17 January Sunday
കൂടുതൽപേരെ പ്രതിയാക്കാൻ വിജിലൻസ്‌

രഹസ്യ ഇടപാടുകളെല്ലാം ചെയ്‌തത്‌ ഇബ്രാഹിംകുഞ്ഞ്‌ നേരിട്ട്‌: ടി ഒ സൂരജ്‌

എം എസ‌് അശോകൻUpdated: Friday Nov 20, 2020വി കെ ഇബ്രാഹിംകുഞ്ഞിന് വൻകിട കരാറുകാർമുതൽ പൊതുമരാമത്തുവകുപ്പിന്റെ എല്ലാതലത്തിലും വിശ്വസ്‌തരുണ്ടായിരുന്നെന്ന്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌. വകുപ്പു സെക്രട്ടറി പറയുന്നതിനെക്കാൾ അത്തരം ആളുകളുടെ അഭിപ്രായത്തിനാണ്‌ വില കൽപ്പിച്ചത്‌. രഹസ്യ ഇടപാടുകളുള്ള പദ്ധതിയെങ്കിൽ വിശ്വസ്‌തരുമായി മാത്രമാണ്‌ വിവരങ്ങൾ പങ്കിട്ടിരുന്നതെന്നും പാലാരിവട്ടം പാലം അഴിമതിക്കേസിൽ നാലാംപ്രതിയായ സൂരജ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു.

പൊതുമരാമത്ത്‌ സെക്രട്ടറിയായി ചുമതലയേറ്റ്‌ ഒരുവർഷത്തിനുള്ളിൽ മന്ത്രിയുമായി നീരസത്തിലായി. തന്നെ ഒഴിവാക്കി മന്ത്രി ‌കീഴുദ്യോഗസ്ഥരിൽനിന്ന്‌ നേരിട്ട്‌ ഫയൽ വാങ്ങാൻ തുടങ്ങിയതാണ്‌ അകൽച്ചയുണ്ടാക്കിയത്‌. എതിർപ്പുള്ള കാര്യങ്ങൾ ഫയലിൽ രേഖപ്പെടുത്തി. എന്നാൽ, അതെല്ലാം മണത്തറിഞ്ഞ ഇബ്രാഹിംകുഞ്ഞ്‌ നോട്ട്‌ നൽകി  ഫയൽ നേരിട്ട്‌ വിളിപ്പിച്ച്‌ ഓർഡർ എഴുതും. മന്ത്രിയുടെ ഓഫീസിലെ ഒരാളാണ്‌ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത്‌. മറ്റു താൽപ്പര്യങ്ങളുള്ള കേസുകളാണെങ്കിൽ അദ്ദേഹം നേരിട്ടാണ്‌ ചെയ്‌തിരുന്നത്‌. അയ്യായിരത്തോളം കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ‌ അക്കാലത്ത്‌ നടന്നു‌.

ഒരുഘട്ടത്തിൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറാൻപോലും ആലോചിച്ചു. എന്നാൽ, മന്ത്രിക്ക്‌ തന്നെ പേടിയുമായിരുന്നു. മറ്റു നേതാക്കളുമായുണ്ടായിരുന്ന അടുപ്പമാണ് കാരണം. പി കെ കുഞ്ഞാലിക്കുട്ടിയുമായി അപ്പോൾ‌ അദ്ദേഹം നല്ല രസത്തിലല്ലായിരുന്നു. കുഞ്ഞാലിക്കുട്ടിയെ മറികടന്ന്‌ ഉദ്യോഗസ്ഥതലത്തിൽ സ്വന്തം ആളുകളെ തിരുകിക്കയറ്റി സ്വാധീനമുണ്ടാക്കാൻ മന്ത്രി‌ ശ്രമിച്ചതാണ്‌ കാരണം.

