27 January Monday

പരുഷ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞ എഴുത്തുകാരികള്‍ അവഗണിക്കപ്പെട്ടു: ടി പത്മനാഭന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

ധർമടം> പരുഷ യാഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്ഞ എഴുത്തുകാരികള്‍ അവഗണിക്കപ്പെട്ട ചരിത്രമാണുള്ളതെന്ന‌്  കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു. അങ്ങനെ ചെയ‌്തതുകൊണ്ട‌്  എഴുത്തുകാരി സരസ്വതിയമ്മയെ സാഹിത്യലോകം  തിരസ്കരിക്കുകയോ മറക്കുകയോ ചെയ്തു. ഭാഗ്യാന്വേഷിയായി സഞ്ചരിക്കാത്ത അവർ നൂറു ശതമാനം ആത്മാർഥതയോടെ ഒരാളെയും കൂട്ടാക്കാതെയാണ‌് എഴുതിയിരുന്നത‌്.  ധർമടം ബീച്ച് ടൂറിസം സെന്ററിൽ കേരള സാഹിത്യ അക്കാദമിയും ‘സ്ത്രീശബ്ദം’ മാസികയും സംഘടിപ്പിച്ച വനിതാ സാഹിത്യ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 1975ൽ സരസ്വതിയമ്മ അന്തരിച്ചപ്പോൾ പത്രവാർത്തപോലുമായില്ല. അന്നും സാംസ്കാരിക നായകരും സ്ത്രീവിമോചന വാദികളും ഉണ്ടായിരുന്നു. തിരുവനന്തപുരത്തുപോലും അനുശോചനയോഗം  നടന്നില്ല. അന്തരിച്ച് 25 വർഷത്തിനുശേഷമാണ് അവരെക്കുറിച്ച് ചെറിയ പുസ്തകം സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചത്. സരസ്വതിയമ്മയുടെ എഴുത്ത‌് ഒരുതരം പൊള്ളുന്ന അനുഭവമാണെന്നും  ടി പത്മനാഭൻ പറഞ്ഞു.

വളരെ കുറച്ചുമാത്രമാണ് എഴുതിയതെങ്കിലും എക്കാലവും ഓർമിക്കേണ്ടതാണ് രാജലക്ഷ്മിയുടെ കഥകൾ. സമൂഹത്തിന്റെ ആരോപണശരങ്ങൾ വേട്ടയാടിയപ്പോഴാണ് അവർ ആത്മഹത്യചെയ്തത്. ലളിതാംബിക അന്തർജനത്തിന് അവരുടെ ഭർത്താവ് സാഹിത്യപ്രവർത്തനത്തിൽ പൂർണ പിന്തുണ നൽകുകയുണ്ടായി. ആധിപത്യത്തിന്റെ സകല ചങ്ങലകളെയും നിസ്സാരവൽക്കരിച്ച അത്ഭുത പ്രതിഭാസമായിരുന്നു മാധവിക്കുട്ടി.  അതിസുന്ദരമായ ഭാഷയിൽ മലയാളത്തിലും ഇംഗ്ലീഷിലും കഥയും കവിതയും ലേഖനവുമെഴുതി. മാധവിക്കുട്ടി തന്നെക്കുറിച്ച് എഴുതിയതും ടി പത്മനാഭൻ അനുസ്മരിച്ചു.

സാമ്പത്തികമായി മാത്രമല്ല, വൈജ്ഞാനികമായും സ്ത്രീ ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ പറഞ്ഞു. സ്ത്രീകളിൽ വലിയൊരു വിഭാഗത്തിന് ഇന്നും പുതിയ ആശയങ്ങൾ സ്വാംശീകരിക്കാൻ സാധിച്ചിട്ടില്ല. അതിനു കഴിഞ്ഞില്ലെങ്കിൽ യാഥാസ്ഥിതികരാകുമെന്നും അദ്ദേഹം പറഞ്ഞു.

നിർഭയമായി സാഹിത്യരംഗത്ത് ഇടപെടാൻ വനിതകൾക്ക് സാധിക്കണമെന്ന് ‘സ്ത്രീശബ്ദം’ മുൻ ചീഫ് എഡിറ്റർ പി കെ ശ്രീമതി പറഞ്ഞു. സങ്കോചവും ഭയവും സ്ത്രീകളെ പൊതുഇടങ്ങളിൽനിന്ന് മാറിനിൽകാൻ പ്രേരിപ്പിക്കുന്നുണ്ട്. സൈബറിടങ്ങളിൽ സ്ത്രീകൾ വേട്ടയാടപ്പെടുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.

നവമാധ്യമങ്ങൾ സ്ത്രീകൾക്ക് പലവിധത്തിലുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ടെന്ന് സാഹിത്യ അക്കാദമി വൈസ്ചെയർമാൻ ഡോ. ഖദീജ മുംതാസ് പറഞ്ഞു. സൈബിറടത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ചൂഷണംചെയ്യപ്പെടുന്നതും സ്ത്രീകൾ തന്നെയാണെന്നും ഖദീജ മുംതാസ് പറഞ്ഞു.

സ്ത്രീവിരുദ്ധമായ ആശയങ്ങൾ സമൂഹത്തിൽ പെരുകിവരുകയാണെന്ന് സ്ത്രീശബ്ദം മാസിക ചീഫ് എഡിറ്റർ അഡ്വ. പി സതീദേവി പറഞ്ഞു. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലാണെന്ന് അഭിമാനിക്കുമ്പോഴും സ്ത്രീവിരുദ്ധ ആശയങ്ങൾ ശക്തിപ്പെടുകയാണ്.

സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്ന് വേറിട്ടുനിൽകാൻ സ്ത്രീപ്രസിദ്ധീകരണങ്ങൾക്ക് സാധിക്കില്ലെന്നും സതീദേവി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top