28 November Monday

വാക്‌‌സിൻ യജ്ഞം: തെരുവുനായകളെ ഒതുക്കാൻ ദ്രുതകർമപദ്ധതി

സ്വന്തം ലേഖികUpdated: Tuesday Sep 13, 2022

തിരുവനന്തപുരം> പേ വിഷബാധ നിയന്ത്രിക്കാൻ മുഴുവൻ  തെരുവുനായകൾക്കും വാക്‌‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു.  20 മുതൽ ഒരുമാസമാണ്‌ വാക്സിനേഷൻ യജ്‌ഞം.  തദ്ദേശസ്ഥാപനങ്ങൾ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിൽ വാക്സിനെത്തിക്കുമെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. നായകൾ കൂട്ടമായുള്ള പ്രദേശങ്ങൾക്ക്‌ പ്രത്യേക പരിഗണന നൽകും. തിങ്കളാഴ്‌ച ഉന്നതതല യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനം ലഭിച്ച നായപിടിത്തക്കാർ  നേതൃത്വം നൽകും.   കോവിഡുകാലത്തെ സന്നദ്ധസേനാംഗങ്ങളെ  ഭാഗമാക്കും. സംസ്ഥാനത്ത്‌ മൂന്നുലക്ഷം തെരുവുനായകളുണ്ട്‌. ദിവസം പതിനായിരം എണ്ണത്തിനെങ്കിലും വാക്സിൻ നൽകും. ഭക്ഷണത്തിലൂടെ  വാക്സിൻ നൽകുന്ന രീതിയും പരീക്ഷിക്കാൻ  ഉപദേശമുണ്ട്‌. വാക്സിനെടുത്തവയെ തിരിച്ചറിയാൻ സ്‌പ്രേ പെയിന്റ്‌, മൈക്രോ ചിപ്പ്‌ സംവിധാനങ്ങൾ ഏർപ്പെടുത്തും. ആറുലക്ഷം ഡോസ്‌ വാക്സിൻ മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുണ്ട്‌. കൂടുതൽ ലഭ്യമാക്കാനും നടപടിയായി.

തദ്ദേശസ്ഥാപനങ്ങളിൽ തെരുവുനായ പുനരധിവാസ ഷെൽട്ടറുകൾ സ്ഥാപിക്കും. ഭക്ഷ്യമാലിന്യം വലിച്ചെറിയുന്നതിനെതിരെ ജനകീയ ക്യാമ്പയിൻ ആരംഭിക്കും. മാലിന്യ നിർമാർജനത്തിനായി ഹോട്ടൽ, കല്യാണഹാൾ ഉടമകൾ, മാംസ കച്ചവടക്കാർ തുടങ്ങിയവരുടെ യോഗം തദ്ദേശസ്ഥാപനതലത്തിൽ വിളിച്ചുചേർക്കും. സംസ്ഥാനത്ത്‌ 37 എബിസി (അനിമൽ ബെർത്ത്‌ കൺട്രോൾ) കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്‌. ആകെ 76 എണ്ണമാണ്‌ ആവശ്യം. ബാക്കിയുള്ളവ ഉടൻ തയ്യാറാകും. പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെയും കലക്ടർമാരുടെയും യോഗം ചൊവ്വ പകൽ മൂന്നിന്‌ ഓൺലൈനായി ചേരുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top