08 August Saturday

കൈത്തോക്കും ഉണ്ടയും പിടിച്ചെടുത്തു: ചിട്ടിക്കമ്പനി ഉടമയുടെ ആത്മഹത്യാനാടകം ജപ്തി ഒഴിവാക്കാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

അങ്കമാലി> ജപ‌്തി ഒഴിവാക്കുന്നതിന‌് പൊതുജനശ്രദ്ധ പിടിച്ചുപറ്റാൻ ചിട്ടിക്കമ്പനി ഉടമയുടെ ആത്മഹത്യാശ്രമം. കറുകുറ്റി കേബിൾ നഗറിൽ ന്യൂ ഇയർ കുറീസ് സ്ഥാപന ഉടമ തൃശൂർ അഞ്ചേരി സ്വദേശി എം എം പ്രസാദാണ് നാടകീയ രംഗങ്ങളിലൂടെ നാട്ടുകാരെ വീർപ്പുമുട്ടിച്ചത്.സ്ഥാപനത്തിലെ വിച്ഛേദിച്ച വൈദ്യുതി കണക‌്ഷൻ പുനഃസ്ഥാപിച്ചുകൊടുക്കണമെന്നതാണ് ഇയാളുടെ ആവശ്യം. ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കറുകുറ്റി വൈദ്യുതി സെക‌്ഷന്റെ എതിർവശത്തെ സ്വകാര്യവ്യക്തിയുടെ മരക്കൊമ്പിൽ കഴുത്തിൽ കുടുക്കിട്ടിരുന്ന നിലയിലാണ് ഇയാളെ കണ്ടത്. തന്റെ സ്ഥാപനത്തിലെ സ്ത്രീജീവനക്കാരടക്കമുള്ളവരെ താഴെനിർത്തി മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെയായിരുന്നു നീക്കങ്ങൾ.

നിമിഷങ്ങൾക്കകം വാർത്ത പ്രചരിക്കുകയും പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തുകയും ചെയ്തു. പ്രസാദിനെ താഴെയിറക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി വരണമെന്നാണ് ഇയാൾ പറഞ്ഞത്. കലക്ടറെങ്കിലും വന്ന് ഉറപ്പുകൊടുത്താലേ ഇറങ്ങുകയുള്ളൂവെന്നായി പിന്നീട്. ആവശ്യമായ രേഖകൾ ഹാജരാക്കുന്നമുറയ്ക്ക് കണക‌്ഷൻ പുനഃസ്ഥാപിക്കുമെന്ന്   ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അഞ്ചരമണിക്കൂർ നീണ്ട അനുരഞ്ജനത്തിനുശേഷമാണ് ഇയാൾ താഴെയിറങ്ങിയത്.

ദേഹപരിശോധനയിൽ കൈത്തോക്കും അഞ്ച് ഉണ്ടകളും പൊലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് അങ്കമാലി പൊലീസ് കേസ‌് എടുത്തിട്ടുണ്ട്.
ന്യൂ ഇയർ കുറീസ് 2015ലാണ് പ്രവർത്തനം തുടങ്ങിയത്. സ്ഥാപനത്തിൽ 45,000 വാട്ട് വൈദ്യുതി ഉപയോഗിക്കാനേ അനുമതിയുള്ളൂ. എന്നാൽ, വൈദ്യുതി ഉപയോഗം അമിതമാണെന്ന് കണ്ടതോടെ അന്വേഷണം നടത്തിയിരുന്നു.2017 സെപ്തംബർ 20ന് തൃശൂർ ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് സ്ഥാപനത്തിൽ പരിശോധന നടത്തി. അനുവദനീയമായ വൈദ്യുതിയിൽ കൂടുതൽ ഉപയോഗിക്കുന്നതായും കണ്ടെത്തി. തുടർന്ന് 4,54,969 രൂപ പിഴചുമത്തി. ഇതിന് നോട്ടീസ് നൽകുകയും ചെയ്തു. ഇതുസംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അറിയിക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. എന്നാൽ, പിഴത്തുക അടയ‌്ക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല. തുടർന്ന് കണക‌്ഷൻ വിച്ഛേദിച്ചു. ഈ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഫിക്‌സഡ് തുകയുടെ പകുതി 92,880 രൂപ അടച്ച് അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കണമെന്ന് വിധിച്ചു. ഇതും പ്രസാദ് പാലിക്കാതെ വന്നതോടെയാണ് വൈദ്യുതി ബോർഡ് ജപ്തിനടപടിയിലേക്ക് നീങ്ങിയത്.

ഇതിനെ തടയിടാൻ നിരാഹാര സത്യഗ്രഹം നടത്തിയും ജനശ്രദ്ധയ്ക്ക് ശ്രമിച്ചു. എന്നാൽ, ദേശീയപാതയോരത്തിൽ വലിയൊരു പന്തൽകെട്ടി തുടങ്ങിയ നിരാഹാരസത്യഗ്രഹ പ്രഹസനം 119 ദിവസങ്ങൾ പിന്നിട്ടിട്ടും ആരം തിരിഞ്ഞുനോക്കിയില്ല. വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് മാധ്യമങ്ങളും അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് 119-ാംദിവസം പൊതുജന- മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ ഇത്തരത്തിലൊരു നാടകം അരങ്ങേറിയതെന്ന് നാട്ടുകാരുടെ അഭിപ്രായം. മരത്തിൽ തൂങ്ങാൻ കയറിയത് സഞ്ചിയിൽ കുപ്പിവെള്ളവുമായിട്ടാണെന്നും ഇരിക്കാൻ മരക്കവര ചെത്തി നിരപ്പാക്കിയിരുന്നുവെന്നും നീറുറുമ്പില്ലാതിരിക്കാൻ മരുന്ന് ഉപയോഗിച്ചതായും ഇവർ പറയുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top