17 February Sunday

വിഴിഞ്ഞം കരാറില്‍ ഉമ്മന്‍ചാണ്ടി സംരക്ഷിച്ചത് അദാനിയുടെ താല്‍പര്യം, ബാറുകള്‍ പൂട്ടിയത് അസൂയ മൂത്ത്; ആഞ്ഞടിച്ച് സുധീരന്‍

സ്വന്തം ലേഖകൻUpdated: Wednesday Jun 13, 2018

തിരുവനന്തപുരം> കെപിസിസി നേതൃത്വത്തിനും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മുൻ യുഡിഎഫ‌് സർക്കാരിനുമെതിരെ കുറ്റപത്രവുമായി  കോൺഗ്രസ‌് നേതാവ‌് വി എം സുധീരൻ വീണ്ടും. പരസ്യ വിമർശനം പാടില്ലെന്ന കെപിസിസി പ്രസിഡന്റ‌്  എം എം ഹസ്സന്റെ താക്കീത‌ിനെ വെല്ലുവിളിച്ചുകൊണ്ടാണ‌് കെപിസിസി നേതൃത്വത്തിനും ഉമ്മൻചാണ്ടിക്കുമെതിരെ സുധീരൻ വാർത്താസമ്മേളനം വിളിച്ചുചേർത്ത‌് രൂക്ഷ വിമർശനങ്ങളുയർത്തിയത‌്. കോൺഗ്രസിനെ ഗ്രൂപ്പ‌് മാനേജർമാർ തകർക്കുകയാണെന്ന‌് പറഞ്ഞ സുധീരൻ രണ്ടു മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ  ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ അരങ്ങേറിയ അഴിമതിയും ക്രമക്കേടുകളും അക്കമിട്ടു നിരത്തി.

വിഴിഞ്ഞം തുറമുഖ കരാര്‍: സംസ്ഥാന താല്‍പര്യം ബലി കഴിച്ചു
 
വിഴിഞ്ഞം അന്തരാഷ‌്ട്ര തുറമുഖ കരാറിൽ അദാനി ഗ്രൂപ്പിന്റ താൽപ്പര്യം മാത്രമാണ‌് സംരക്ഷിച്ചത‌്. സംസ്ഥാന താൽപര്യം ബലി കഴിച്ചു. ഉമ്മൻചാണ്ടി ഏകപക്ഷീയമായാണ‌് ഇക്കാര്യത്തിൽ തീരുമാനമെടുത്തത‌്. എല്ലാവശങ്ങളും പരിഗണിച്ച‌് ഹൈക്കമാൻഡുമായി ചർച്ച ചെയ‌്ത ശേഷമേ കരാറിൽ ഒപ്പിടാവൂ എന്ന‌് താനും ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയുമായി നടത്തിയ ചർച്ചയിൽ അന്നത്തെ കോൺഗ്രസ‌് പ്രസിഡന്റ‌് സോണിയാ ഗാന്ധിയും വൈസ‌് പ്രസിഡന്റ‌് രാഹുൽഗാന്ധിയും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നും തിരിച്ചുവന്ന‌് രണ്ടാം ദിവസം  ആരോടും ആലോചിക്കാതെ കരാറിൽ ഒപ്പിട്ടു. ടിവി വാർത്തയിലൂടെയാണ‌് തീരുമാനം എടുത്ത കാര്യം അറിയുന്നത‌്. അരുവിക്കര ഉപതെരഞ്ഞെടുപ്പായതിനാൽ അന്ന‌് പ്രതികരിച്ചില്ല. ഹൈക്കമാൻഡും അന്ന‌് ഇതിൽ കടുത്ത അതൃപ‌്തി രേഖപ്പെടുത്തി. യുഡിഎഫ‌് സർക്കാരിന്റെ  പല തീരുമാനങ്ങളും ഇങ്ങനെ ഏകപക്ഷീയമായിരുന്നു. സർക്കാരിന്റെയും ജനങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കാതെയാണ‌് തീരുമാനം എടുത്തത‌്.

