05 April Sunday

പ്രളയപുനര്‍നിര്‍മാണം എവിടെവരെയെത്തി- ഓരോ പ്രവര്‍ത്തനങ്ങളുടെയും കണക്കുനിരത്തി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020

തിരുവനന്തപുരം >  പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ആസ്തികളുടെ പുനരുദ്ധാരണം മാത്രമല്ല പാരിസ്ഥിതിക സൗഹാര്‍ദ്ദ മാനദണ്ഡങ്ങളും ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാവുന്ന ഏതൊരു പ്രളയത്തേയും നേരിടാനുള്ള, ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നതും നൂതനവുമായ സമഗ്രമായ പുനര്‍നിര്‍മ്മാണ പദ്ധതിയായാണ് റി ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് രൂപം നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോളതല വിദഗ്ദ്ധരുടെ കൂടി സഹായത്തോടെ വിശദമായ പ്രവര്‍ത്തന പദ്ധതിയായി റീബിള്‍ഡ് കേരള രൂപീകരിക്കാനും കഴിഞ്ഞു. പുനരുദ്ധാരണ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്താന്‍ മൂന്നു വര്‍ഷത്തിലേറെ വേണ്ടി വരുമെന്ന്് ഈ വിലയിരുത്തലുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്നും പി കെ ബഷീറിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സുശക്തമായ എഞ്ചിനീയറിങ് ഡിസൈനുകള്‍,ആവശ്യാനുസൃതമായ നീര്‍വാര്‍ച്ചാ സൗകര്യം, പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ഹരിത സമീപനങ്ങള്‍ തുടങ്ങിയവയൊക്കെ കൂട്ടിയിണക്കിക്കൊണ്ട് ''കൂടുതല്‍ നന്നായി പുനര്‍നിര്‍മ്മിക്കുക'' എന്ന സമീപനമാണ് ഇതിനുള്ളത്.

മികച്ച ആഗോളതല മാതൃകകളും പ്രാദേശികമായ പരമ്പരാഗത അറിവുകളും ഇതിന് അടിസ്ഥാനമാക്കുന്നതിനും ശ്രദ്ധ നല്‍കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും ഏജന്‍സികളേയും ഒന്നിച്ചു ചേര്‍ക്കുന്ന മള്‍ട്ടി സെക്ടര്‍ പ്രവര്‍ത്തനമായാണ് കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ പല പ്രവര്‍ത്തനങ്ങളും നടപ്പാക്കാനുള്ളത്. ഇതു മന്ത്രിസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

കേരള പുനര്‍നിര്‍മ്മാണ പദ്ധതി (RKI) ക്കായി ലോകബാങ്കില്‍ നിന്നും അനുവദിച്ചിട്ടുള്ള വികസനനയ വായ്പയുടെ ആദ്യ ഗഡുവായ 1750 കോടി രൂപ ഇതിനോടകം ലഭ്യമാക്കാനായിട്ടുണ്ട്. രണ്ടാം ഗഡു ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയുമാണ്. ഉന്നതാധികാര സമിതി (HLEC) യുടെ എട്ടു യോഗങ്ങള്‍ നടന്നു കഴിഞ്ഞു. ഇവയിലായി കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഉപജീവനത്തൊഴിലുകള്‍, റോഡ്, ജലവിതരണം എന്നീ മേഖലകളിലായി സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ ഭരണാനുമതി നേടി നിര്‍വ്വഹണ ഘട്ടത്തിലേക്കു നീങ്ങിയിട്ടുണ്ട്. ഇപ്രകാരം 1850 കോടി രൂപയുടെ പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 827 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. 1000 കോടി രൂപ ഇപ്പോഴത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

