22 September Tuesday

സ്വപ്‌നയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ; വിദേശത്തടക്കം വലിയ സ്വാധീനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

കൊച്ചി > യുഎഇ കോൺസുലേറ്റിലെ സ്വാധീനമാണ്‌ സ്വപ്‌ന സുരേഷും കൂട്ടരും സ്വർണക്കള്ളക്കടത്തിൽ പ്രയോജനപ്പെടുത്തിയതെന്ന്‌ എൻഐഎ. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും കേസിൽനിന്ന്‌  സ്വപ്‌നയെ രക്ഷിക്കാൻ ശിവശങ്കർ ഇടപെട്ടില്ല. യുഎഇ കോൺസുലേറ്റിന്റെ പ്രതിനിധി എന്ന നിലയിൽ  മുഖ്യമന്ത്രിയുമായി സാധാരണ പരിചയംമാത്രമാണ്‌ സ്വപ്‌നയ്‌ക്കുള്ളതെന്നും അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ പി വിജയകുമാർ എൻഐഎ കോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ സ്വപ്‌ന സമർപ്പിച്ച 32 പേജുള്ള പ്രസ്‌താവനയിലെ വിവരങ്ങൾ കോടതിയെ അറിയിച്ചത്‌.

സ്വപ്‌നയുടെ ജാമ്യഹർജിയിലെ അവസാനഘട്ട വാദമാണ്‌ വ്യാഴാഴ്‌ച നടന്നത്‌. സ്വപ്‌നയുടെ അഭാവത്തിൽ യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന അവസ്ഥപോലും ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ ജോലിയിൽനിന്ന്‌ രാജിവച്ചശേഷവും കോൺസുലേറ്റിൽ വർക്ക്‌ ഓൺ ഡിമാൻഡ്‌ വ്യവസ്ഥയിൽ തുടർന്നത്‌. അതിന്‌ പ്രതിമാസം 1000 ഡോളർ ശമ്പളം ലഭിച്ചു. കോൺസുലേറ്റ്‌ ജനറലുമായും അറ്റാഷെയുമായും അടുത്ത ബന്ധമായിരുന്നു. സ്വർണക്കടത്തിന്‌ പ്രതിഫലമായി കോൺസുലേറ്റിലെ ‘അറബികൾ’ക്ക്‌ 1000 ഡോളർ നൽകിയിരുന്നെന്നും സ്വപ്‌ന പറയുന്നു.  കള്ളക്കടത്ത്‌ ശൃംഖലയിൽ ഉണ്ടായിരുന്നവർക്ക്‌ 50,000 രൂപ വീതമാണ്‌ ലഭിച്ചിരുന്നത്‌. മറ്റു വിദേശ രാജ്യങ്ങളിലും സ്വപ്‌നയ്‌ക്ക്‌ ബന്ധങ്ങളുണ്ട്‌.

സ്വർണം കടത്തിയ നയതന്ത്ര ബാഗേജ്‌ കസ്‌റ്റംസ്‌ പിടിച്ചപ്പോൾ അസിസ്‌റ്റന്റ്‌ കമീഷണർ രാമമൂർത്തിയെ ഫോണിൽ വിളിച്ച്‌ ബാഗേജ്‌ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ടതായി സ്വപ്‌ന സമ്മതിച്ചു. കോൺസുലേറ്റിൽനിന്ന്‌ കസ്‌റ്റംസിന്‌ കത്തുകൾ തയ്യാറാക്കി‌. ബാഗേജ്‌ വിട്ടുനൽകാൻ ‌ തയ്യാറാകാത്തതിനെ തുടർന്നാണ്‌ എം ശിവശങ്കറെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയി കണ്ടത്‌. 

സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇടപെട്ടില്ല. ശിവശങ്കർ തന്റെ അഭ്യുദയകാംക്ഷി(മെൻഡർ)യാണെന്നും സ്വപ്‌ന ജാമ്യാപേക്ഷയിൽ പറഞ്ഞു.
കേസിനെ ഭീകരവാദസംഘങ്ങളുമായി ബന്ധിപ്പിക്കാനുള്ള എന്തു തെളിവാണുള്ളതെന്ന്‌ കോടതി ആവർത്തിച്ച്‌ ചോദിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ മയക്കുമരുന്നു സംഘത്തിന്‌ യുഎഇയിൽനിന്നുള്ള സ്വർണക്കടത്തിൽ പങ്കുള്ളതായി സംശയമുണ്ടെന്നായിരുന്നു‌ എൻഐഎയുടെ മറുപടി. കേസിലെ അഞ്ചാംപ്രതി കെ ടി റമീസ്‌ ടാൻസാനിയ സന്ദർശിച്ച്‌ സാധനങ്ങൾ കൊണ്ടുവന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.  സ്വപ്‌നയ്‌ക്ക്‌ ജാമ്യം നൽകുന്നതിനെ കസ്‌റ്റംസും എതിർത്തു‌. ജാമ്യാപേക്ഷ വിധിപറയാൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top