09 December Monday

ഇന്നലെ ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം, ഇന്ന് മോഡിയുടെ പൊതുയോഗം; ടി പി ശ്രീനിവാസനെ കണ്ട് അമ്പരന്ന് കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

കൊച്ചി> തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശകാര്യ വിദഗ്ധനും മുൻ അംബാസിഡറുമായ ടി പി ശ്രീനിവാസൻ. നരേന്ദ്ര മോഡി പങ്കെടുത്ത റാലിയിലാണ് ബിജെപിക്ക് പിന്തുണയുമായി ടിപി ശ്രീനിവാസനും എത്തിയത്.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്നു ടിപി ശ്രീനിവാസൻ. എറണാകുളം യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തതും ടി പി ശ്രീനിവാസൻ ആയിരുന്നു. അതിനു പിന്നാലെയുള്ള ബിജെപി വേദിയിലെയും സാന്നിധ്യം കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനാണ് വഴിയൊരുക്കിയത്.

കോൺഗ്രസ് സുപ്രധാന സ്ഥാനങ്ങൾ നൽകിയ പലരും പിന്നീട് ബിജെപിയിലെത്തിയ സംഭവങ്ങൾക്ക് പിറകെയാണ് ടിപി ശ്രീനിവാസനും പൊതു ചടങ്ങിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് ശശി തരുരിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച 2009ൽ അദ്ദേഹത്തെ മണ്ഡലത്തിൽ പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തികൂടിയാണ് ശ്രീനിവാസൻ. ഇതാദ്യമായാണ് ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ എത്തുന്നത്. കുമ്മനം രാജശേഖരനുള്ള തന്റെ പിന്തുണ വേദിയിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ കഴിഞ്ഞ 10 വർഷമായി ഒരു മാറ്റവും കൊണ്ടു വന്നില്ല. മാറ്റം ആഗ്രഹിക്കുന്നത് കൊണ്ടാണ് കുമ്മനത്തെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ എത്തിയത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top