12 November Tuesday

വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമിതട്ടല്‍: ടി സിദ്ദിഖിനെതിരെ അന്വേഷണം

സ്വന്തം ലേഖകന്‍Updated: Wednesday Oct 23, 2019

കോഴിക്കോട് > വ്യാജ ഒസ്യത്തുണ്ടാക്കി ഭൂമി തട്ടിയെടുക്കാന്‍ കൂട്ടു നിന്നെന്ന പരാതിയില്‍  കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍  എ എച്ച് ഹാഫിസിന്റെ  മൊഴിയെടുത്ത ശേഷം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

സിദ്ദീഖിന് പുറമെ കെപിസിസി നിര്‍വ്വാഹകസമിതി അംഗം എന്‍ കെ അബ്ദുറഹ്മാന്‍, ഡിസിസി സെക്രട്ടറി ഹബീബ് തമ്പി എന്നിവര്‍ക്കെതിരൈയാണ് അന്വേഷണം. 
റിട്ട. ജുഡീഷ്യല്‍ മിജിസ്‌ട്രേറ്റ് പരേതനായ ലിങ്കണ്‍ എബ്രഹാമിന്റെ പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാന്‍, സഹോദരന്‍ ഫിലോമെന്‍ എബ്രഹാമിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണ് മൂന്നുപേര്‍ക്കുമെതിരായ പരാതി. ഇതിന് ഇവര്‍ക്ക് ഒരേക്കര്‍ ഭൂമി പ്രതിഫലമായി ലഭിച്ചു. 2015 സെപ്തംബര്‍ 22ന് താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇവര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കി. ദേശീയപാതയില്‍ താമരശേരി ചുങ്കത്തിനുടത്തായി കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മധ്യസ്ഥരായി ഇടപെട്ട് സ്വന്തമാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

ലിങ്കണ്‍ എബ്രഹാമിന്റെ അച്ഛന്‍ കെ എം എബ്രഹാമിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനു വില്‍പ്പത്ര പ്രകാരം നീക്കിവച്ച ഭൂമി വ്യാജ ഒസ്യത്ത് തയ്യാറാക്കി ഫിലോമെന്‍ എബ്രഹാം സ്വന്തമാക്കിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ട്രസ്റ്റ് അംഗങ്ങള്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരെ സ്വാധീനിച്ച് കേസ് ഒതുക്കി.  തട്ടിപ്പിനെക്കുറിച്ച്  2016 ഒക്ടോബര്‍ 26ന് 'ദേശാഭിമാനി'   വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ സിദ്ദിഖും മറ്റും  നിഷേധിക്കയായിരുന്നു. കേസ് നല്‍കിയവരെ സ്വാധീനിച്ച് പിന്മാറ്റിയതോടെയാണ് അന്ന് തട്ടിപ്പ് കെട്ടടങ്ങിയത്. 

 2016 ഒക്ടോബര്‍ 26ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത

2016 ഒക്ടോബര്‍ 26ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത

ഫിലോമെന്റെ ഉറ്റ ബന്ധുവും സിദ്ദീഖും തമ്മിലുള്ള സൗഹൃദമാണ് പ്രശ്നത്തില്‍  ഇടപെടാന്‍ കാരണം. വ്യാജ ഒസ്യത്തും അതിനു പ്രതിഫലമായി കോടികള്‍ വിലവരുന്ന ഭൂമി നല്‍കിയതും ശരിയാണെന്നു തെളിഞ്ഞാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദ അന്വേഷണം നടത്താനാണ് പൊലീസ് തിരുമാനം. ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ വടകര റൂറല്‍ എസ്പി കെ ജി സൈമണ് കഴിഞ്ഞ ദിവസമാണ് നിര്‍ദ്ദേശം  ലഭിച്ചത്. അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി അബ്ദുള്‍റസാഖ് പറഞ്ഞു.   രാഷ്ട്രീയ ഭാവി നശിപ്പിക്കാന്‍  കുത്തിപ്പൊക്കിയ ആരോപണമാണെന്നാണ് ടി സിദ്ദിഖിന്റെ പ്രതികരണം. എന്നാല്‍, തന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതായി  അദ്ദേഹം സമ്മതിച്ചു. കരാര്‍ ധാരണയുടെ ഭാഗമായി പ്രശ്നം തീരാനാണ് ഇതിന് സന്നദ്ധമായതെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top