09 August Tuesday
വൃക്കമാറ്റ ശസ്‌ത്രക്രിയക്കുശേഷം രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവം; ഡോക്ട‌ര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അവയവം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയക്കുശേഷം രോഗി മരിച്ച സംഭവത്തിൽ രണ്ട്‌ ഡോക്ടർമാരെ സസ്‌പെൻഡ്‌ ചെയ്‌തു. നെഫ്രോളജി വിഭാഗം മേധാവി  ഡോ. ജേക്കബ്‌ ജോർജ്‌, യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റി എന്നിവരെയാണ്‌ ഏകോപനത്തിൽ വീഴ്‌ചയുണ്ടായെന്ന അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ്‌ ചെയ്‌തത്‌. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സമഗ്രാന്വേഷണത്തിനും ഉത്തരവിട്ടു. കാരക്കോണം അണിമംഗലത്ത്‌ സുരേഷ്‌ കുമാർ (62) ആണ്‌ ശസ്‌ത്രക്രിയക്കുശേഷം തിങ്കൾ പകൽ പതിനൊന്നോടെ മരിച്ചത്‌. ഞായർ രാത്രി 8.30നായിരുന്നു ശസ്‌ത്രക്രിയ.

തിങ്കളാഴ്ചതന്നെ മന്ത്രി മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ അടക്കമുള്ളവരെ പങ്കെടുപ്പിച്ച്‌ ഉന്നതതലയോഗം വിളിച്ചു. മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. അടിയന്തരമായി സമഗ്രാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. സുരേഷ്കുമാറിന്റെ സഹോദരന്റെ പരാതിയിൽ മെഡിക്കൽ കോളേജാശുപത്രി അധികൃതർക്കെതിരെ പൊലീസ്‌ അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നാണ്‌  വൃക്ക ലഭ്യമാക്കിയത്‌.  യാത്രാ സൗകര്യത്തിന്   പൊലീസ് ഗ്രീൻചാനൽ ഒരുക്കി. മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളിലെ ഡോക്ടർമാരുൾപ്പെട്ട ആംബുലൻസ്‌ അഞ്ചരയോടെ  തിരുവനന്തപുരം  സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ എത്തി. ഇവിടെ വൃക്കയടങ്ങിയ പെട്ടി ഏറ്റെടുക്കാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഏറ്റെടുത്തവർക്ക്  ഓപ്പറേഷൻ തിയറ്റർ എവിടെയെന്നറിയാതെ ആശയക്കുഴപ്പമുണ്ടായി. ഇതും വീഴ്‌ചയാണ്‌. ഇതിൽ ആശുപത്രിയുടെ പരാതിയിലും അന്വേഷണം നടത്തും. 

എറണാകുളത്തുനിന്ന്‌ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുംമുമ്പുതന്നെ രോഗി വിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട്‌ നാലോടെ ഡയാലിസിസിന്‌ രോഗിയെ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെ ശസ്‌ത്രക്രിയ തുടങ്ങി.  ശസ്‌ത്രക്രിയ പുലർച്ചെയാണ്‌ അവസാനിച്ചത്‌.  സ്വകാര്യമേഖലയിൽ ലക്ഷങ്ങൾ മുടക്കി നടത്തുന്ന അവയവമാറ്റ ശസ്‌ത്രക്രിയകളാണ്‌ സർക്കാർ സൗജന്യനിരക്കിൽ നടത്തുന്നത്‌. ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്ന് മന്ത്രിപറഞ്ഞു.

മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലുള്ള സുരേഷ്‌കുമാറിന്റെ മൃതദേഹം, ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കരിക്കും. ഭാര്യ: ബിന്ദു. മക്കൾ: അപർണ, അഞ്ജന. മരുമക്കൾ: അച്ചു, ഗൗരിശങ്കർ.

അനാസ്ഥയെന്ന്‌ വിശ്വസിക്കുന്നില്ല: ബന്ധുക്കൾ
മരണത്തിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഡോക്ടർമാർക്ക്‌ അനാസ്ഥയുണ്ടായെന്ന്‌ കരുതുന്നില്ലെന്ന്‌ സുരേഷ്‌ കുമാറിന്റെ ഭാര്യാസഹോദരീ ഭർത്താവ്‌ അനിൽകുമാർ പറഞ്ഞു. രോഗിയുടെ ആരോഗ്യനില മോശമാണെന്നും ശസ്‌ത്രക്രിയയെപ്പറ്റി ഒന്നുകൂടി ആലോചിക്കണമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. അഞ്ചുവർഷം കാത്തിരുന്ന്‌ കിട്ടിയ വൃക്കയായതിനാലാണ്‌ ശസ്‌ത്രക്രിയക്ക്‌ തയ്യാറായത്‌.  രോഗിക്ക്‌ ഹൃദയസ്തംഭനം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഒരുപക്ഷേ അതാകാം മരണകാരണം–- അനിൽകുമാർ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top