26 March Tuesday

സിന്തൈറ്റ‌് മാനേജ‌്മെന്റ‌് ശ്രമിക്കുന്നത‌് ഹിതപരിശോധന അട്ടിമറിക്കാൻ : സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

കൊച്ചി > സിന്തൈറ്റ് മാനേജ്മെന്റ് പിടിവാശി ഉപേക്ഷിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനം അംഗീകരിക്കണമെന്ന‌് സിഐടിയു ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയൻ റഫറണ്ടം നടക്കുന്ന വേളയിൽ സിഐടിയു യൂണിയനിൽപ്പെട്ട 30 തൊഴിലാളികളെ സംസ്ഥാനത്തിനു പുറത്തേക്ക‌് സ്ഥലം മാറ്റിയതാണ‌് പുതിയ പ്രതിസന്ധി ഉണ്ടാക്കിയത‌്. ഇത‌് ശരിയല്ലെന്ന‌് ലേബർ കമീഷണർ വ്യക്തമാക്കിയിട്ടും മാനേജ‌്‌‌മെന്റ‌് കടുംപിടിത്തം തുടരുന്നു.

ഇത‌് മറച്ചുവയ‌്ക്കാനാണ‌് സിന്തൈറ്റ് മാനേജ്മെന്റ്  തൊഴിലാളിപ്രസ്ഥാനങ്ങൾക്കും, പ്രത്യേകിച്ച‌് സിഐടിയുവിനും എതിരെ അപവാദപ്രചാരണങ്ങൾ കെട്ടഴിച്ചുവിടുന്നത‌്. കോലഞ്ചേരിയിലെ സിന്തൈറ്റ് മാനേജ്മെന്റ‌് ബോധപൂർവമാണ‌്  ഇപ്പോഴത്തെ പ്രശ്നങ്ങൾ  സൃഷ്ടിച്ചിട്ടുള്ളത്. മുമ്പൊരിക്കൽ ബിഎംഎസ് രൂപീകരിച്ച തൊഴിലാളി സംഘടനയെ ശിഥിലമാക്കിയ ചരിത്രം മാനേജ്മെന്റിനുണ്ട്. എന്നാൽ തമിഴ്‌‌നാട്ടിലും കർണാടകത്തിലും സിന്തൈറ്റിന്റെതന്നെ ഫാക്‌ടറികളിൽ വർഷങ്ങളായി സിഐടിയു സംഘടന പ്രവർത്തിക്കുന്നുണ്ട്. നല്ല ബന്ധമാണ് സിഐടിയുവുമായി മാനേജ്മെന്റിനുള്ളത്. എന്നാൽ കോലഞ്ചേരിയിൽ പ്രധാന ഫാക്‌ടറിയുടെ അഡ്മിനിസ്ട്രേഷൻ കൈകാര്യംചെയ്യുന്ന മാനേജ്മെന്റാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്.

വ്യവസായ കേരളം ലജ്ജിക്കാനുള്ള ഒരു നടപടിയും സിന്തൈറ്റിൽ രൂപീകരിച്ചിട്ടുള്ള സിഐടിയു കൈക്കൊണ്ടിട്ടില്ല. അവിടെ നാളിതുവരെ ഫാക്ടറിക്കോ മാനേജ്മെന്റിനോ എതിരായി ഒരു അക്രമവും തൊഴിലാളികളോ പുറമെയുള്ളവരോ സ്വീകരിച്ചിട്ടില്ല. സിഐടിയു സിന്തൈറ്റിൽ 37 ദിവസം പണിമുടക്കി 50 കോടി രൂപയുടെ നഷ്ടംവരുത്തി എന്ന മനോരമ പത്രത്തിലെ എഡിറ്റോറിയൽ പച്ചക്കള്ളമാണ്. ട്രേഡ് യൂണിയൻ രൂപീകരിച്ചതിന്റെ പ്രതികാര നടപടിയായി യൂണിയൻ അംഗങ്ങളായ ഏഴു  തൊഴിലാളികളെ സംസ്ഥാനത്തിനു പുറത്തേക്ക് സ്ഥലംമാറ്റി.  സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു കത്തു നൽകി. ഡിഎൽഒ, ആർജെഎൽസി, കമീഷണർ തലത്തിൽ വിവിധ ഘട്ടങ്ങളിൽ ചർച്ചകൾ നടത്തി. സ്ഥലംമാറ്റിയ ഏഴു പേരൊഴിച്ച് കമ്പനിയിലെ 483 തൊഴിലാളികളും മൂന്ന് ഷിഫ്റ്റുകളിലായി ഉൽപ്പാദനം മുടങ്ങാതെ ജോലിചെയ്തു.

കമ്പനി ഗേറ്റിൽ 37 ദിവസം സത്യഗ്രഹം മാത്രമായിരുന്നു. ഷിഫ്‌‌‌റ്റ് ക്രമീകരിച്ചായിരുന്നു തൊഴിലാളികൾ സത്യഗ്രഹത്തിൽ പങ്കെടുത്തത്. മാനേജ്മെന്റ് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുന്നതിനു പകരം ‘സേവ’ (സിന്തൈറ്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ) എന്ന സംഘടന രൂപീകരിച്ച് പ്രതികാരം ചെയ്യുകയായിരുന്നു. ട്രേഡ് യൂണിയനിൽ അംഗമാകാൻ നിയമം അനുവദിക്കാത്ത ഉദ്യോഗസ്ഥൻമാർവരെ മാനേജ്മെന്റ് സ്പോൺസർചെയ്ത യൂണിയനിൽ അംഗങ്ങളായി.

