19 February Tuesday

ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2016

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ദുല്‍ക്കര്‍ സല്‍മാന്‍, പാര്‍വതി എന്നിവര്‍ പുരസ്കാരം വാങ്ങിയശേഷം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഏ കെ ബാലന്‍ തുടങ്ങിയവര്‍ സമീപം

പാലക്കാട് > കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പാലക്കാട്ട് പ്രൌഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.
പാലക്കാട്ടെ തനത് കലകളുടെ അവതരണത്തോടെയാണ്  ചടങ്ങ് ആരംഭിച്ചത്.  ജനാര്‍ദനന്‍ പുതുശേരിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകളും മണ്ണൂര്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പൊറാട്ട് നാടകവും കേളി കണ്യാര്‍കളി സംഘത്തിന്റെ കണ്യാര്‍കളിയും അരങ്ങേറി.  പുരസ്കാരദാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.  സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ജില്ലയിലെ എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമിയുടെ വാര്‍ത്താപത്രിക എം ബി രാജേഷ് എംപി പി കെ ബിജുവിന് നല്‍കി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സ്വാഗതം പറഞ്ഞു.

ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ കെ ജി ജോര്‍ജിന് മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള ചലച്ചിത്ര മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മധു, ഷീല, ശാരദ, ശ്രീകുമാരന്‍തമ്പി, എം കെ അര്‍ജുനന്‍ എന്നിവരെ  ആദരിച്ചു. ഇവരെ പൊന്നാടയണിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.   തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി നല്‍കി.

ഗോള്‍ഡന്റീല്‍ പുരസ്കാരം നേടിയ റസൂല്‍പൂക്കുട്ടിയേയും ചടങ്ങില്‍ ആദരിച്ചു. തമിഴ് ചലച്ചിത്ര നടന്‍ നാസര്‍, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ജയറാം, മുകേഷ് എംഎല്‍എ, കെപിഎസി ലളിത തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കെ ജി ജോര്‍ജിന്റെ പ്രസംഗം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്‍ ജയറാം വായിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്് ആമുഖ പ്രസംഗം നടത്തി. ഫിലിം അവാര്‍ഡ് ബുക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കി പ്രകാശനം ചെയ്തു. ജൂറി റിപ്പോര്‍ട്ട് മഹേഷ് പഞ്ചു അവതരിപ്പിച്ചു.

പിന്നീട് രമേശ് നാരായണ്‍ ചിട്ടപ്പെടുത്തി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത 'സര്‍ഗസംഗീതം' എന്ന നൃത്തശില്‍പ്പവും അവതരിപ്പിച്ചു. തുടര്‍ന്ന് ഗാനമേളയും നൃത്തങ്ങളും കാരിക്കേച്ചര്‍ഷോയും അരങ്ങേറി.
പുരസ്കാരം ഏറ്റുവാങ്ങിയവര്‍: മികച്ച കഥാചിത്രത്തിനുള്ള പുരസ്കാരം ഒഴിവുദിവസത്തെ കളി– നിര്‍മാതാവ് ഷാജിമാത്യു, അരുണമാത്യു, സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം അമീബ –നിര്‍മാതാവ് പി കെ പ്രിയേഷ്കുമാര്‍, സംവിധായകന്‍ മനോജ് കാന.  മികച്ച സംവിധായകന്‍ – മാര്‍ട്ടിന്‍ പ്രക്കാട്ട്  (ചാര്‍ളി).  മികച്ച നടന്‍– ദുല്‍ഖര്‍ സല്‍മാന്‍ (ചാര്‍ളി). മികച്ച നടി– പാര്‍വതി (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍). മികച്ച സ്വഭാവ നടന്‍– പ്രേം പ്രകാശ് (നിര്‍ണായകം). സ്വഭാവ നടി –പി വി അഞ്ജലി (ബെന്‍). മികച്ച ബാലതാരം  ആണ്‍– ഗൌരവ് ജി മോനോന്‍ (ബെന്‍). മികച്ച ബാലതാരം പെണ്‍– ജാനകി മേനോന്‍ (മാല്‍ഗുഡി ഡേയ്സ്). കഥ– ഹരികുമാര്‍ (കാറ്റും മഴയും) ഛായാഗ്രഹണം –ജോമോന്‍ ടി ജോണ്‍ (ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, നീന),  തിരക്കഥ – ആര്‍ ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി), മികച്ച തിരക്കഥ (അഡാപ്റ്റേഷന്‍) മുഹമ്മദ്റാസി (വെളുത്ത രാത്രികള്‍) ഗാനരചന– റഫീഖ് അഹമ്മദ് (എന്ന് നിന്റെ മൊയ്തീന്‍) സംഗീത സംവിധായകന്‍ – രമേശ് നാരായണന്‍ (ഇടവപ്പാതി, എന്ന്നിന്റെ മൊയ്തീന്‍). പശ്ചാത്തല സംഗീതം– ബിജിബാല്‍ (പത്തേമാരി, നീന). പിന്നണിഗായകന്‍– പി ജയചന്ദ്രന്‍ (ജിലേബി, എന്ന് നിന്റെ മൊയ്തീന്‍, എന്നും എപ്പോഴും) ഗായിക– മധുശ്രീ നാരായണന്‍ (ഇടവപ്പാതി).
ചിത്രസംയോജനം– മനോജ് (ഇവിടെ)  മികച്ച കലാസംവിധാനം–ജയലക്ഷ്മി ലക്ഷ്മീ നാരായണന്‍ (ചാര്‍ളി).

