17 January Sunday
എന്നോ ക്യാമറക്കണ്ണിലാക്കി കേരളം

കേന്ദ്ര ഏജൻസികളിലും സ്‌റ്റേഷനുകളിലും സിസിടിവി നിര്‍ബന്ധം : സുപ്രീംകോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


ന്യൂഡൽഹി
കേന്ദ്രഅന്വേഷണ ഏജൻസി ഓഫീസുകളിലും  പൊലീസ്‌ സ്‌റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്ന്‌ സുപ്രീംകോടതി. സിബിഐ, എൻഐഎ, എൻഫോഴ്‌സ്‌മെന്റ്‌, ഡിആർഐ, നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ തുടങ്ങി ചോദ്യംചെയ്യാനും അറസ്റ്റ്‌ ചെയ്യാനും അധികാരമുള്ള ഏജൻസികളുടെ ഓഫീസുകളിൽ കേന്ദ്രസർക്കാർ സിസിടിവി  സ്ഥാപിക്കണം. പൊലീസ്‌ സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്ന്‌ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉറപ്പാക്കണം–- ജസ്‌റ്റിസ്‌ ആർ എഫ്‌ നരിമാൻ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഉത്തരവിട്ടു.

രാത്രിദൃശ്യവും ശബ്‌ദവും പകര്‍ത്താനാകുന്ന ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. കസ്‌റ്റഡിമരണം, മനുഷ്യാവകാശലംഘനം തുടങ്ങിയ പരാതി ഉണ്ടായാൽ  ബന്ധുക്കൾക്കും ഇരകൾക്കും ദൃശ്യം‌ ലഭ്യമാക്കണം. കോടതികൾക്കും മനുഷ്യാവകാശ കമീഷനുകൾക്കും ‌ ഇവ തെളിവായി ഉപയോഗിക്കാം.  സിസിടിവികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ, ദൃശ്യവും ശബ്‌ദവും റെക്കോഡ്‌ ചെയ്യുന്നുണ്ടോ എന്നിവ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർ ഉറപ്പാക്കണം. പ്രവേശന കവാടം,  ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട്‌ഹൗസ്, ഇൻസ്‌പെക്ടറുടെയും സബ്‌ ഇൻസ്‌പെക്ടറുടെയും  ഡ്യൂട്ടി ഓഫീസറുടെയും മുറി, സ്‌റ്റേഷൻഹാൾ, പുറത്തേക്കുള്ള വഴി, പിൻഭാഗം എന്നിവിടങ്ങളില്‍ നിർബന്ധമായും സ്ഥാപിക്കണം.

ദൃശ്യം  18 മാസം വരെ സൂക്ഷിക്കണം. ദീർഘകാലം സൂക്ഷിക്കാന്‍  കേന്ദ്ര, സംസ്ഥാനസർക്കാരുകൾ സംവിധാനമുണ്ടാക്കണം. വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്ത ഇടങ്ങളില്‍ ബദൽ സംവിധാനം ഒരുക്കണം –- ജസ്‌റ്റിസുമാരായ കെ എം ജോസഫ്‌, അനിരുദ്ധാബോസ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിര്‍ദേശിച്ചു. പഞ്ചാബിലെ കസ്‌റ്റഡി മർദന കേസിലാണ്‌ ശ്രദ്ധേയ ഉത്തരവ്‌.



 

എന്നോ ക്യാമറക്കണ്ണിലാക്കി കേരളം
പൊലീസ്‌ സ്റ്റേഷനുകളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിക്ക്‌ മാസങ്ങൾക്കുമുമ്പേ എല്ലാ സ്റ്റേഷനും ക്യാമറക്കണ്ണിലാക്കി കേരളം. സംസ്ഥാനത്തെ 527 പൊലീസ്‌ സ്റ്റേഷനിലും ലോക്കപ്പ്‌ ദൃശ്യങ്ങളടക്കം പകർത്താവുന്ന സിസിടിവി ക്യാമറയാണ്‌ സ്ഥാപിച്ചത്‌‌. ദൃശ്യങ്ങൾ മാസങ്ങളോളം സൂക്ഷിക്കുന്നുമുണ്ട്‌. 

കേരളത്തിൽ ആദ്യഘട്ടത്തിൽ 110 പൊലീസ്‌ സ്‌റ്റേഷനിൽ ക്യാമറ സ്ഥാപിച്ചിരുന്നു. പിന്നീട്‌ എല്ലാ സ്റ്റേഷനിലും ക്യാമറ സ്ഥാപിക്കാൻ സംസ്ഥാന പൊലീസ്‌ മേധാവി നിർദേശം നൽകി. ലോക്കപ്പ്‌, ജനങ്ങൾ ബന്ധപ്പെടുന്ന സ്റ്റേഷനിലെ പൊതുവായ സ്ഥലം എന്നിവിടങ്ങളിലാണ്‌ ക്യാമറ സ്ഥാപിച്ചത്‌. രാത്രി ദൃശ്യവും പകർത്തുന്ന എച്ച്‌ഡി ക്യാമറകളാണ്‌ സ്ഥാപിച്ചത്‌. ലോക്കപ്പ്‌ മർദനംപോലുള്ള ആരോപണങ്ങൾ ഉയരുമ്പോൾ ക്യാമറ സഹായകമാണ്‌. ജില്ലാ ചോദ്യംചെയ്യൽ കേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറയുണ്ട്‌. 

അതേസമയം, സുപ്രീംകോടതിയുടെ പുതിയ നിർദേശം വിശദമായി പരിശോധിക്കാനാണ്‌ കേരള പൊലീസ്‌ തീരുമാനം. പുതുതായി എന്തെങ്കിലും നടപ്പാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം ആലോചിക്കും. എന്നാൽ, പൊതുജനങ്ങൾ അധികം ബന്ധപ്പെടാത്ത സ്റ്റേഷനുകളിൽ എല്ലായിടത്തും ക്യാമറ സ്ഥാപിക്കൽ സാമ്പത്തിക ബാധ്യതയാകുമെന്ന വിലയിരുത്തലുമുണ്ട്‌. ദൃശ്യങ്ങൾ സൂക്ഷിക്കാനും സാമ്പത്തികച്ചെലവുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top