ഒരുപാട് ക്ഷേമ ആനുകൂല്യങ്ങൾ നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന മാനേജ്മെന്റ് സ്ത്രീതൊഴിലാളികൾക്ക് നൽകുന്ന ദിവസക്കൂലി 240 രൂപ മാത്രമാണ്. പകൽ ഷിഫ്റ്റിൽ 10ന‌് കഞ്ഞി നൽകിയാൽ വൈകിട്ടുവരെ ഒരു ഭക്ഷണവും സ്ത്രീതൊഴിലാളികൾക്ക് നൽകാത്തത് എന്ത് മാന്യതയാണ്. സ്ഥിരംതൊഴിലാളികളുടെ മിനിമം മാസവേതനം 8000 രൂപയാണ്. 20 വർഷം സർവീസുള്ള തൊഴിലാളിക്ക് പരമാവധി 14,000 രൂപയാണ് മാസശമ്പളം. മാനേജ്മെന്റ് പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിൽ തൊഴിലാളികളുടെ പണിമുടക്കുകൊണ്ട് ഒരു വ്യവസായവും നാളിതുവരെ പൂട്ടിപ്പോയിട്ടില്ല. മറിച്ച‌്  സർക്കാർ നയങ്ങൾ, പ്രവർത്തന മൂലധനം ലഭിക്കായ്ക, ഉൽപ്പാദനച്ചെലവ് അധികരിക്കൽ തുടങ്ങിയവയായിരുന്നു കാരണങ്ങൾ.

സിന്തൈറ്റിലെ ആദ്യസമരം മെയ് 16ന് ലേബർ കമീഷണർതലത്തിൽ ഒത്തുതീർപ്പായതാണ്. സ്ഥലംമാറ്റിയ ഏഴുപേരിൽ രണ്ടുപേരെ ഒരുമാസത്തിനകവും, രണ്ടുപേരെ മൂന്നുമാസത്തിനകവും തിരിച്ചുകൊണ്ടുവരുമെന്നും, ബാക്കി നാലുപേരുടെ കാര്യം ആറുമാസം കഴിഞ്ഞ് പരിശോധിക്കാമെന്നുമായിരുന്നു ഒത്തുതീർപ്പുവ്യവസ്ഥ. ഹിതപരിശോധന നടത്തിയല്ലാതെ സിഐടിയു യൂണിയനെ അംഗീകരിക്കില്ല എന്നും മാനേജ്മെന്റ‌് പിടിവാശിപിടിച്ചു. തുടർന്ന് ജൂലൈ ഒമ്പതിന് ഹിതപരിശോധന നടത്താൻ റീജണൽ ജോയിന്റ് ലേബർ കമീഷണറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഇതുസംബന്ധിച്ച് ലേബർ കമീഷണർ മിനുട‌്സ‌് കൈമാറുകയും ചെയ്തു. സമരമെല്ലാം അവസാനിപ്പിച്ച് ശാന്തമായി പോകുന്നതിനിടയിൽ 14 ദിവസം കഴിഞ്ഞപ്പോൾ മെയ് 30ന് 18 പേരെ വീണ്ടും തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റിയപ്പോഴാണ് തൊഴിലാളികൾ പണിമുടക്കാൻ നിർബന്ധിതരായത്. മാനേജ്മെന്റ് സംഘടനയായ സേവയിൽനിന്ന‌് ഒരാളെപ്പോലും സ്ഥലംമാറ്റാതെ ഹിതപരിശോധന നടക്കുന്ന വേളയിൽ സിഐടിയു അംഗങ്ങളെതന്നെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റിയത്  ശരിയല്ല എന്ന് ലേബർ കമീഷണർ പറഞ്ഞിട്ടും മാനേജ്മെന്റ് പിടിവാശി തുടരുകയാണ്.

യൂണിയന്റെ പതാക അനാവശ്യമായി ഒരുസ്ഥലത്തും കുത്തരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിതപ്രസ്ഥാനങ്ങളെ ഓർമപ്പെടുത്തിയത്. നോക്കുകൂലി തെറ്റാണെന്നും, അത് വാങ്ങുന്നവർ സിഐടിയുവിൽ ഉണ്ടാകില്ല എന്നും ഉറച്ച നിലപാടുള്ള സംഘടനയാണ് സിഐടിയു. എന്നാൽ തങ്ങളുടെ മുതുകത്തുതന്നെ ആ കൊടി കുത്തിക്കോ എന്നുപറഞ്ഞ് അതിവിചിത്രമായ നിലപാട് സ്വീകരിക്കുകയാണ് സിന്തൈറ്റ് മാനേജ്മെന്റ് ചെയ്‌‌തത്. പിടിവാശി ഉപേക്ഷിച്ച് റഫറണ്ടത്തിന് അവസരമൊരുക്കാൻ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള എല്ലാ പ്രതികാരനടപടികളും അവസാനിപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്യേണ്ടതെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് കെ എൻ ഗോപിനാഥും സെക്രട്ടറി സി കെ മണിശങ്കറും അഭ്യർഥിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top