്മു കശ്മീര്‍ നിയമസഭാംഗവുമായ മുഹമ്മദ്‌ യൂസഫ് തരിഗാമി മലപ്പുറത്ത് കുന്നുമ്മലിലാണ് ശൃംഖലയില്‍ കണ്ണിയായത്. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി,മന്ത്രി കെ ടി ജലീല്‍ തുടങ്ങിയവരും ഇവിടെ കണ്ണിയായി. തുടര്‍ന്നു ചേര്‍ന്ന പൊതുയോഗത്തിലും തരിഗാമിയും മറ്റ് നേതാക്കളും സംസാരിച്ചു.

കശ്മീരിന്റെ ഭരണഘടനാ സംരക്ഷണം എടുത്തുകളഞ്ഞു നേതാക്കളെ തടവിലാക്കിയപ്പോള്‍ വീട്ടുതടങ്കലിലായ തരിഗാമിയെ നിയമ പോരാട്ടത്തിലൂടെയാണ് സിപിഐ എം പുറത്തെത്തിച്ചത്.

വിവേചനപരമായ പൗരത്വ ഭേദഗതിക്കും അപകടകരമായ പൗരത്വ രജിസ്‌റ്ററിനും എതിരെ കേരളം നടത്തുന്ന പ്രതിരോധം രാജ്യത്തിന്‌ മാതൃകയും പ്രതീക്ഷയുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഭേദഗതിയെ ഭരണഘടനാ പ്രശ്‌നമായി അവതരിപ്പിക്കാൻ കേരളത്തിനായി. ഈ നിയമം നടപ്പാക്കില്ലെന്ന്‌ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്‌. പ്രതിപക്ഷവുമായി ചേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യോജിച്ച പ്രതിഷേധം രാജ്യം ശ്രദ്ധിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത്‌ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സയ്ക്കെത്തിയ തരിഗാമി അവിടെ നിന്നാണ് കണ്ണിയാകാന്‍ എത്തിയത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top