23 September Monday

11 രൂപയ‌്ക്ക‌് കുപ്പിവെള്ളവുമായി സപ്ലൈകോ; ചൂഷണം തടയാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019

കൊച്ചി > സംസ്ഥാനത്ത‌് വേനൽ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാൻ സപ്ലൈകോ ഇടപെടുന്നു. വെള്ളിയാഴ‌്ച മുതൽ സപ്ലൈകോയുടെ 1560 ഔട്ട‌്‌ലെറ്റ‌ുകൾ വഴി ലിറ്ററിന‌് 11 രൂപയ‌്ക്ക‌് കുപ്പിവെള്ളം ലഭ്യമാക്കും. കുപ്പിവെള്ള നിർമാണ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ കുറഞ്ഞ വിലയിൽ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശത്തെതുടർന്നാണ‌് സപ്ലൈകോ നടപടി.

20 രൂപയാണ‌് വിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. റെയിൽവേയിൽ 15 രൂപയും. ആദ്യഘട്ടത്തിൽ മാവേലി സ‌്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, മെഡിക്കൽ സ‌്റ്റോറുകൾ എന്നിവ വഴിയാണ‌് കുപ്പിവെള്ള വിതരണം. അംഗീകൃത സ്വകാര്യ കമ്പനികളിൽ നിന്ന‌് കുപ്പിവെള്ളം വാങ്ങി വിൽപ്പന നടത്തുന്നതിന‌് കരാറായി. ഇവർ സപ്ലൈകോയുടെ ഔട്ട‌്‌ലെറ്റുകളിൽ വെള്ളമെത്തിക്കും. യുഡിഎഫ‌് കാലത്ത‌് സ്വകാര്യ കമ്പനികളുമായി ചേർന്ന‌് ശബരി ബ്രാൻഡിൽ കുപ്പിവെള്ള വിതരണം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും വിലയേറിയതിനാൽ പദ്ധതി പാതിവഴിയിൽ  ഉപേക്ഷിച്ചു.

വേനൽ കടുത്തതോടെ സംസ്ഥാനത്ത‌് കുപ്പിവെള്ള വിപണിയിലും ചൂഷണം ആരംഭിച്ചതോടെ എൽഡിഎഫ‌് സർക്കാർ ഇടപെടാൻ തീരുമാനിക്കുകയായിരുന്നു. കുറഞ്ഞ വിലയ‌്ക്ക‌് കുപ്പി വെള്ളമെത്തിക്കുന്നതിന‌് ജലസേചന വകുപ്പിന‌് കീഴിലുള്ള കമ്പനിയുമായി ചർച്ച നടക്കുകയാണ‌്. കുപ്പിവെള്ള വിൽപ്പനയുടെ സംസ്ഥാനതല ഉദ‌്ഘാടനം ഗാന്ധിനഗറിലെ ഹൈപ്പർ മാർക്കറ്റിൽ സപ്ലൈകോ മാനേജിങ‌് ഡയറ‌ക‌്ടർ എം എസ‌് ജയ ആർറ്റിഐ കേരള ഫെഡറേഷൻ പ്രസിഡന്റ‌് അഡ്വ. ഡി ബി ബിനുവിന‌് കുപ്പിവെള്ളം നൽകി ഉദ‌്ഘാടനം ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top