16 January Saturday

വികസനം വിലയിരുത്തി ജനങ്ങൾ വോട്ട്‌ ചെയ്യും: ടി പി പീതാംബരൻ

എ എസ്‌ ജിബിനUpdated: Sunday Dec 6, 2020


എൽഡിഎഫ് സർക്കാർ നടത്തിയ വികസനത്തിലൂന്നിയുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനങ്ങൾ വോട്ടു ചെയ്യും. തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ശക്തമായ മുന്നേറ്റം നടത്തുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ടി പി പീതാംബരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ പിടിച്ചുനിൽക്കാനാവില്ല. യുഡിഎഫും കോൺഗ്രസും വലിയ തകർച്ചയാണ്‌ നേരിടാൻ പോകുന്നത്‌. അതവർക്കറിയാം. നിലനിൽപ്പിന്റെ പ്രശ്‌നമായതിനാലാണ്‌ അവർ ഏതടവും പയറ്റുന്നത്‌.

ബിജെപിയാകട്ടെ കേന്ദ്രസർക്കാർ പിന്തുണയുണ്ടായിട്ടും മുന്നോട്ടുപോകാനാകാത്തതിന്റെ വിഷമത്തിലാണ്‌. നിലനിൽപ്പിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച്‌ പുകമറ സൃഷ്‌ടിക്കുകയാണ്‌. എന്നാൽ, ആ വിലയിരുത്തലിൽ കോൺ​ഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷ തകരുമെന്നും പീതാംബരൻ ദേശാഭിമാനിയോട് പറഞ്ഞു.

കേന്ദ്ര ഏജൻസികൾ ബിജെപി താൽപ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പ്രതികരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമം. അന്വേഷണ പുകമുറ സൃഷ്ടിച്ച് എൽഡിഎഫ്‌ സർക്കാരിനെ മോശമാക്കാനാണ് ഇപ്പോൾ ശ്രമം. പിണറായി വിജയനെപ്പോലെ ജനസമ്മതനായ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർത്തി ബിജെപിയെ കേരളത്തിൽ നിലനിർത്താനാണ് ശ്രമം. പക്ഷേ, ജനങ്ങൾക്ക് എൽഡിഎഫ് സർക്കാരിനെ അറിയാം. നിരവധി ജനക്ഷേമപ്രവർത്തനങ്ങളുടെ ​ഗുണം നേരിട്ടനുഭവിച്ചവരാണവർ. വികസനത്തിലൂന്നിയ ആ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുപ്പിൽ ജനം വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെയും കേന്ദ്ര ഏജൻസികളുടെയും രാഷ്ട്രീയ ലാക്കോടെയുള്ള പ്രവർത്തനങ്ങൾക്ക് അവർ ചുട്ട മറുപടിയാകും നൽകുക.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് പിന്നിൽ അവരുടെ നിലനിൽപ്പിനുവേണ്ടിയുള്ള ശ്രമമാണ്. ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വിട്ടുവീഴ്ചകൾ നടത്തും. നിയമസഭാ തെര‍ഞ്ഞെടുപ്പിന് കളമൊരുക്കി പ്രവർത്തകരെ സജ്ജമാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യംകൂടി എൽഡിഎഫിന്‌ ഈ തെര‍ഞ്ഞെടുപ്പിലുണ്ട്‌.

മറ്റ് തെരഞ്ഞെടുപ്പ് കാലങ്ങളെ അപേക്ഷിച്ച് കോവിഡ്കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. സമയം കൂടുതൽ ലഭിക്കുന്നതുകൊണ്ട്‌ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വോട്ടർമാരുമായി ഫലപ്രദമായി സംവദിക്കാനാകുന്നുണ്ട്‌–- ടി പി പീതാംബരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top