19 November Tuesday

താനൂർ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Oct 30, 2019

തിരുവനന്തപുരം> താനൂർ കൊലപാതകം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം നിർഭാഗ്യകരമാണ്‌. പ്രതികളിൽ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വിരോധംമൂലമാണ്‌ കൊലപാതകമെന്നാണ്‌ പ്രാഥമിക നിഗമനം. കേസിൽ മൂന്നുപേരെ അറസ്‌റ്റ്‌ ചെയ്‌തു.  മൂന്നുപേരെ തിരിച്ചറിഞ്ഞു. സംഭവത്തെ സർക്കാർ ഗൗരവമായാണ്‌ കാണുന്നത്‌. കേസിൽ ഉൾപ്പെട്ടവർ ആരായാലും സംരക്ഷിക്കില്ല. താനൂർ കൊലപാതകം സഭ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സംഘർഷം കുറച്ചുകൊണ്ടുവരാനും നാടിനെ സമാധാന അന്തരീക്ഷത്തിലേക്ക്‌ എത്തിക്കാനും  സർക്കാർ ഊർജിതമായി ഇടപെടുന്നു.  ചെറിയ സംഭവങ്ങളിൽപോലും ഇടപെട്ട്‌ സംഘർഷം ഇല്ലാതാക്കാൻ പൊലീസിനു കഴിഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്കുപ്രകാരം ജാതീയ സംഘർഷവും വർഗീയ സംഘർഷവും ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. 

സംസ്ഥാനത്ത്‌ രാഷ്ട്രീയ സംഘർഷം  കുറഞ്ഞുവരികയാണ്‌. അത്‌ പൊലീസ്‌ നിഷ്‌പക്ഷമായി ഇടപെടുന്നതുകൊണ്ടാണ്‌. ഈ കേസിലും പൊലീസിന്റെ നടപടി പൊലീസ്‌ സ്വീകരിക്കും.  രാഷ്ട്രീയ നേതൃത്വം ഇടപെടില്ല. പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത്‌ നടത്തിയ ചർച്ചയുടെ അന്തഃസത്ത ഉൾക്കൊണ്ടു മുന്നോട്ടുപോകാൻ രാഷ്ട്രീയ നേതാക്കളും അണികളും ബാധ്യസ്ഥരാണ്‌. നാട്ടിൽ സമാധാന അന്തരീക്ഷം വേണം. അതില്ലെങ്കിൽ ജനങ്ങളോട്‌ കാര്യങ്ങൾ പറയാനാവില്ല.
ജനങ്ങളെ അണിനിരത്തി നാടിന്റെ ഭാവിക്ക്‌ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന്‌ സ്‌പീക്കർ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു.

പിന്നിൽ പള്ളിയിലെ കണക്കുമായി ബന്ധപ്പെട്ട തർക്കം:വി അബ്ദുൾ റഹ്‌മാൻ എംഎൽഎ


താനൂരിലേത്‌ രാഷ്ട്രീയ കൊലപാതകമല്ലെന്നും പള്ളിയിലെ കണക്കുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായതാണെന്നും താനൂർ എംഎൽഎ വി അബ്ദുൾ റഹ്‌മാൻ നിയമസഭയിൽ പറഞ്ഞു. പള്ളികൾ കൈയടക്കാനും അധികാരംപിടിക്കാനുമായി ലീഗ്‌ നടത്തുന്ന ആസൂത്രിത ആക്രമണത്തെ നാട്ടുകാർ ചെറുക്കുകയാണ്‌. ലീഗിന്റെ ആക്രമണത്തിൽ എട്ട്‌ സിപിഐ എം പ്രവർത്തകരാണ്‌ ജീവച്ഛവമായത്‌.

പാലോളി മുഹമ്മദ്‌കുട്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കൾ സമാധാനത്തിന്‌ ആഹ്വാനംചെയ്‌തശേഷവും ലീഗ്‌ ആക്രമണം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. താനൂരിൽ സമാധാനം കൈവരണമെങ്കിൽ ലീഗ്‌ അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top