കരുണ എസ‌്റ്റേറ്റിന്റെ കാര്യത്തിൽ ശക‌്തമായ നടപടി സ്വീകരിക്കണമെന്ന‌് ഉമ്മൻചാണ്ടിയോട‌് ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ‌്ഥരെ എങ്ങനെ കൈവിടുമെന്നാണ‌് അദ്ദേഹം എന്നോട‌് ചോദിച്ചത‌്. ജനങ്ങളെ കൈവിട്ടു തീരുമാനം എടുക്കരുതെന്നാണ‌് ഞാനതിനു മറുപടി പറഞ്ഞത‌്. കരുണയ‌്ക്ക‌് അനുകൂലമായ ഈനിലപാട‌് ലക്ഷക്കണക്കിന‌് ഏക്കർ കൈവശമുള്ള ടാറ്റ, ഹാരിസൺ പോലുള്ള വമ്പന്മാർക്ക‌് ഗുണം ചെയ്യുമെന്ന‌് മുന്നറിയിപ്പു നൽകി. പിന്നാലെ നടന്ന കെപിസിസി യോഗത്തിൽ എംഎൽഎമാർ അടക്കമുള്ളവർ ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ചു. ഈ കൊള്ളയ‌്ക്ക‌് കൂട്ടുനിൽക്കാനാവില്ലെന്ന‌് ഞാൻ ശക‌്തമായി പറഞ്ഞു. തുടർന്ന‌് അദ്ദേഹം യോഗത്തിൽ നിന്ന‌് ഇറങ്ങിപ്പോയി ‐ സുധീരൻ പറഞ്ഞു.
 
ബാറുകൾ പൂട്ടിയത‌് അസൂയ മൂത്ത‌്

നടപടി ക്രമങ്ങൾ പാലിക്കാത്ത 418 ബാറുകൾ പൂട്ടണമെന്നായിരുന്നു താൻ ആവശ്യപ്പെട്ടത‌്. ഇത‌് പൊതുസമൂഹം സ്വീകരിച്ചപ്പോൾ എന്നോടുള്ള കടുത്ത അസൂയമൂലം മുഴുവൻ ബാറുകളും പൂട്ടി. എന്നോടുള്ള വാശിക്കാണെങ്കിലും പൂട്ടിയ തീരുമാനത്തെ സ്വാഗതം ചെയ‌്തു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കുള്ള ഒരു കാരണം മദ്യനയമാണെന്നാണ‌് എ ഗ്രൂപ്പുകാർ ആരോപിച്ചത‌്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത‌് രാജിവെക്കാൻ തീരുമാനിച്ചാണ‌് അന്ന‌് കെപിസിസി യോഗത്തിനു പോയത‌്. എന്നാൽ അതിനിടയിൽ എം എം ഹസ്സൻ എന്റെ രാജി ആവശ്യപ്പെട്ടു. ഇതോടെ രാജി വെക്കണ്ടെന്ന‌് തീരുമാനിച്ചു.

ക്രൂരമായ നിസ്സഹകരണം

കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ ഉമ്മൻചാണ്ടിയുടേത‌് ക്രൂരമായ നിസ്സഹകരണമായിരുന്നു. പ്രസിഡന്റായി എന്നെ എഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഉമ്മൻചാണ്ടിയെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നൽകിയില്ല. പിന്നീട‌് കണ്ടപ്പോൾ മുഖത്ത‌് നീരസം പ്രകടിപ്പിച്ചു. ചുമതലയേൽക്കുന്ന ചടങ്ങ‌്  ബഹിഷ‌്കരിക്കുകയും ചെയ‌്തു.

എന്റെ നേതൃത്വത്തിൽ നടന്ന രണ്ടു ജാഥകളും പരാജയപ്പെടുത്താൻ ശ്രമിച്ചു. ഈ രണ്ടുജാഥകളുടെയും ഉദ‌്ഘാടകൻ ഉമ്മൻചാണ്ടിയായിരുന്നു. ജനപക്ഷയാത്രയിൽ എന്റെ പേരു പറയാൻ പോലും ഉമ്മൻചാണ്ടി പിശുക്കു കാട്ടി.