കേരള പുനര്‍നിര്‍മ്മാണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ മറ്റു ദേശീയവും രാജ്യാന്തര തലത്തിലുള്ളതുമായ ധനകാര്യ ഏജന്‍സികളുടെ പക്കല്‍നിന്നും ഇത്തരം വായ്പകളും സാമ്പത്തിക സാങ്കേതിക സഹായങ്ങളും ലഭിക്കുന്നതിനായി പരിശ്രമിക്കേണ്ടതുണ്ട് എന്നതുകൊണ്ട്, RKI യുടെ ഭാഗമായി ഒരു വികസന സംഗമം (Development Partners' Conclave) തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഈ കോണ്‍ക്ലേവില്‍ അവതരിപ്പിക്കാനും അതിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ വിവിധ വികസന പങ്കാളികളില്‍ നിന്നും നേടിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിലൂടെ തുടക്കം കുറിക്കാന്‍ കഴിഞ്ഞു.

കൂടുതല്‍ പാരിസ്ഥിതിക സൌഹാര്‍ദ്ദത പുലര്‍ത്തുന്നതും വിഭവ ഉപയോഗത്തില്‍ മിതത്വം പുലര്‍ത്തുന്നതും ഉയര്‍ന്ന കാര്യക്ഷമത ഉള്ളതുമായ സാങ്കേതികവിദ്യകളാണ് RKI പ്രാധാന്യം നല്‍കുന്നത്.
പ്രാദേശിക-കാലാവസ്ഥാ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന മെച്ചപ്പെട്ട നൂതന സാങ്കേതികവിദ്യകള്‍ പാതയുടെ ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പാക്കും. എന്നാല്‍ ചില പ്രവര്‍ത്തനങ്ങള്‍ റോഡിന്റയോ കെട്ടിടത്തിന്റെയോ നിര്‍മ്മാണം പോലെ എളുപ്പത്തില്‍ ആവിഷ്‌ക്കരിക്കുകയോ നടപ്പാക്കുകയോ ചെയ്യാനാകുന്നതല്ല. സമുദ്രതീര അപചയം (sea erosion) തടയുന്നതിനുള്ള നടപടികളും, പ്രളയ ജലത്തെ ജനവാസ കേന്ദ്രങ്ങള്‍ക്കു ഭീഷണിയാകാത്തവിധം പരിപാലിക്കുന്ന Room for the River തുടങ്ങിയവയ്ക്കൊക്കെ വിശദമായ അടിസ്ഥാന പഠനങ്ങളും ആഗോള മാതൃകകളുടെ പരുവപ്പെടുത്തലും ആവശ്യമാണ്.

കൃഷിയും കാര്‍ഷികോത്പന്നങ്ങളുടെ വിപണി ലഭ്യതയും മെച്ചപ്പെടുത്താനാകുന്ന വിധം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ Agro Ecological Zone അനുസരിച്ചാക്കുന്നതും ജലസംരക്ഷണ- വിനിയോഗ പ്രവര്‍ത്തനങ്ങള്‍ നദീതടാടിസ്ഥാനത്തില്‍ പുനര്‍വിന്യസിക്കുന്നതും ഭരണപരമായ പുനഃസംഘാടനങ്ങള്‍ ആവശ്യമായ നടപടികളാണ്. ഇതേറ്റവും നന്നായി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇനിയൊരു പ്രളയമുണ്ടായാല്‍ അതിന്റെ ആഘാതം രൂക്ഷമാകാതെയിരിക്കുന്നതിനായി നീര്‍ച്ചാലുകളുടെ തടസ്സങ്ങളും കയ്യേറ്റങ്ങളുംനീക്കി വെള്ളം ഒഴുകി ഒഴിഞ്ഞു പോകാന്‍ സഹായിക്കുന്ന ''ഇനി ഞാനൊഴുകട്ടെ'' എന്ന പേരില്‍ ഹരിതകേരളം മിഷന്‍ ആരംഭിച്ച കാമ്പെയിനിന്റെ അടുത്ത ഘട്ടം RKI മുന്നോട്ടു കൊണ്ടുപോകുന്നതാണ്.

