23 September Wednesday

സ്വപ്‌നയുടെ സമ്പാദ്യം കള്ളക്കടത്തിൽനിന്ന്‌: എൻഐഎ ; പിടിച്ചെടുത്തത്‌ രണ്ടുകോടിയിലേറെ രൂപയുടെ സമ്പാദ്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


സ്വപ്‌നയുടെതായി കണ്ടെടുത്ത സ്വർണവും പണവും നിക്ഷേപങ്ങളും സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന്‌ അവർ സമ്മതിച്ചതായി എൻഐഎ. അമേരിക്കൻ ഡോളറും ഒമാൻ റിയാലും ഉൾപ്പെടെ രണ്ടുകോടിയിലേറെ രൂപയുടെ സമ്പാദ്യമാണ്‌ പിടിച്ചെടുത്തത്‌.

കേസിൽ തന്നെ രാഷ്‌ട്രീയപ്രേരിതമായി പ്രതിയാക്കിയതാണെന്നും നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത്‌ തന്റെ അറിവേടെയല്ലെന്നുമുള്ള വാദത്തിന്‌ മറുപടിയായാണ്‌ എൻഐഎ ഇക്കാര്യം കോടതിയെ അറിയിച്ചത്‌. വിവിധഘട്ടങ്ങളിൽ നടന്ന ചോദ്യം ചെയ്യലിനിടെ സ്വപ്‌ന സ്വയം കുറ്റസമ്മതം നടത്തിയതായും അന്വേഷണ ഏജൻസി വ്യക്തമാക്കി.
പിടിയിലായ പ്രതികളുമായി ബന്ധമില്ലെന്നും അവരുടെ ക്രിമിനൽ പശ്‌ചാത്തലം അറിയില്ലായെന്നുമായിരുന്നു സ്വപ്‌നയുടെ വാദം. എന്നാൽ നാലാംപ്രതിയും സ്വപ്‌നയും അടുത്തബന്ധം പുലർത്തിയിരുന്നെന്നും എപ്പോഴും ഒന്നിച്ചുണ്ടായിരുന്നെന്നും മറ്റു പ്രതികളുമായി വിവിധയിടങ്ങളിൽ കൂടിക്കാഴ്‌ച നടത്തിയെന്നും എൻഐഎ രേഖാമൂലം കോടതിയെ ബോധിപ്പിച്ചു.  
സ്വപ്‌നയുടെ ജാമ്യാപേക്ഷ വ്യാഴാഴ്‌ച കോടതി പരിഗണിക്കും.

സ്വപ്‌നയും സന്ദീപും എൻഫോഴ്‌സ്‌മെന്റ്‌ കസ്‌റ്റഡിയിൽ
സ്വർണക്കടത്ത്‌ കേസിലെ മൂന്ന്‌ പ്രതികളെ ഏഴുദിവസത്തേക്ക്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ കസ്‌റ്റഡിയിൽ വിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്‌ പ്രതികളായ പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ എന്നിവരുടെ  കസ്‌റ്റഡി അനുവദിച്ചത്‌. മൂന്ന്‌ പ്രതികളെയും കഴിഞ്ഞ 22 നാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

പ്രതികളുടെ സ്വത്ത്‌ വിവരം നൽകാൻ കത്ത്‌
സ്വർണക്കടത്ത്‌ കേസ്‌ പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. എട്ട്‌ പ്രതികളുടെ വസ്‌തുവകകളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ട്‌ രജിസ്‌ട്രേഷൻ ഐജിക്ക്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌‌ കത്ത്‌ നൽകി. സ്വത്തുക്കളുടെ കൈമാറ്റം തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു‌.  റമീസ്‌, സരിത്ത്‌, സ്വപ്‌ന, ജലാൽ, മുഹമ്മദ്‌ അൻവർ, അംജദ്‌ അലി, മുഹമ്മദ്‌ ഷാഫി, സെയ്‌ദലവി എന്നിവരുടെ സ്വത്ത്‌ വിവരങ്ങളാണ്‌ ആവശ്യപ്പെട്ടത്‌.

മുഹമ്മദ്‌ അലിയും അലി ഇബ്രാഹിമും എൻഐഎ കസ്‌റ്റഡിയിൽ
സ്വർണക്കടത്ത്‌ കേസിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്‌ അലി, മുഹമ്മദ്‌ അലി ഇബ്രാഹിം എന്നിവരെ വെള്ളിയാഴ്‌ചവരെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രതിയാണ്‌‌ മുഹമ്മദ്‌ അലിയെന്ന് എൻഐഎ കോടതിയിൽ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വർണം വാങ്ങാൻ എ എം ജലാലിനെ സഹായിക്കുകയും അതിനായി ഗൂഢാലാേചന നടത്തുകയും ചെയ്‌തത് ഇവരാണെന്നാണ്‌ എൻഐഎയുടെ കണ്ടെത്തൽ‌.

ജലാലിനൊപ്പം കടത്തുസ്വർണം ആവശ്യക്കാർക്ക്‌ എത്തിച്ചുകൊടുക്കുന്നതും ഇരുവരും ചേർന്നായിരുന്നു.
കെ ടി റമീസ്‌, മുഹമ്മദ്‌ ഷാഫി എന്നിവരുടെ കസ്‌റ്റഡി കാലാവധി നീട്ടിനൽകണമെന്ന കസ്‌റ്റംസിന്റെ അപേക്ഷ  കോടതി തള്ളി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top