28 November Sunday

VIDEO- നികുതി തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി; നികുതിദായകരുടെ പണം നഷ്‌ടമാവില്ല: മന്ത്രി കെ രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

തിരുവനന്തപുരം > പ്രതിപക്ഷ ആക്രമണത്തിൽ ഉരുകിപ്പോകുന്ന വെണ്ണയല്ല മേയർ ആര്യ രാജേന്ദ്രനെന്ന്‌ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയിൽ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് വിഷയത്തിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച എം വിൻസെന്റിന്റെ ആരോപണങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം നഗരസഭ സോണല്‍ ഓഫീസുകളിലെ കളക്ഷന്‍ തുക ബാങ്കില്‍ ഒടുക്കാതെ തട്ടിപ്പ് നടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. പ്രാധാന്യത്തോടെയാണ് സര്‍ക്കാരും നഗരസഭയും വിഷയം പരിഗണിക്കുന്നതും നടപടി സ്വീകരിക്കുന്നതും.

നികുതിദായകര്‍ നഗരസഭയില്‍ അടച്ച തുകയ്‌ക്ക് അവര്‍ക്ക് രസീതുകള്‍ നല്‌കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നികുതിദായകര്‍ക്ക് തുക നഷ്‌ട‌പ്പെടുകയോ അവര്‍ വീണ്ടും തുക അടയ്‌ക്കുകയോ ചെയ്യേണ്ടിവരില്ല. നികുതിദായകര്‍ക്ക് രസീത് നല്‍കി സോണല്‍ ഓഫീസുകളില്‍ സ്വീകരിച്ച തുക നഗരസഭയുടെ ബാങ്ക് അക്കൗണ്ടില്‍ അടയ്‌‌ക്കാതെ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തുകയാണ് ചില ഉദ്യോഗസ്ഥര്‍ ചെയ്‌തത്. അതുകൊണ്ടു തന്നെ നികുതിദായകരെ സംബന്ധിച്ചിടത്തോളം അവരടച്ച പണത്തിന് രസീത് ഉള്ളതിനാല്‍ അവരുടെ പണം നഷ്‌ടപ്പെടുമെന്നോ വീണ്ടും അടയ്‌ക്കേണ്ടി വരുമോയെന്ന ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

നികുതി ദായകര്‍ അടച്ച പണം നഗരസഭ അക്കൗണ്ടില്‍ അടയ്‌ക്കാതെ തട്ടിയെടുക്കാന്‍ ശ്രമിച്ചവരില്‍ നിന്നും ആ തുക നിയമനടപടികളിലൂടെ നഗരസഭ ഈടാക്കും. അതുകൊണ്ടു തന്നെ നഗരസഭയ്‌ക്കും നഷ്‌ടമുണ്ടാകുന്ന സാഹചര്യമില്ല. ഏതെങ്കിലും നികുതിദായകരെ സംബന്ധിച്ചിടത്തോളെ അവരടച്ച തുകയുടെ രസീത് കൈവശമില്ലെങ്കിലും ഇതേക്കുറിച്ച് ആശങ്ക വേണ്ട. സ്വീകരിച്ച പണത്തിന് നഗരസഭയുടെ സോണല്‍ ഓഫീസുകളില്‍ രേഖയുണ്ട്. നഗരസഭയുടെ സോഫ്‌‌‌‌റ്റ്‌വെയറില്‍ ഈ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതോടെ ഓണ്‍ലൈനിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഇതിനുള്ള നടപടികള്‍ നഗരസഭ ഇപ്പോള്‍ അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്‌. സംഭവത്തിൽ വകുപ്പുതല അന്വേഷണവും പൊലീസ് തല അന്വേഷണവും ഊര്‍ജ്ജിതമാക്കി കുറ്റക്കാര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടികളും നിയമനടപടികളും കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ മൂന്ന് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുന്നുണ്ട്‌. പ്രധാന പ്രതികളായി കണ്ടെത്തിയ നാലുപേരെ അറസ്റ്റു ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. 13 പേരെ സസ്‌പെൻഡ്‌ ചെയ്‌‌തു. ഇത്തരം തട്ടിപ്പുകള്‍ ഭാവിയില്‍ നടക്കാതിരിക്കാന്‍ ആവശ്യമായ ഔദ്യോഗികമായ നടപടികള്‍ നഗരസഭയില്‍ സ്വീകരിച്ചിട്ടുണ്ട്. വ്യക്തമായ നടപടിക്രമം നഗരസഭ തയ്യാറാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും തദ്ദേശസ്വയം ഭരണമന്ത്രി എം വി ഗോവിന്ദന്‌ വേണ്ടി മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top