കേരളം പരമ്പരാഗതമായി പാലിച്ചു പോരുന്ന കാഴ്ചപ്പാടുകളിലും നയസമീപനങ്ങളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നേറിയാല്‍ മാത്രമേ അതിജീവനക്ഷമതയുള്ള കേരള സമൂഹം എന്ന മഹത്തായ ലക്ഷ്യം നേടാനാകൂ. ജനകീയ പങ്കാളിത്തത്തോടെ ഇത്തരം തിരുത്തലുകള്‍ ആവശ്യമായ മേഖലകള്‍ കണ്ടെത്തുക എന്ന ലക്ഷ്യവുമായി, വിദഗ്ധരെ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട്, അവരുടെ അറിവും അനുഭവവും ആശയങ്ങളും കൂടി ഉള്‍ക്കൊള്ളുന്ന 'നാം നമുക്കായി' എന്ന ജനകീയ ക്യാമ്പയിനിനും RKI തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നമ്മുടെ സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ പലതും ഇനിയും ആവര്‍ത്തിക്കപ്പെടാമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ ദുരന്തങ്ങളുടെ കാഠിന്യം കുറയ്ക്കുന്നതും പരിസ്ഥിതിയോടിണങ്ങുന്ന-തുമായ ജീവിത ശൈലികളും ഫലപ്രദമായ ദുരന്തപ്രതികരണ സംവിധാനവും നമുക്കു ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഓരോ നൂറു പേര്‍ക്കും ഒരാളെന്ന നിലയ്ക്ക് 3,40,000 പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നതിന് നടപടികളാരംഭിച്ചു കഴിഞ്ഞു. എല്ലാവരേയും കൂട്ടുചേര്‍ത്തു വിജയകരമായി നടപ്പാക്കിയ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ രീതിയിലാണ് ഇതു നടപ്പാക്കുക.

പ്രളയദുരിതബാധിതര്‍ക്ക് ഒരുവിധ ഭാരവും ക്ലേശവും ഏല്‍പ്പിക്കാതെആവശ്യമായ സാമ്പത്തിക സാമൂഹിക സംരക്ഷണ സഹായങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള IT അധിഷ്ഠിത സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും നടപടികളാരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള സഹായം ജനങ്ങള്‍ക്കു തടസ്സരഹിതമായി വേഗത്തില്‍ ലഭ്യമാക്കുന്നതിനു മികച്ച സംവിധാനം നടപ്പിലാക്കാന്‍ കേരളത്തിനായിട്ടുണ്ട്. അതേ മാതൃകയിലുള്ള നവീകരണം ദുരന്ത സമാശ്വാസ സഹായത്തിന്റെ വിതരണത്തിലും നടപ്പാക്കുന്നതിനാണ് RKI ലക്ഷ്യമാക്കുന്നത്.

മൂന്ന് വര്‍ഷം കൊണ്ടുമാത്രമേ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകൂ എന്ന ധാരണയോടു കൂടി വേണം ഈ പ്രശ്നത്തെ കാണാന്‍. അല്ലാതെ ഒരു വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കാവുന്ന പദ്ധതി എന്ന നിലയിലല്ല ഇത് തയ്യാറാക്കിയിട്ടുള്ളത്.

