16 July Thursday

കുവൈറ്റ്‌ പൊതുമാപ്പ്‌: ഇന്ത്യക്കാർക്ക്‌ മടങ്ങിവരാൻ വിമാനത്താവളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ കേന്ദ്രം ഒരുക്കണം

വെബ് ഡെസ്‌ക്‌Updated: Friday May 15, 2020

ന്യൂഡൽഹി > കുവൈറ്റ് പൊതുമാപ്പ് ആനുകൂല്യത്തിൽ  മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എയർപോർട്ടുകൾ അടിയന്തരമായി തുറന്നു നൽകണമെന്ന ഹർജി നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ജസ്റ്റിസ് നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരടങ്ങിയ  ബഞ്ചിൻ്റെതാണ് നിർദ്ദേശം.

ഏപ്രിൽ മാസം 16 ആം തീയതി മുതൽ കുവൈറ്റ് സർക്കാരിന്റെ താത്കാലിക പൊതുമാപ്പ് ക്യാമ്പുകളിൽ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കഴിയുകയാണ് പൊതുമാപ്പ് ആനുകൂല്യത്തിൽ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന കുവൈറ്റിലെ പതിനായിരത്തോളം  ഇന്ത്യൻ പ്രവാസികൾ.

പൊതുമാപ്പ് ആനുകൂല്യം നേടിയവരെ സൗജന്യമായി അവരവരുടെ രാജ്യങ്ങളിലെത്തിച്ച് നൽകുമെന്ന് കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക് ഡൗൺ പശ്ചാത്തലത്തിൽ കുവൈറ്റ് വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകാത്തതിനെ തുടർന്നാണ് കുവൈറ്റിലെ പൊതുപ്രവർത്തകനും ലോക കേരള സഭാംഗവുമായ തോമസ് മാത്യു കടവിൽ സുപ്രീം കോടതിയെ സമീപിച്ചത്.

ഇന്ത്യയിൽ തിരികെയെത്തിക്കും വരെ പൊതുമാപ്പിനർഹരായി കുവൈറ്റിൽ തുടരുന്ന ഇന്ത്യക്കാർക്കാവശ്യമായ ആരോഗ്യ സംവിധാനങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കടവിലിനുവേണ്ടി സീനിയർ അഭിഭാഷകൻ PV സുരേന്ദ്രനാഥ്‌, അഭിഭാഷകരായ കെ ആർ സുഭാഷ് ചന്ദ്രൻ, ദീപക് പ്രകാശ് എന്നിവർ ഹാജാരായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top