ജനരക്ഷായാത്ര കോട്ടയത്ത‌് എത്തിയപ്പോഴാണ‌് സോളാർ വിവാദം സംസ്ഥാനത്തെ പിടിച്ചു കുലുക്കിയത‌്. പക്ഷെ പിന്നീട‌് നടന്ന എല്ലാ യോഗങ്ങളിലും ഞാൻ ഉമ്മൻചാണ്ടിയെ ശക‌്തമായി ന്യായീകരിച്ചു. അതിനുശേഷമാണ‌് അദ്ദേഹം എന്റെ പേരു പോലും പറയാൻ തയ്യാറായത‌്. പ്രസിഡന്റായിരിക്കെ എനിക്ക‌് ഒരു പിന്തുണയും ഉമ്മൻചാണ്ടി നൽകിയില്ല.  ഗ്രൂപ്പു മാനേജർമാരെ ഉപയോഗിച്ച‌് രണ്ട‌് ഗ്രൂപ്പുകളും എന്നെ തകർക്കാൻ ശ്രമിച്ചു.

ത്രിതല പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണായവകാശം വാർഡു കമ്മിറ്റികൾക്കാണ‌് നൽകിയത‌്.  ഗ്രൂപ്പ‌് മാനേജർമാർ ഇത‌് അട്ടിമറിച്ചു. ബൂത്ത‌് തലം തൊട്ട‌് പാർടി പുനഃസംഘടന നടത്താനുള്ള നടപടികളും ഗ്രൂപ്പുകൾ അട്ടിമറിച്ചു. തൃശൂർ ജില്ലയിൽ ബൂത്ത‌് പുനഃസംഘടന ഭംഗിയായി നടന്നു. ഇത‌് ഗ്രൂപ്പിനതീതമായിരുന്നു. ഇങ്ങിനെ പോയാൽ ഗ്രൂപ്പ‌് ഇല്ലാതാകുമെന്ന‌് വന്നപ്പോഴാണ‌് മറ്റ‌് ജില്ലകളിൽ ആകെ അട്ടിമറിച്ചത‌്. പരമാവധി വിട്ടുവിഴ‌്ച ചെയ‌്തും രണ്ട‌് ഗ്രൂപ്പുകളുമായും ചർച്ച ചെയ‌്തും പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും ഒരടി പോലും മുന്നോട്ട‌് പോകാൻ കഴിയാത്ത വിധം വരിഞ്ഞുകെട്ടാൻ ശ്രമിച്ചു.

തീരുമാനങ്ങൾ പാർടി നിലപാടിനെതിര‌്

ബിജെപിയെ കേന്ദ്രഭരണത്തിൽ നിന്നു പുറന്തളളാൻ രാഹുൽ ഗാന്ധി കഠിന പരിശ്രമം നടത്തുമ്പോൾ അതിനെതിരായ നിലപാടുകളാണ‌് കേരളത്തിലെ നേതാക്കൾ എടുക്കുന്നത‌്. 11 മാസം കൂടി അവശേഷിക്കുന്ന മോഡി സർക്കാരിനെതിരെ ലോക‌്സഭയിൽ ശക‌്തമായ നിലപാട‌ുകൾ എടുക്കാൻ അംഗബലം നിർണായകമാണ‌്. മാണിക്ക‌് അധാർമികമായി സീറ്റു നൽകുക വഴി ലോക‌്സഭയിൽ ഒരു സീറ്റു കുറഞ്ഞു. ഉള്ള അംഗബലം കുറച്ച്‌ സീറ്റ‌്ദാനം ഹിമാലയൻ മണ്ടത്തരമാണ‌്. യുപിഎയുടെ നഷ‌്ടം ബിജെപിക്കു നേട്ടമായി. സാമാന്യ ബുദ്ധിയുള്ള ആരും ഇങ്ങിനെ ഒരു തീരുമാനം എടുക്കില്ല.

ഇപ്പോഴും സമദൂരത്തെക്കുറിച്ച‌് പറയുന്ന   മാണിയെ വിശ്വസിക്കാനാകില്ല.  ഭാവിയിൽ മാണി ബിജെപിക്കൊപ്പം പോകില്ലെന്ന കാര്യത്തിൽ ആർക്കെങ്കിലും ഉറപ്പുണ്ടോ. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ‌്പിക്കു സീറ്റു നൽകിയപ്പോൾ മൂന്നു ഉറപ്പുകളാണ‌് വാങ്ങിയത‌്. സോണിയാ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുക, യുപിഎക്ക‌് പിന്തുണ നൽകുക, യുഡിഎഫിലുള്ള ആർഎസ‌്പിയുമായി യോജിച്ച‌് പ്രവർത്തിക്കുക എന്നിവയായിരുന്നു ഇവ. പലവട്ടം പലതലത്തിൽ ചർച്ച ചെയ‌്തശേഷമാണ‌് ആർഎസ‌്പിയെ മുന്നണിയിലെടുത്തത‌്. എന്നാൽ മാണിയുടെ കാര്യത്തിൽ ഇതുണ്ടായില്ല.

