18 October Friday

കിഫ്ബിയുടെ കണക്കുകള്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ട്; വ്യാജവാര്‍ത്തക്കെതിരെ ഏഷ്യാനെറ്റ് അവതാരകന് ധനമന്ത്രിയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കൊച്ചി > കിഫ്ബിയുടെ വരവ് ചെലവ് കണക്കുകള്‍ പൂര്‍ണമായും പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ടെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. കിഫ്ബിയുടെ പരിശോധനയെ സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിന് മന്ത്രി നേരത്തെ മറുപടി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ മന്ത്രി കള്ളം പറയുകയാണെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തു. ഇതോടെയാണ് കിഫ്ബിയുടെ കണക്കുകളുടെ പരിശോധനയെ സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തിയത്.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് -പൂര്‍ണരൂപം

ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണിന്റേതായി ഒരു ട്വീറ്റ് കണ്ടു. വ്യാജ വാര്‍ത്ത തോമസ് ഐസക്കിന്റേതാണ് എന്നാണ് അദ്ദേഹത്തിന്റ ആക്ഷേപം. ഞാന്‍ തുടര്‍ച്ചയായി കള്ളം പറയുന്നൂവെന്നു പറയാനും അദ്ദേഹത്തിനു മടിയില്ല. എന്തുപറ്റി ഈ അവതാരങ്ങള്‍ക്ക്?

ഞാന്‍ നിയമസഭയിലും ഇപ്പോഴും പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, കിഫ്ബി C&AG യുടെ ഓഡിറ്റിന് വിധേയമാണ്. അത് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട്, നിയമസഭ പാസ്സാക്കിയ നിയമ പ്രകാരം കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനും അതിന്റെ പരിശോധനയ്ക്കും നിയമസഭ അവലോകനത്തിനും വളരെ വിശദവും താരതമ്യമില്ലാത്തതുമായ സംവിധാനങ്ങളുണ്ട്. ഇതില്‍ എവിടെയാണ് വ്യാജന്‍?

C&AG (Duties, Powers & Conditions of Service) ആക്ട് 1971, സെക്ഷന്‍ 14 പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ സഞ്ചിതനിധിയില്‍ നിന്നും ഗണ്യമായ തുക ഗ്രാന്റായോ വായ്പയായോ ലഭിക്കുന്ന ഏതൊരു അതോറിറ്റിയും ഏതൊരു സ്ഥാപനവും ഏജീസ് ഓഡിറ്റിന് വിധേയമാണ്. ഈ സ്ഥാപനത്തിന്റെ / അതോറിറ്റിയുടെ എല്ലാ വരവ്-ചെലവ് കണക്കുകളും... (...C&AG shall, ........... audit all receipts and expenditure of that body or authority and to report on the receipts and expenditure audited by him എന്നതാണ് വ്യവസ്ഥ) പരിശോധിക്കാനുള്ള അധികാരമാണ് ഈ വ്യവസ്ഥ C&AGക്ക് നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന്റെ കണക്കു മാത്രമല്ല, സ്ഥാപനത്തിന്റെ എല്ലാ വരവു-ചെലവു കണക്കുകളും പരിശോധിക്കാനുള്ള അവകാശമുണ്ട്. ഇതിന്റെ സമഗ്രതയ്ക്ക് ഒരു പരിധിയും കല്‍പ്പിച്ചിട്ടില്ല. C&AG ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുക്കുകയും നിരീക്ഷണങ്ങള്‍ക്ക് പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ, കിഫ്ബി നിയമത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് അതായത് ബില്ലുകളും വൌച്ചറുകളുമടക്കം എല്ലാ രേഖകളും പരിശോധിച്ച് ബാലന്‍സ്ഷീറ്റും ലാഭനഷ്ട കണക്കും തയ്യാറാക്കുന്നതിനുള്ള ചുമതല C&AGയെ ഏല്‍പ്പിച്ചിട്ടില്ല. അതിനുള്ള സംവിധാനവും മേല്‍നോട്ട പരിശോധന ക്രമീകരണങ്ങളുമെല്ലാം ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. കിഫ്ബി ബോര്‍ഡ് നിയോഗിക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് ക്വാര്‍ട്ടര്‍ലി റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും തയ്യാറാക്കി സമര്‍പ്പിക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഇന്റര്‍നാഷണല്‍ Peer Review Auditor നെ നിയോഗിക്കാന്‍ കഴിഞ്ഞ കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇന്റേണല്‍ ഓഡിറ്ററിനെയും നിശ്ചയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ആറുമാസ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷനുമുണ്ട്. അവരുടെ റിപ്പോര്‍ട്ടും ഓഡിറ്റഡ് അക്കൌണ്ടും നിയമസഭയില്‍ സമര്‍പ്പിക്കുകയും C&AGക്ക് നല്‍കുകയും ചെയ്യും.

നിയമ പ്രകാരം സ്റ്റാറ്റിയൂട്ടറി ഓഡിറ്റിന് C&AGയെ നിയമിക്കാത്ത സ്ഥാപനങ്ങളില്‍ ഇത്തരം പരിശോധന നടത്തുന്നതിന് C&AGക്ക് അവകാശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിന് ഡിപിസി ആക്ട് സെക്ഷന്‍ 20(2) അധികാരപ്പെടുത്തുന്നു. വിനുവിന്റെ ട്വീറ്റില്‍ കാണിക്കുന്ന കത്ത് 20(2) വകുപ്പ് പ്രകാരം സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് തങ്ങളെ ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതാണ്. ഇതിനു സര്‍ക്കാര്‍ നല്‍കിയ മറുപടിയുടെ അവസാന ഭാഗത്ത് വ്യക്തമാക്കിയ ഒന്നുണ്ട്. C&AGക്ക് പ്രസ്തുത നിയമത്തിലെ 14(1) വകുപ്പ് പ്രകാരം സ്വമേധയാ കിഫ്ബിയുടെ ഓഡിറ്റ് ഏറ്റെടുക്കുന്നതിന് തടസ്സമില്ലായെന്നും അതു സംബന്ധിച്ച തീരുമാനം പ്രസ്തുത ഓഫീസിന് കൈക്കൊള്ളാവുന്നതാണെന്നും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കി. 20-08-2018 ന് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്നും അയച്ച കത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്. സെക്ഷന്‍ 20(2) പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് തങ്ങളെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിന്റെ അവസാനത്തെ വാചകം ഇതാണ് - In the meantime this office has decided to take up the audit of KIIFB under Section 14(1) of DPC Act 1971, in due course.

വാര്‍ത്തയില്‍ ധ്വനിപ്പിക്കുന്നവിധമല്ല കാര്യങ്ങള്‍ എന്നു വ്യക്തമല്ലേ? C&AGക്ക് കിഫ്ബി വരവു-ചെലവുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് അധികാരമുണ്ട് - സമഗ്രമായിത്തന്നെ. അവര്‍ പ്രസ്തുത അധികാരം ഉപയോഗിച്ച് ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top