08 August Saturday

വെല്ലുവിളി നേരിട്ട്‌ നേടിയ മികച്ച വിജയം; ഇനിയും പഠിച്ചു മുന്നേറുവാൻ ആകട്ടെ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

തിരുവനന്തപുരം> അസാധാരണമായ ഒരു സാഹചര്യത്തിൽ നടന്ന എസ്‌എസ്‌എൽസി  പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കപ്പെട്ടതെന്നും എല്ലാ വിജയികൾക്കും ആശംസകൾ നേരുന്നതായും സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പുതിയൊരു ലോകം പടുത്തുയർത്താൻ കുട്ടികൾ പഠിച്ച് മുന്നേറട്ടെയെന്നും കോടിയേരി ആശംസിച്ചു. 

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം വന്നല്ലൊ. വിജയശതമാനം മുമ്പത്തേക്കാൾ ഉയർന്നിട്ടുണ്ട്. എല്ലാ വിജയികൾക്കും ആശംസകൾ. പല കാരണങ്ങൾക്കൊണ്ടും പരീക്ഷയിൽ വിജയിക്കാതെ പോയവര്‍ക്ക് സേ പരീക്ഷ വൈകാതെ നടക്കും. അപ്പോൾ അവർക്കും മികച്ച വിജയം നേടാം.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാകും മുമ്പായിരുന്നു കോവിഡിനെ നേരിടാനായി ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ കുറച്ചു പരീക്ഷകൾ ബാക്കിയായി. പരീക്ഷകൾ പൂർത്തിയാകാത്തതുമൂലം വിദ്യാർഥികൾ മാനസിക സംഘർഷത്തിലായിരുന്നു. എല്ലാ സുരക്ഷയും ഒരുക്കി പരീക്ഷ എങ്ങനെ നടത്താമെന്ന് ചിന്തിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഭാവി തലമുറയ്ക്ക് വേണ്ടി മുന്നോട്ടു പോയി. ആ വെല്ലുവിളി ഏറ്റെടുത്തു. കുട്ടികളുടെ ആരോഗ്യരക്ഷ ഉറപ്പാക്കി പരീക്ഷ നടത്താൻ തീരുമാനിച്ചു.

വിദ്യാർഥികളും രക്ഷിതാക്കളും ആശ്വാസത്തോടെ പരീക്ഷയെ വരവേറ്റപ്പോൾ മറ്റൊരു കൂട്ടർ പരിഭ്രാന്തി പരത്താൻ മുന്നോട്ടുവന്നു. പ്രതിപക്ഷ നേതൃത്വത്തിൽ രക്ഷിതാക്കളിലും വിദ്യാർഥികളിലും പരമാവധി ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കാനുള്ള ശ്രമത്തെ ഈ നാട് തിരിച്ചറിഞ്ഞു. അങ്ങനെ അസാധാരണമായ ഒരു സാഹചര്യത്തിൽ നടന്ന പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കപ്പെട്ടത്‌.

വിജയിച്ച വിദ്യാർഥികൾക്ക് ഇനി ഉപരിപഠനത്തിന്‌ സൗകര്യം ഒരുക്കണം. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് ടു, പോളിടെക്നിക് സീറ്റുകൾ ഇപ്പോൾത്തന്നെ ലഭ്യമാണെന്നാണ് മനസിലാക്കുന്നത്. ഇനിയും സീറ്റ് കൂട്ടേണ്ടതുണ്ടെങ്കിൽ തീർച്ചയായും സർക്കാർ അത് പരിഗണിക്കും.

തുടർപഠനത്തിനായി ഓൺലൈൻ പ്രവേശനവും തുടർന്ന് ഓൺലൈൻ വഴിയുള്ള പഠനവുമൊക്കെ വീഴ്ചകളില്ലാതെ യാഥാർത്ഥ്യമാക്കാനുള്ള മുന്നൊരുക്കങ്ങൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് അഭിനന്ദനാർഹമായ കാര്യമാണ്.പുതിയൊരു ലോകം പടുത്തുയർത്താൻ കുട്ടികൾ പഠിച്ച് മുന്നേറട്ടെയെന്നും ആശംസിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top