22 October Tuesday

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്ന്‌ ടി ഒ സൂരജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

കൊച്ചി> പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനും ആര്‍ബിഡിസികെയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ഹനീഷിനുമെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ്. റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം പാലം നിർമിക്കാൻ കരാറുകാരന്‌ നിയമവിരുദ്ധ സഹായം നൽകിയത്‌ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ നിർദേശിച്ചിട്ടാണെന്ന്‌ സൂരജ്‌ പറഞ്ഞു. 8.25 കോടി രൂപ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് നല്‍കിയതില്‍ അപകാതയില്ല. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് പണം നല്‍കിയതെന്നും സൂരജ് ആവര്‍ത്തിച്ചു.  മൊബിലൈസേഷൻ അഡ്വാൻസ്‌ എന്ന പേരിൽ കരാറുകാരന്‌ നിയമവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടത്‌  വി കെ ഇബ്രാഹിംകുഞ്ഞാണെന്നും സൂരജ്‌ പറഞ്ഞു.

പലിശയില്ലാതെ 8,25,59,768 രൂപ അനുവദിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.  2014 ജൂലൈ 15ന്‌ സർക്കാർ ഉത്തരവിറക്കി. ഇതിൽ കരാറുകാരനിൽനിന്ന്‌ പലിശ ഈടാക്കണമെന്ന നിർദേശമില്ലായിരുന്നു. താനാണ്‌ ഏഴു ശതമാനം പലിശ ഈടാക്കാൻ തീരുമാനിച്ചതെന്നും സൂരജ്‌ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ബിഡിസികെയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ഹനീഷ് അടക്കമുള്ള ആളുകള്‍ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ല എന്നും സൂരജ്‌ പറഞ്ഞു.ജാമ്യാപേക്ഷയില്‍ ഇതേ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top