ശബ്ദലേഖനം–സന്ദീപ് കുറിശേരി, ജിജിമോന്‍ ജോസഫ് (ഒഴിവുദിവസത്തെ കളി) ശബ്ദമിശ്രണം–  എം ആര്‍ രാജകൃഷ്ണന്‍(ചാര്‍ളി) മികച്ച ശബ്ദ ഡിസൈന്‍–രംഗനാഥ് രവി(എന്ന് നിന്റെ മൊയ്തീന്‍). പ്രാസസിങ് ലാബ്–പ്രസാദ് ലാബ്  മുംബൈ /ജെ ഡി ആന്‍ഡ് കിരണ്‍ (ചാര്‍ളി), ചമയം– രാജേഷ് നെന്മാറ (നിര്‍ണായകം) വസ്ത്രാലങ്കാരം–നിസാര്‍(ജോ ആന്‍ഡ് ദ ബോയ്)   ഡബ്ബിങ് ആണ്‍– ശരത്ദാസ് (ഇടവപ്പാതി), ഡബ്ബിങ് പെണ്‍–എയ്ഞ്ചല്‍ ഷിജോയ്(ഹരം) നൃത്ത സംവിധാനം– ശ്രീജിത് (ജോ ആന്‍ഡ് ദി ബോയ്).
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം– എന്ന് നിന്റെ മൊയ്തീന്‍  സംവിധാനം– ആര്‍ എസ് വിമല്‍,നിര്‍മാണം–ബിനോയ്ശങ്കരത്തില്‍, രാഗിതോമസ്, സുരേഷ്രാജ് നവാഗതസംവിധായക–  ശ്രീബാല കെ മേനോന്‍ (ലൌ 24– 7).

മികച്ച കുട്ടികളുടെ ചിത്രം– മലേറ്റം  (സംവിധായകന്‍ ജോസഫ് ദേവസ്യ, നിര്‍മാണം അമ്പിളിതോമസ്). അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ്– ജയസൂര്യ (ലുക്കാ ചുപ്പീ, സു...സു...സുധീ വാത്മീകം), പ്രത്യേകജൂറി പരാമര്‍ശം–ജോയ് മാത്യു(മോഹവലയം), ജോസഫ് ജോര്‍ജ്(ഒരു സെക്കന്‍ഡ് ക്ളാസ് യാത്ര, ലുക്കാ ചുപ്പി), ആലാപനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം–ശ്രേയ ജയദീപ് (അമര്‍ അക്ബര്‍ ആന്റണി). മികച്ച സിനിമാ ഗ്രന്ഥം– കെ ബി വേണു(കെ ജി ജോര്‍ജിന്റെ ചലച്ചിത്ര യാത്രകള്‍) മികച്ച സിനിമ ലേഖനം– അജു കെ നാരായണന്‍ (സില്‍വര്‍ സ്ക്രീനിലെ എതിര്‍നോട്ടങ്ങള്‍).

മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍ മധുവിനെ ആദരിക്കുന്നു. താരങ്ങളായ ശാരദ, പൂര്‍ണിമ, ഷീല, ജയറാം,   മുകേഷ് എംഎല്‍എ, ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി തുടങ്ങിയവര്‍ സമീപം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്‍ മധുവിനെ ആദരിക്കുന്നു. താരങ്ങളായ ശാരദ, പൂര്‍ണിമ, ഷീല, ജയറാം, മുകേഷ് എംഎല്‍എ, ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി തുടങ്ങിയവര്‍ സമീപം.

പ്രധാന വാർത്തകൾ
 Top