21 February Thursday

സംസ്ഥാനത്തെ എൻജിനിയറിങ് അലോട്ട‌്മെന്റുകളുടെ എണ്ണം മൂന്നായി വർധിപ്പിക്കാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

തിരുവനന്തപുരം> സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ 2019ലെ പ്രവേശനത്തിന‌് പ്രധാന അലോട്ട‌്മെന്റുകളുടെ എണ്ണം മൂന്നായി വർധിപ്പിക്കാൻ  കീം പ്രോസ‌്പെക്ടസ‌് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതുവരെ രണ്ട‌് മുഖ്യ അലോട്ട‌്മെന്റുകളേ ഉണ്ടായിരുന്നുള്ളൂ.  ഇതിനുശേഷം സ്വാശ്രയകോളേജിൽ പ്രവേശനം നേടിയവർക്ക‌് മറ്റ‌് സർക്കാർ, എയ‌്ഡഡ‌് കോളേജുകളിലേക്ക‌് മാറാനാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇത‌ിനു പരിഹാരമായാണ‌് പ്രധാന അലോട്ട‌്മെന്റിന്റെ എണ്ണം ഒന്നുകൂടി വർധിപ്പിക്കുന്നത‌്. ശേഷം ഒരു സ‌്പോട്ട‌് അലോട്ട‌്മെന്റുകൂടി നടത്തും. ഇതിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്കുകൂടി പങ്കെടുക്കാനാകുംവിധം പ്രവേശന നിയമാവലിയിൽ മാറ്റം വരുത്തും.

പ്രവേശനപരീക്ഷയുടെ റാങ്ക‌് ലിസ‌്റ്റ‌് അടിസ്ഥാനത്തിൽത്തന്നെയാണ‌് പ്രവേശനം.  പരീക്ഷയിൽ നെഗറ്റീവ‌് മാർക്ക‌് തുടരും. ചോദ്യ പേപ്പർ മലയാളത്തിൽക്കൂടി  നൽകാൻ ഉന്നതതലയോഗം  ശുപാർശ ചെയ‌്തിരുന്നെങ്കിലും ചോദ്യങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം പൂർണമായി വിജയിച്ചിട്ടില്ല. ഈ മാസംതന്നെ പ്രോസ‌്പെക്ടസിന‌് അംഗീകാരം നേടി പ്രവേശനനടപടികളിലേക്ക‌് കടക്കേണ്ടതിനാൽ മലയാളത്തിലുള്ള ചോദ്യം അടുത്തവർഷംമുതലാക്കാൻ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല.

നിലവിൽ 55000 എൻജിനിയറിങ്‌ സീറ്റുകൾ ഉള്ള സംസ്ഥാന റാങ്ക‌് ലിസ്റ്റിൽ അത്രയുംപേരില്ലാത്ത സ്ഥിതിയുമുണ്ട‌്. മാത‌്സിന‌് 50 ശതമാനം മാർക്ക‌് ലഭിക്കുന്നവർക്കാണ‌് പരീക്ഷയ‌്ക്ക‌് അപേക്ഷിക്കാനാകുക. എന്നാൽ, പ്ലസ‌് ടു പാസാകുന്ന എല്ലാവർക്കും പരീക്ഷയ‌്ക്ക‌് അവസരം നൽകണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. 50 ശതമാനം മാനേജുമെന്റ‌് സീറ്റിൽ യോഗ്യതാപരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം വേണമെന്ന മാനേജുമെന്റുകളുടെ ആവശ്യം കരാർസമയത്ത‌് ചർച്ചചെയ്യേണ്ട വിഷയമായി മാറ്റിവച്ചു. നിലവിൽ മുൻ വർഷത്തെപോലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം റാങ്ക‌് ലിസ്‌റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ.  ഉഷ ടൈറ്റസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻട്രൻസ‌് കമീഷണർ എ ഗീതയ‌്ക്ക‌് പുറമെ എയർഫോഴ‌്സ‌് പ്രതിനിധികളും പങ്കെടുത്തു. മലയാളികളായ സൈനികരുടെ മക്കൾ ജനിക്കുന്നത‌് പലപ്പോഴും കേരളത്തിന‌് പുറത്തായിരിക്കും. എൻട്രൻസ‌ിന‌് അപേക്ഷിക്കുമ്പോൾ കുട്ടികൾ കേരളത്തിന‌് പുറത്തുള്ള ജനനസർട്ടിഫിക്കറ്റിന്റെ പേരിൽ അനുഭവിക്കേണ്ടിവരുന്ന നൂലാമാലകൾ പരിഹരിക്കാനാണ‌് ഇവരെത്തിയത‌്. പ്രോസ‌്പെക്ട‌്സ‌ിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താനും യോഗം തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top