കേരളത്തിന്റെ ഭാവിയെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതിയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച തുക ശരിയായ രീതിയില്‍ ചിലവഴിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2018 ലെ പ്രളയത്തിനു ശേഷം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4,765.27 തുകയാണ്. അതില്‍ 2,630.68 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 961.264 കോടി രൂപ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി നീക്കിവെച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിനായി സിഎംഡിആര്‍എഫില്‍ നിന്നും തുക നീക്കിവെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മൊത്തം പി.ഡബ്ല്യൂ.ഡി. റോഡുകളില്‍ 98 ശതമാനം ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ബാക്കി രണ്ട് ശതമാനം കെ.ഡബ്യൂ.എ., കെ.എസ്.ഇ.ബി, ഗ്യാസ് പൈപ്പ്ലൈന്‍ തുടങ്ങിയവയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ പൂര്‍ണ്ണമായി ഗതാഗത യോഗ്യമാക്കിയിട്ടില്ല. ആര്‍.കെ.ഐ.യില്‍ 31 റോഡുകള്‍ ഡി.പി.ആര്‍. ആക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ലോക ബാങ്ക് വായ്പയില്‍ നിന്നുള്ള ചിലവ്
റി ബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവിന്റെ ഭാഗമായി ലോക ബാങ്ക് വായ്പയില്‍ നിന്നും വിവിധ വകുപ്പുകള്‍ക്കായി താഴെപ്പറയുന്ന തുകയാണ് നീക്കിവെച്ചിട്ടുള്ളത്.

1) പൊതുമരാമത്ത് വകുപ്പിന് 31 റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 300 കോടി രൂപ.
2) തദ്ദേശസ്വയംഭരണ വകുപ്പിനു കീഴില്‍ 603.74 കിലോമീറ്റര്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 488 കോടി രൂപ.
3) ഗതാഗതവകുപ്പിന് 30 കോടി രൂപ.
4) വനംവകുപ്പിന് 130.40 കോടി രൂപ.
5) മത്സ്യബന്ധനവകുപ്പിന് 3.2 കോടി രൂപ.
6) മൃഗസംരക്ഷണ വകുപ്പിന് 23.01 കോടി രൂപ.
7) ഖരമാലിന്യ സംസ്‌കരണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക് 6 പദ്ധതികള്‍ക്കായി 53.5 കോടി രൂപ.
8) ജലവിഭവ വകുപ്പിന് 350 കോടി രൂപയുടെ 8 പദ്ധതികള്‍.
9) ജൈവവൈവിധ്യ ബോര്‍ഡിന് 3 പദ്ധതികള്‍ക്കായി 5 കോടി രൂപ.
10) കുടുംബശ്രീക്ക് 9 പദ്ധതികള്‍ക്കായി 250 കോടി രൂപ.
11) പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വില്ലേജ് ഓഫീസുകളുടെ പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റ പണിക്കും 35 കോടി രൂപ.
12) കൃഷിവകുപ്പിന് 12 പദ്ധതികള്‍ക്കായി 182.76 കോടി രൂപ
13) മത്സ്യബന്ധനവകുപ്പിന് കേരള അക്വാ വെങ്ച്വര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (KAVIL) 2.62 കോടി രൂപ.
14) വിവരസാങ്കേതിക വകുപ്പിന്റെ മാപ്പത്തോണ്‍ പദ്ധതിക്ക് 4.24 കോടി രൂപ.

2019 ല്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവരുടെ അന്തിമമായ പട്ടിക ജില്ലകളില്‍ തയ്യാറാക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. പല ജില്ലകളിലും ഇത് പൂര്‍ണ്ണമായി കഴിഞ്ഞു. ചിലയിടങ്ങളില്‍ അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനകം അന്തിമ പട്ടിക തയ്യാറാവും.

ഇതുമായി ബന്ധപ്പെട്ട ആപ്പ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണ്. അതിലൂടെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത സംവിധാനമുണ്ടാക്കി. അതിലൂടെ ക്യാമ്പുകളില്‍ താമസിച്ച ഒന്നര ലക്ഷം പേര്‍ക്കും ബന്ധുവീടുകളില്‍ താമസിച്ച ഒന്നര ലക്ഷം പേര്‍ക്കും അടിയന്തിരമായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നല്‍കി.

ഭാഗികമായി തകര്‍ന്ന വീടുകളുടെ കണക്കുകളും ആപ്പ് മുഖേന തന്നെയാണ് എടുത്തത്. അതിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ നഷ്ടപരിഹാരം നല്‍കുകയായിരുന്നു. 42,612 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top