27 September Sunday

സന്ദീപും സ്വപ്‌നയും കർണാടകയിൽ എത്തിയത്‌ ബിജെപി സഹായത്തോടെ

അനീഷ് ബാലൻUpdated: Sunday Jul 12, 2020


മംഗളൂരു
സ്വർണക്കടത്തുകേസ് പ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും കർണാടകയിൽ എത്തിയത്‌ ബിജെപി സഹായത്തോടെയെന്ന്‌ സൂചന. കർണാടക സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്താണ്‌ ഇവർ ബംഗളൂരുവിലേക്കു കടന്നത്‌.  രജിസ്റ്റർ ചെയ്ത് എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ അതിർത്തിയിൽ പരിശോധിച്ചാണ് കർണാടക പൊലീസ്‌ കടത്തിവിടുന്നത്. എൻഐഎ അടക്കം അന്വേഷിക്കുന്ന പ്രതികളുടെ കൃത്യമായ വിവരങ്ങൾ കർണാടക പൊലീസിനു ലഭിച്ചിട്ടും ഇവർ അതിർത്തി കടന്നത്‌ ഉന്നത ബിജെപി നേതാക്കളുമായുള്ള ബന്ധംമൂലമാണെന്നാണ്‌ വിവരം.

അതിർത്തി കടക്കാൻ കർണാടക സർക്കാരിൽ സ്വാധീനമുള്ള കേരളത്തിൽനിന്നുള്ള ബിജെപി നേതാവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്‌. മാധ്യമങ്ങളിലടക്കം വലിയ വിവാദമായ വിഷയമായതിനാൽതന്നെ അതിർത്തിയിൽ ഇവർ പിടിയിലാകുമായിരുന്നു. എന്നാൽ, കർണാടക പൊലീസിൽ സ്വാധീനമുള്ള ബിജെപി നേതാക്കളുടെ ബലത്തിലാണ്‌ അതിർത്തി കടന്നത്‌ എന്നാണറിയുന്നത്‌. മൂന്നു ദിവസം മുമ്പ്, ബംഗളൂരുവിലുള്ള  സഹായിയുടെ വിലാസമാണ് ഇവർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചത്. അന്വേഷണസംഘത്തിന്റെ കണ്ണ് വെട്ടിക്കാൻ താമസ സ്ഥലം മാറിക്കൊണ്ടിരിക്കാനായിരുന്നു പദ്ധതി. ശനിയാഴ്ചയാണ്‌  ബംഗളൂരു കോറമംഗലയിലെ ഒക്റ്റാവ് ഹോട്ടലിൽ മുറിയെടുത്തത്. ബുക്കിങ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ്‌  വഴി സന്ദീപാണ്‌ മുറി ബുക്കുചെയ്തത്.


 

കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള ഉത്തരവുപ്രകാരം നിലവിൽ ഒരു സംസ്ഥാനം വിട്ടുപോകാൻ പാസ്‌ വേണ്ട. എന്നാൽ, പ്രവേശനം നൽകേണ്ട സംസ്ഥാനത്തിന്‌ പാസോ രജിസ്‌ട്രേഷനോ ആവശ്യപ്പെടാം. ഇപ്രകാരമാണ്‌ ഇവർ സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്‌ത്‌ കർണാടകയിൽ എത്തിയത്‌. സന്ദീപിന്റെ കാർ പരിശോധനയ്‌ക്ക്‌ ശേഷം എൻഐഎ  സ്വപ്‌നയുടെ ഭർത്താവിന്‌ കൈമാറി. ഇയാൾ കാർ കൊച്ചിയിൽ എത്തിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top