06 October Sunday

സപ്ലൈകോയ്‌ക്ക്‌ മുന്നേറ്റം: 14 ദിവസം; 123.56 കോടിയുടെ വിൽപ്പന

സ്വന്തംലേഖകൻUpdated: Thursday Sep 19, 2024

തിരുവനന്തപുരം/കൊച്ചി
ഓണക്കാലത്ത്‌ പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തിയ സപ്ലൈകോയ്‌ക്ക്‌ വിൽപ്പനയിലും മുന്നേറ്റം. ഈമാസം ഒന്നുമുതൽ 14വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെയാണ്. സബ്സിഡിയിതര ഇനങ്ങളുടെ വിൽപ്പനവഴി 56.73 കോടി ലഭിച്ചു. സപ്ലൈകോ പെട്രോൾ പമ്പുകളിലെയും എൽപിജി ഔട്ട്‌ലറ്റുകളിലെയും വിറ്റുവരവ് ഉൾപ്പെടാതെയാണിത്.

26.24 ലക്ഷംപേർ സപ്ലൈകോ വിൽപ്പനശാലകളിലെത്തി. 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടംവരെ സപ്ലൈകോ വിൽപ്പനശാലകളിൽ എത്തിയത്. 14 ജില്ലാ ഫെയറുകളിൽനിന്നുമാത്രം 4.03 കോടി രൂപയുടെ ‌കച്ചവടമുണ്ടായി. സബ്സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റുവരവുണ്ടായി.
 
ജില്ലാ ഫെയറുകളിൽ കൂടുതൽ വിൽപ്പന നടന്നത് തിരുവനന്തപുരത്താണ്. -- 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവായിരുന്നു ഇവിടെ.

തൃശൂർ (42.29 ലക്ഷം രൂപ) രണ്ടാമതും കൊല്ലം  (40.95 ലക്ഷം രൂപ) മൂന്നാമതും കണ്ണൂർ (39.17 ലക്ഷം രൂപ) നാലാമതുമെത്തി.
ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും ആറുമുതൽ 14 വരെ ഉച്ചയ്‌ക്കുള്ള ഡീപ് ഡിസ്കൗണ്ട് സെയിലിനും മികച്ച പ്രതികരണം ലഭിച്ചു. ഈ സമയത്തുമാത്രം 1.57 ലക്ഷം ഉപഭോക്താക്കൾ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങി.


ഓണക്കാലത്ത്‌ വിറ്റത്‌ 
916.54 കോടിയുടെ മദ്യം


സ്വന്തം ലേഖകൻ

തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഓണക്കാലത്ത്‌ വിറ്റത്‌ 916.54 കോടിരൂപയുടെ മദ്യമെന്ന്‌ കണക്കുകൾ. അത്തംമുതൽ നാലാംഓണംവരെ 12 ദിവസത്തെ കണക്കാണിത്‌. ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി 818.21 കോടിയുടെയും കൺസ്യൂമർഫെഡ്‌ ഷോപ്പുകൾവഴി 98.33 കോടിയുടെയും മദ്യംവിറ്റു. കഴിഞ്ഞവർഷം 909.27 കോടി രൂപയുടെ വിൽപ്പനയാണ്‌ നടന്നത്‌.

ഉത്രാടദിനം വരെയുള്ള കണക്കനുസരിച്ച്‌ മദ്യവിൽപ്പനയിൽ 19.25 കോടി രൂപയുടെ കുറവുണ്ടായിരുന്നു. എന്നാൽ ഈ വർഷം ചതയദിന അവധി നേരത്തെ ആയതിനാൽ നാലാം ഓണത്തിനും മദ്യവിൽപ്പനശാലകൾ തുറന്നുപ്രവർത്തിച്ചതോടെ ആകെ വിൽപ്പന കൂടി.
കൂടുതൽ വിൽപ്പന നടന്നത്‌ ഉത്രാടദിനത്തിലാണ്‌. ബെവ്‌കോ –- 126.01, കൺസ്യൂമർഫെഡ്‌ –- 19.95 കോടി എന്നിങ്ങനെയാണ്‌ കണക്കുകൾ.
ബെവ്‌കോയുടെ തിരൂർ ഔട്ട്‌ലെറ്റിലാണ്‌ കൂടുതൽ മദ്യം വിറ്റത്‌. 5.59 കോടി രൂപയുടെ മദ്യം വിറ്റു. കരുനാഗപ്പള്ളി –- 5.14 കോടി, തിരുവനന്തപുരം പവർഹൗസ്‌ റോഡ്‌ –- 5.01 കോടി, ചാലക്കുടി –- 4.66 കോടി, ഇരിങ്ങാലക്കുട –- 4.63 കോടി എന്നിങ്ങനെയാണ്‌ വിൽപ്പന നടന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top