Deshabhimani

സ്വർണക്കടത്ത്‌ കേസിൽ ഇഡിക്ക്‌ 
താൽപ്പര്യമില്ലേയെന്ന് സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 01:10 AM | 0 min read


ന്യൂഡൽഹി    
നയതന്ത്ര ബാഗേജ്‌ വഴി സ്വർണം കടത്തിയെന്ന കേസിലെ നടപടികൾ കേരളത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന ഹർജിയിൽ വാദത്തിന്‌ താൽപര്യമില്ലേയെന്ന്‌ ഇഡിയോട്‌ സുപ്രീംകോടതി. ചൊവ്വാഴ്ച് ലിസ്‌റ്റ്‌ ചെയ്‌തിരുന്ന ഇഡിയുടെ ട്രാൻസ്‌ഫർപെറ്റീഷൻ കോടതി പരിഗണിക്കാൻ തുടങ്ങിയപ്പോൾ ഏജൻസിയുടെ അഭിഭാഷകൻ കേസ്‌ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. തുടർന്നാണ്‌, കേസ്‌ വാദിക്കാൻ താൽപര്യമില്ലേയെന്ന്‌ സുപ്രീംകോടതി ഇഡിയോട്‌ ചോദിച്ചത്‌.

സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കേസ്‌ മാറ്റിവയ്‌ക്കണമെന്ന ഇഡി അഭിഭാഷകന്റെ ആവശ്യത്തെ എതിർത്തു. നാല്‌ പ്രാവശ്യമായി ഇഡിയുടെ ആവശ്യത്തെ തുടർന്ന്‌ കേസ്‌ മാറ്റിവയ്‌ക്കുകയാണ്‌. ഇത്‌ ശരിയായ പ്രവണത അല്ലെന്നും സിബൽ കൂട്ടിച്ചേർത്തു. ഇഡിക്ക്‌ കേസിൽ അത്ര താൽപര്യമുണ്ടെന്ന്‌ തോന്നുന്നില്ലെന്ന വിമർശനത്തോടെ സുപ്രീംകോടതി കേസ്‌ പരിഗണിക്കുന്നത്‌ ആറാഴ്‌ച്ചത്തേക്ക്‌ മാറ്റി.

കഴിഞ്ഞതവണയും കേസ്‌ മാറ്റിവയ്‌ക്കണമെന്നാണ്‌ ഇഡി ആവശ്യപ്പെട്ടത്‌. നയതന്ത്രബാഗേജിൽ സ്വർണ്ണക്കടത്ത്‌ നടത്തിയെന്ന കേസിൽ കേരളത്തിൽ നീതിയുക്തമായ വിചാരണ സാധ്യമല്ലെന്ന്‌ ആരോപിച്ചാണ്‌ ഇഡി സുപ്രീംകോടതിയിൽ ട്രാൻസ്‌ഫർ പെറ്റീഷൻ ഫയൽ ചെയ്‌തത്‌. കേരളത്തിലെ മുഴുവൻ കോടതികളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ആരോപണമാണ്‌ ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന്‌ സംസ്ഥാനസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇപ്പോൾ ഇഡി തന്നെ പലവട്ടം അസൗകര്യം അറിയിച്ചതിനെ തുടർന്ന്‌ കേസ്‌ തുടർച്ചയായി മാറ്റിവയ്‌ക്കേണ്ടി വരുന്നതാണ്‌ ജസ്‌റ്റിസ്‌ ഹൃഷികേശ്‌റോയ്‌, ജസ്‌റ്റിസ്‌ എസ്‌വിഎൻ ഭാട്ടി എന്നിവർ അംഗങ്ങളായ ബെഞ്ചിനെ ചൊടിപ്പിച്ചത്‌. നേരത്തെ കേസ്‌ പരിഗണിച്ച വേളയിൽ നയതന്ത്രബാഗേജ്‌ പരിശോധിക്കാൻ കേന്ദ്രത്തിന്‌ അധികാരമുണ്ടോയെന്ന്‌ സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന്റെ നടപടി ക്രമങ്ങൾ എന്തെല്ലാമാണെന്ന്‌ വ്യക്തമാക്കാനും കോടതി നിർദേശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home