25 April Thursday

വാടിത്തളർന്ന‌് നാട‌് ; പാലക്കാട്ട്‌ ചൂട‌് 42 ഡിഗ്രിയിലേക്ക‌്, വെള്ളിയാഴ‌്ചവരെ അതീവജാഗ്രത

സ്വന്തം ലേഖകൻUpdated: Tuesday Mar 26, 2019

തിരുവനന്തപുരം> ചുട്ടുപൊള്ളുന്ന ചൂടിൽ നാട‌്  വിയർക്കുമ്പോൾ സംസ്ഥാന സർക്കാർ അതീവ ജാഗ്രതാ നിർദേശം നാലുദിവസത്തേക്കുകൂടി നീട്ടി.  വ്യാഴാഴ്‌ചവരെ താപനില 2മുതൽ 4 ഡിഗ്രി സെൽഷ്യസ്‌വരെ ഉയരാനിടയുണ്ട്‌. കോഴിക്കോട്‌, പാലക്കാട്‌, കോട്ടയം ആലപ്പുഴ ജില്ലകളിൽ ഇന്ന്‌ തീവ്രമായ ചൂട്‌ അനുഭവപ്പെടും. സൂര്യാഘാതം ഏൽക്കാതിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന്‌  ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. അമിത വിയർപ്പും അസ്വസ്‌ഥതയും വിളർച്ചയും ഉണ്ടായാൽ വൈദ്യസഹായം തേടണം. പകൽ 11 മുതൽമൂന്ന് വരെ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം .

തിങ്കളാഴ‌്ച 18 പേരാണ‌് വിവിധ ജില്ലകളിൽ സൂര്യാതപമേറ്റ‌് ചികിത്സ തേടിയത‌്. കൊല്ലത്ത‌് കുട്ടികളടക്കം പത്തുപേർക്ക‌് പൊള്ളലേറ്റു. 

പാലക്കാട്ട‌് നാലുപേർക്കും കോഴിക്കോട്‌ മൂന്ന്‌ പേർക്കും മലപ്പുറത്ത്‌ ഒരാൾക്കുമാണ‌് സൂര്യാതപമേറ്റത‌്.  ദുരന്തനിവാരണ അതോറിറ്റി വെള്ളിയാഴ‌്ച വരെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട‌് ജില്ലകളിലൊഴികെ താപനില  ശരാശരിയിൽ നിന്ന്  ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ‌്അറിയിച്ചു. തിങ്കളാഴ‌്ച തിരുവനന്തപുരത്ത‌് 36 ഉം പുനലൂരിൽ 38 ഉം  ആലപ്പുഴ 36 ഉം കോട്ടയം 37.7 ഉം കൊച്ചി 36.1 ഉം കോഴിക്കോട‌് 35.8 ഉം കണ്ണൂർ 36.4 ഡിഗ്രി സെൽഷ്യസുമാണ‌് പകൽ താപനില. 

പാലക്കാട്ട്‌ ചൂട‌് 42 ഡിഗ്രിയിലേക്ക‌്
കൊടും ചൂട‌് തുടരുന്ന പാലക്കാട‌് ജില്ലയിൽ താപനില  41 ഡിഗ്രിസെൽഷ്യസിലെത്തി. ഇത‌് രണ്ടാംതവണയാണ‌് ജില്ലയിൽ താപനില 41 ഡിഗ്രിയിലേക്ക‌് എത്തുന്നത‌്. 2010ൽ രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ‌് പാലക്കാട‌് രേഖപ്പെടുത്തിയ കൂടിയ താപനില. പാലക്കാട‌് വടക്കഞ്ചേരി പുതുക്കോട്ടിൽ കണക്കന്നൂർ പള്ളത്ത് വീട്ടിൽ ഗംഗാധരൻ(71), പട്ടഞ്ചേരി കരിപ്പാലി ശ്യാമിലി(21), ഷൊർണൂർ ആലിക്കപ്പറമ്പിൽ ഉണ്ണിക്കൃഷ്ണൻ(47), തേങ്കുറുശി പൊക്കത്തു വീട്ടിൽ സുജിത‌്(24)എന്നിവർക്കാണ‌് സൂര്യാതപമേറ്റത‌്.
കൊല്ലത്ത‌് 10 പേർക്ക‌് പൊള്ളലേറ്റു

കൊല്ലം ജില്ലയിൽ കുട്ടികളടക്കം പത്തുപേർക്കാണ‌് കൊടുംചൂടിൽ പൊള്ളലേറ്റത‌്. പുനലൂർ വിളക്കുപാറയിലെ കിഷോർ(13), തെൻമലയിലെ നാസർഖാൻ (60), കറവൂർ കുന്നത്തു വീട്ടിൽ ബിനു (44), തലവൂരിലെ  രേഷ‌്മ(24), പവിത്രേശ്വരം കൃപാഭവനിൽ ഷൈജു ഡാനിയൽ (36),  അഞ്ചൽ സിയാദ‌് മൻസിൽ സെയ‌്ഫുദ്ദീൻ (58), അഞ്ചൽ ആറ്റിൻകിഴക്കേക്കര അഭിലാഷ‌് (5),കുളത്തൂപുഴ   ഇഎസ‌്എം കോളനിയിലെ ജസ്റ്റിൻ(4),   മഹേന്ദ്രൻ (42), അഞ്ചലിലെ  റസീന (39) എന്നിവർക്കാണ‌് പൊള്ളലേറ്റത‌്.
ഇവർ ജില്ലാ ആശുപത്രിയിലും പുനലൂർ താലൂക്ക‌് ആശുപത്രിയിലും ചികിത്സയിലാ‌ണ‌്. 32 ഡിഗ്രി ചൂടാണ‌് തിങ്കളാഴ‌്ച ജില്ലയിൽ അനുഭവപ്പെട്ടത‌്. അഞ്ച‌് ദിവസത്തിനിടെ ജില്ലയിൽ 30 പേർക്ക‌് പൊള്ളലേറ്റു.

മലപ്പുറം എടവണ്ണയിൽ പെയിന്റിങ് ജോലിക്കിടെ പത്തപ്പിരിയം നെല്ലാണിയിൽ  ബാല (40)ന‌് സൂര്യാതപമേറ്റു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സതേടി. വടകര ചോറോട‌്  യാത്രക്കിടെ പുഞ്ചിരിമിൽ സ്വദേശി ഹേമചന്ദ്ര (52) ന‌് പെള്ളലേറ്റു.

കല്ലാച്ചിയിലെ വീട്ടമ്മ കൂരോന്തന്റെവിട മജിഷ, വളയം പഞ്ചായത്തിലെ 148 നമ്പർ അങ്കണവാടി ഹെൽപ്പർ സി ടി കെ റീജ എന്നിവർക്കും സൂര്യാതപമേറ്റു.  അങ്കണവാടിയിൽ ജോലിക്കിടയിലാണ് റീജക്ക‌് പൊള്ളലേറ്റത്.  റീജ വളയം ഗവ. ആശുപത്രിയിലും മജിഷ നാദാപുരം ആശുപത്രിയിലും ചികിത്സതേടി.

 


പ്രധാന വാർത്തകൾ
 Top