കോൺഗ്രസിൽ നിന്ന‌് ആർക്കും സീറ്റ‌് കിട്ടരുതെന്ന രഹസ്യ അജണ്ട നടപ്പാക്കുകയായിരുന്നു. ഗൂഢമായാണ‌് ഇത‌് നടപ്പാക്കിയത‌്. സീറ്റ‌് നൽകിയതിനെതിരെ രാഷ‌്ട്രീയകാര്യ സമിതിയിലും കെപിസിസി എക‌്സിക്യൂട്ടിവിലും രൂക്ഷവിമർശനമാണ‌് ഉയർന്നത‌്.  തെറ്റു പറ്റിയാൽ തുറന്നു സമ്മതിക്കണം. അതിനു പരിഹാരമായി പരസ്യ പ്രസ‌്താവന പാടില്ലെന്ന ഒറ്റമൂലിയാണ‌് ഹസ്സൻ നിർദ്ദേശിച്ചത‌്. ഞാൻ  പ്രസിഡന്റായിരുന്നപ്പോൾ കോൺഗ്രസിനെതിരെ കെപിസിസി ആസ്ഥാനത്ത‌് വാർത്താ സമ്മേളനം നടത്തിയ ആളാണ‌് ഹസ്സൻ. പരസ്യ പ്രസ‌്താവന വിലക്കിയാൽ കോൺഗ്രസിൽ ആരും അവശേഷിക്കില്ല.

ഗ്രൂപ്പ‌് രാഷ‌്ട്രീയത്തിന്റെ തടവിൽ

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ പ്രവർത്തിക്കാൻ ആളുണ്ടായിരുന്നില്ല. പുറത്തുനിന്നു വന്നവരാണ‌് തെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ‌്ടിച്ചത‌്. തോൽവി കോൺഗ്രസിനുള്ള പാഠമാണ‌്. പക്ഷെ മാണിക്കു സീറ്റു നൽകുക വഴി പാർടിയെ കൂടുതൽ ദുർബലപ്പെടുത്തുകയാണ‌് ചെയ‌്ത‌ത‌്.

കെപിസിസി യോഗത്തിൽ ഭീഷണി

പതിറ്റാണ്ടുകളായി കോൺഗ്രസിന‌് വേണ്ടി പ്രവർത്തിക്കുന്നു. പക്ഷെ ഇതുവരെയുണ്ടായിട്ടില്ലാത്ത അനുഭവമാണ‌് ചൊവ്വാഴ‌്ചത്തെ യോഗത്തിലുണ്ടായത‌്. ഞാൻ സംസാരിക്കുമ്പോൾ രണ്ട‌്  യുവ എ ഗ്രൂപ്പുകാർ ഭീഷണിയുമായി എഴുന്നേറ്റു. ഉമ്മൻചാണ്ടിക്കെതിരെ സംസാരിക്കരുതെന്ന‌് ആക്രോശിച്ചു. പറയാനുള്ളത‌് പറഞ്ഞിട്ടേ നിർത്തൂവെന്ന‌് ഞാൻ പറഞ്ഞു. ഗ്രൂപ്പ‌് നേതാക്കളെ തൃപ‌്തിപ്പെടുത്താനാണിത‌് ചെയ‌്തത‌്. ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട‌് കോൺഗ്രസ‌് രക്ഷപ്പെടില്ല.

തെറ്റ‌് തിരുത്തുന്നതിന‌് പകരം തെറ്റുചെയ്യുന്നവരെ സംരക്ഷിക്കാനാണ‌് ശ്രമിക്കുന്നത‌്. തെറ്റുകൾ മൂടിവെക്കാനും തെറ്റുചെയ്യുന്നവരെ സംരക്ഷിക്കാനും വേണ്ടി പരസ്യപ്രസ‌്താവന പാടില്ലെന്ന‌് പറഞ്ഞാൽ അത‌് അനുസരിക്കാൻ പോകുന്നില്ല. ‐ സുധീരൻ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top