പാലാരിവട്ടം പാലം നിർമാണത്തിൽ വീഴ്‌ചകളുണ്ടായി. അസിസ്‌റ്റന്റ്‌ സെക്രട്ടറിമുതൽ പരിശോധിച്ചുവന്ന ഫയലാണ്‌ താൻ ഒപ്പിട്ടത്‌. മൊബിലൈസേഷൻ അഡ്വാൻസ്‌ കൊടുത്തതിൽ നിയമപ്രശ്‌നമുണ്ടെങ്കിൽ ആർബിഡിസികെക്ക്‌ തടയാമായിരുന്നു. ആർബിഡിസികെക്കാണ് സർക്കാർ പണം കൊടുത്തത്‌. വായ്‌പയല്ലാതിരുന്നിട്ടും അതിന്‌ പലിശ ഏർപ്പെടുത്തിയത്‌ താനാണ്‌. ഇപിസി (എൻജിനിയറിങ്, പ്രൊക്യൂർമെന്റ്‌, കൺസ്‌ട്രക്‌ഷൻ) മാതൃകയിൽ പാലത്തിന്റെ ഡിസൈനിങ് ഉൾപ്പെടെ ഒറ്റക്കരാറാക്കിയതും വീഴ്‌ചയായി. കരാറുകാർ ഡിസൈനിൽമുതൽ വിട്ടുവീഴ്‌ച നടത്തി. അതു തടയാൻ ആർബിഡിസികെ നിയോഗിച്ച കൺസൾട്ടന്റ്‌ കിറ്റ്‌കോയ്‌ക്കായില്ല. പാലം നിർമാണത്തിലെ പല ഉപകരാറുകളും കുഴപ്പം പിടിച്ചതായിരുന്നു–- സൂരജ്‌ പറഞ്ഞു.

പാലാരിവട്ടം അഴിമതി
കൂടുതൽപേരെ പ്രതിയാക്കാൻ വിജിലൻസ്‌
പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ വൈകാതെ കൂടുതൽപ്പേർ അറസ്‌റ്റിലാകുമെന്ന്‌ വിജിലൻസ്‌. പാലം നിർമാണ കരാറിൽ ഉൾപ്പെടെ ക്രമക്കേട്‌ കാണിച്ചതിനും കരാറുകാരനെ സഹായിക്കാൻ ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്‌ച ചെയ്‌തതിനുമാണ്‌ കൂടുതൽപ്പേരെ പ്രതിചേർക്കുന്നത്‌. കിറ്റ്‌കോ മാനേജിങ് ഡയറക്‌ടറായിരുന്ന സിറിയക്‌ ഡേവിസ്‌, പ്രോജക്‌ട്‌ എൻജിനിയർ സാൻജോ കെ ജൊസ്‌, ജിജേഷ്‌, ആർബിഡിസികെ ജനറൽ മാനേജരായിരുന്ന പി എം യൂസഫ്‌, മാനേജർമാരായിരുന്ന പി എം മുഹമ്മദ്‌ നൗഫൽ, ശരത്‌ എസ്‌ കുമാർ,  അഡീഷണൽ ജനറൽ മാനേജർ ജെയ്‌ പോൾ, ആർഡിഎസിന്റെ സൈറ്റ്‌ എൻജിനിയർ ജോൺ എന്നിവരെയാണ്‌ വിജിലൻസ്‌ പ്രതിചേർക്കാനൊരുങ്ങുന്നത്‌.

കരാറുകാരന്‌ മൊബിലൈസേഷൻ അഡ്വാൻസ്‌ കൊടുക്കാൻ  തീരുമാനമെടുക്കുമ്പോൾ അസിസ്‌റ്റന്റ്‌ സെക്രട്ടറി, അണ്ടർ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി ചുമതലകളിലുണ്ടായിരുന്നവരും പ്രതിസ്ഥാനത്തു വന്നേക്കും. പൊതുമരാമത്തുവകുപ്പിലെ ക്ലറിക്കൽ തസ്‌തികയിലുണ്ടായിരുന്ന ചിലരും കിറ്റ്‌കോ, ആർബിഡിസികെ ഉദ്യോഗസ്ഥരിൽ ചിലരും പ്രതിസ്ഥാനത്ത്‌ വന്നേക്കും. അവർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുള്ളതായി പ്രതികളുടെ മൊഴിയുണ്ട്‌. വിജിലൻസ്‌ നടത്തിയ ത്വരിതാന്വേഷണത്തിൽത്തന്നെ കുറ്റവാളികളെന്ന്‌ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരാണ്‌ ഇവരെല്ലാം. കേസിൽ ഇതുവരെ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎയും മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജും ഉൾപ്പെടെ 13 പ്രതികളുണ്ട്‌‌. ഇതിൽ ആറുപേരാണ്‌ അറസ്‌റ്റിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top