07 June Wednesday

സംരക്ഷിക്കുന്നവർ പറയുന്നത്
കേൾക്കും : സ്വപ്‌ന ; ആർഎസ്‌എസ്‌ ഇടപെടൽ സമ്മതിച്ചു

പ്രത്യേക ലേഖകൻUpdated: Thursday Jun 30, 2022


കൊച്ചി
മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ ദുരാരോപണം നിയമസഭയിലും പൊളിഞ്ഞടുങ്ങിയതോടെ വിവാദം കൊഴുപ്പിക്കാനെത്തിയ സ്വപ്‌ന സുരേഷ്‌ മാധ്യമങ്ങൾക്ക്‌ മുന്നിൽ ക്ഷുഭിതയായി. കുട്ടിക്ക്‌ സുഖമില്ലാത്തതിനാൽ ബുധനാഴ്‌ച ഇഡിയുടെ ചോദ്യം ചെയ്യലിന്‌ എത്താത്ത സ്വപ്‌നയാണ്‌ വൈകിട്ട്‌ മാധ്യമങ്ങൾക്ക്‌ മുന്നിലെത്തിയത്‌.

ആർഎസ്‌എസ് പറഞ്ഞതനുസരിച്ച്‌ ഒരോന്ന്‌ ആരോപിക്കുകയല്ലേ എന്ന ചോദ്യമാണ്‌ സ്വപ്‌നയെ  പ്രകോപിപ്പിച്ചത്‌.  ‘എന്റെ സ്ഥാനത്ത്‌ നിങ്ങളാണ്‌ ജയിലിലെങ്കിലും ആരാണ്‌ സഹായിക്കുന്നത്‌ അവർ പറയുന്നത്‌ നമ്മൾ കേൾക്കും. ആർഎസ്‌എസ്‌ ആണോ എച്ച്‌ആർഡിഎസാണോ വേറെ വല്ല സ്ഥാപനമാണോ എന്ന്‌ നോക്കണ്ട. എന്റെ വണ്ടി, വീട്‌, ബാക്കി കാര്യങ്ങൾ എല്ലാം അവരാണ്‌ സ്‌പോൺസർ ചെയ്യുന്നത്‌. ഞാൻ അവരുടെ സ്ഥാപനത്തിലെ സ്ഥാനം വഹിക്കുമ്പോൾ കോൺസുലേറ്റിൽ എനിക്ക്‌ ലഭിച്ച സംരക്ഷണംപോലെ അവരാണ്‌ നൽകുന്നതെന്നും–- സ്വപ്‌ന പറഞ്ഞു.

ഷാർജ ഷെയ്‌ഖിന്‌ കൈക്കൂലി നൽകി എന്ന ആരോപണവും സ്വപ്‌ന മാറ്റിപ്പറഞ്ഞു. ഷാർജ ഷെയ്‌ഖിനോ റൂളറിനോ കൈക്കൂലി കൊടുത്തെന്നു താൻ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞുവെന്നും വീണ വിജയനാണ്‌ സ്‌പ്രിങ്‌ളറിന്റെ ബുദ്ധികേന്ദ്രമെന്നുമാണ്‌ പുതിയ ആരോപണം.

കൈരളി  ടിവിയെ
 ഒഴിവാക്കി
 സ്വപ്-നയുടെ 
വാര്‍ത്താസമ്മേളനം
മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ആരോപണമുന്നയിക്കാൻ ചാനൽ ലേഖകരെ കാണാനെത്തിയ സ്വപ്ന, കൈരളി ടിവി ലേഖകൻ ചോദ്യങ്ങൾ ചോദിച്ചതോടെ മടങ്ങി. പിന്നീട് കൈരളി ടിവി റിപ്പോർട്ടർ ഇല്ലെന്ന് ഉറപ്പുവരുത്തി മറ്റ് മാധ്യമങ്ങളെ വീണ്ടും വിളിച്ചുവരുത്തി ആരോപണം ആവർത്തിച്ചു.

നളിനി നെറ്റോ അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ ഇംഗ്ലീഷ് പ്രാവീണ്യത്തെ പരിഹസിക്കുമ്പോൾ, വ്യാജ ബിരുദം നേടിയ കേസിൽ താങ്കൾ പ്രതിയല്ലേ എന്ന ചോദ്യം സ്വപ്നയെ ചൊടിപ്പിച്ചു. പിന്നീട്, പ്രതിപക്ഷനേതാവിനെപ്പോലെ, ചോദ്യം ചോദിച്ചയാളുടെ മാധ്യമസ്ഥാപനം ഏതെന്നായിരുന്നു മറുചോദ്യം. തുടർന്നാണ് വാർത്താ ലേഖകരോട് സംസാരിക്കുന്നത്‌ നിർത്തിവച്ചത്. കൈരളി ടിവി പ്രതിനിധി മടങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം വീണ്ടും മറ്റ്‌ ലേഖകരെ വരുത്തി.

ജീവന്‌ ഭീഷണിയുണ്ടെന്ന്‌ 
സ്വപ്-നയുടെ അഭിഭാഷകന്‍
മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ തനിക്ക്‌ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജീവന്‌ ഭീഷണിയുണ്ടെന്നും സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ്‌. ബുധനാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി പരിഗണിച്ചപ്പോഴായിരുന്നു ഈ വാദം. തനിക്കെതിരെ ഉന്നത രാഷ്ട്രീയക്കാരുൾപ്പെടെ വലിയ വിമർശമാണ് നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്‌. ജാമ്യം അനുവദിച്ചില്ലെങ്കിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന വ്യാഖ്യാനമുണ്ടാകും. അത്‌ തന്റെ ജീവന്‌ ഭീഷണിയാകുമെന്നും കൃഷ്ണരാജ്‌ ബോധിപ്പിച്ചു. ഹർജിയിൽ വ്യാഴാഴ്ച വിധി പറയും. വേഷത്തിന്റെ പേരിൽ കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനാണ് ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.

സംരക്ഷണം 
നൽകാനാകില്ലെന്ന്‌ ഇഡി
സ്വർണക്കടത്ത്‌, ഡോളർകടത്ത്‌ കേസുകളിലെ പ്രതി സ്വപ്ന സുരേഷിന്‌ സംരക്ഷണം നൽകാനാകില്ലെന്ന്‌ ഇഡി കോടതിയെ അറിയിച്ചു. കള്ളപ്പണക്കേസുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയായ ഇഡിയ്‌ക്ക്‌ സുരക്ഷ നൽകാൻ  സംവിധാനമില്ല.

കേന്ദ്രസർക്കാർ കേസിൽ കക്ഷിയല്ല. സുരക്ഷ നൽകേണ്ട സാഹചര്യമുണ്ടായാൽ സംസ്ഥാന പൊലീസിനെയാണ് സമീപിക്കാറുള്ളതെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി. ഹർജിയിൽ ജൂലൈ എട്ടിന്‌ വിധി പറയും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top